കേരളത്തിലെ പ്രമുഖ നവോത്ഥാന നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു കേരള ഗാന്ധി എന്നറിയപ്പെട്ട കെ കേളപ്പൻ.
1889 ആഗസ്റ്റ് 24 ന് കോഴിക്കോട് കൊയിലാണ്ടിയിൽ മുചുകുന്ന് എന്ന ഗ്രാമത്തിൽ ജനിച്ച കേളപ്പജി സ്വാതന്ത്ര്യ സമര സേനാനി, സാമൂഹിക പരിഷ്കർത്താവ് , വിദ്യാഭ്യാസ വിചക്ഷണൻ, പത്രപ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച മഹത് വ്യക്തിത്വമാണ്.
ഗാന്ധിയൻ ആദർശങ്ങൾ കേരളത്തിൽ ജനകീയമാക്കിയ അദ്ദേഹം ആദരണീയമായ പെരുമാറ്റം കൊണ്ടും, സാമൂഹ്യ സന്നദ്ധത കൊണ്ടും കേരള ഗാന്ധി എന്ന് വിളിക്കപ്പെട്ടു.
മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നിയമ ലംഘന പ്രക്ഷോഭത്തിന്റെ ഭാഗമായി പയ്യന്നൂർ കോഴിക്കോട് എന്നിവിടങ്ങളിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ കേളപ്പജി, മഹാത്മാഗാന്ധി ആരംഭിച്ച വ്യക്തി സത്യാഗ്രഹ സമരത്തിൽ കേരളത്തിലെ ആദ്യത്തെ സത്യാഗ്രഹി ആയി തെരഞ്ഞെടുക്കപ്പെട്ടു . കേരളത്തിലെ നവോത്ഥാന പ്രവർത്തനത്തിലെ നാഴിക കല്ലുകളായ വൈക്കം, ഗുരുവായൂർ സത്യാഗ്രഹങ്ങളിലെ നേതൃത്വം ആണ് കേളപ്പജി കേരളത്തിൽ ഏറെ പ്രശസ്തനാക്കിയത് . 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് അദ്ദേഹം ജയിൽവാസം അനുഭവിച്ചു. സമൂഹത്തിലെ അധഃസ്ഥിത ജന വിഭാഗങ്ങളുടെ ഉന്നമനത്തിന് അദ്ദേഹം പരിശ്രമിച്ചു. തൊട്ടുകൂടായ്മ തുടച്ചുനീക്കാൻ അദ്ദേഹം കഠിനമായി പരിശ്രമിക്കുകയും സർവ്വസാധാരണ കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്തു. സ്വദേശി പ്രസ്ഥാനത്തിൻറെ മുൻ നിരയിലായിരുന്ന അദ്ദേഹം ഖാദിയും ഗ്രാമ വ്യവസായങ്ങളും വികസിപ്പിക്കുന്നതിന് അക്ഷീണം പ്രവർത്തിച്ചു.
സ്വാതന്ത്ര്യാനന്തരം മലയാളം സംസാരിക്കുന്ന ജനങ്ങൾ ഉള്ള മൂന്ന് നാട്ടുരാജ്യങ്ങളെ ഏകീകരിച്ചു കേരള സംസ്ഥാന രൂപീകരണത്തിന് അദ്ദേഹം വലിയ പങ്കുവഹിച്ചു .1952 ൽ പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തന്റെ ജീവിതത്തിന്റെ അവസാന കാലത്ത് സജീവ രാഷ്ട്രീയം വിട്ട് സർവോദയ പ്രവർത്തകനായിരുന്നു. കേരളത്തിലെ ഭൂദാന പ്രസ്ഥാനങ്ങളിൽ സജീവമായി ഇടപെട്ടു .ഒരിക്കലും അധികാരമോ സ്ഥാനമാനങ്ങളോ ആഗ്രഹിക്കാതെ ഗാന്ധിജിയുടെ ആദർശങ്ങൾ ഉയർത്തിപ്പിടിച്ച പരിപൂർണ്ണ സേവകനായി ജീവിച്ച നിസ്വാർത്ഥനായ ഒരു മനുഷ്യനായി അദ്ദേഹം ഓർമ്മിക്കപ്പെടുന്നു. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെയും സ്ഥാപകനാണ് കേളപ്പജി.
മലബാർ മാപ്പിള കലാപത്തിനെതിരെ നിലപാടുകൾ എടുത്തതും,
മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചുപാകിസ്താൻ സൃഷ്ടിക്കുകയാണെന്ന് വിമർശനം ഉയർത്തി അതിനെതിരെയുള്ള പ്രക്ഷോഭത്തിൽ മുൻപന്തിയിൽ നിന്നതും, 1968 ൽ അങ്ങാടിപ്പുറം തളിക്ഷേത്രം പുനരുദ്ധരിക്കാൻ മുന്നിട്ടിറങ്ങിയതുമെല്ലാം അദ്ദേഹത്തിന്റെ പ്രവർത്തന വഴികളിലെ നാഴിക കല്ലുകളായി നിൽക്കുന്നു.
ഇ. എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാരിന്റെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് ക്ഷേത്രപുനർനിർമ്മാണത്തിനായി കേളപ്പജി സത്യാഗ്രഹം അനുഷ്ഠിക്കുകയും വിജയിക്കുകയും ചെയ്തു.
തളി ക്ഷേത്രത്തിന്റെ പുനർനിർമ്മാണ പ്രക്രിയ അവസാനിക്കും മുൻപായി
1971 ഒക്ടോബർ ഏഴിന് അദ്ദേഹം ഇഹലോക ജീവിതം വെടിഞ്ഞു.
ശക്തമായ കാൽവയ്പ്പുകളോടെ കടന്നുപോയ മഹാനായ ആ നവോത്ഥാന നായകന്റെ ഓർമകൾക്ക് മുന്നിൽ പ്രണമിക്കാം..
Discussion about this post