1925 വിജയദശമി ദിനത്തില്‍ സ്ഥാപിതമായ രാഷ്‌ട്രീയ സ്വയംസേവക സംഘം 100 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. വലിയ പ്രചരണങ്ങളൊന്നും നല്‍കാതെ ചെറിയസംഘം തരുണന്മാരെ കേന്ദ്രീകരിച്ച് നാഗ്പൂരില്‍ ആരംഭിച്ച ഈ സംഘടനക്ക് ഇന്ന് കന്യാകുമാരി മുതല്‍ കാശ്മീരം വരെ മുഴുവന്‍ ഭാരതത്തിലും സാന്നിധ്യമുണ്ട്. ഭാരതത്തിലെ 924 ജില്ലകളില്‍ ഏതാണ്ട് 98.3 ശതമാനത്തിലും സംഘപ്രവര്‍ത്തനം എത്തിയിട്ടുണ്ട്. 51,740 സ്ഥലങ്ങളിലായി 83,129 ദൈനംദിന ശാഖകളും 28,460 സ്ഥലങ്ങളിലായി 32147 പ്രതിവാര ഒത്തുകൂടലുകളും (സാപ്തഹിക് മിലന്‍) പ്രവര്‍ത്തിച്ചുവരുന്നു. ഇപ്പോള്‍ ദൈനംദിന ശാഖകളില്‍ 59 ശതമാനവും വിദ്യാര്‍ത്ഥി ശാഖകളാണ്.
ദേശഭക്തി, അനുശാസനം, വിപതിധൈര്യം, സേവനതത്പരത, വ്യക്തിപരവും ദേശീയവുമായ ചാരിത്ര്യം എന്നിങ്ങനെയുള്ള ശ്രേഷ്ഠഗുണങ്ങള്‍ വ്യക്തികളില്‍ വളര്‍ത്തിയെടുക്കുന്ന സാധനാ സ്ഥലങ്ങളായിട്ടാണ് ദൈനംദിന ശാഖയെ കണക്കാക്കിയിട്ടുളളത്. ശാഖ എന്ന കാര്യപദ്ധതിയിലൂടെ ആ ഉദ്ദിഷ്ഠ കാര്യം സാധ്യമാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്. ലളിതവും ഫലപ്രദവും സാര്‍വജനീകവുമായ ഈ കാര്യപദ്ധതിക്കു പുറമേ മറ്റു രണ്ടു കാര്യങ്ങള്‍ കൂടി സംഘത്തിന്റെ നാളിതുവരെയുള്ള വിജയയാത്രയെ സഹായിച്ചിട്ടുണ്ട്. സംഘം സ്വീകരിച്ചിട്ടുള്ള ആശയങ്ങളുടെ അടിത്തറ ഭാരതത്തിന്റെ പാരമ്പര്യത്തോടും മൂല്യങ്ങളോടും ഇണങ്ങി നില്‍ക്കുന്നു എന്നതാണ് അതിലെ ഒരു കാര്യം. മറ്റൊന്ന് ഏതുതരത്തിലുള്ള ശ്രേഷ്ഠഗുണങ്ങളെയാണൊ ശാഖയിലൂടെ വ്യക്തികളില്‍ നിര്‍മിക്കപ്പെടണമെന്ന് സംഘം ആഗ്രഹിച്ചത് ആ ഗുണങ്ങളുടെയെല്ലാം ഇരിപ്പിടമായിരുന്നു സംഘസ്ഥാപകനായ ഡോ. കേശവബലിറാം ഹെഡ്‌ഗെവാറിന്റെ ജീവിതം. ആ ജീവിതമാതൃകയില്‍ നിന്നു ലഭിച്ച പ്രേരണ കാരണം ആദ്യ തലമുറയില്‍പ്പെട്ട സ്വയംസേവകര്‍ക്ക് അവരുടെ ജീവിതത്തെ ആദര്‍ശ പൂര്‍ണമാക്കാന്‍ എളുപ്പം സാധിച്ചു. അവരാണ് പില്‍ക്കാലത്ത് സംഘസന്ദേശം നാഗപൂരിന് പുറത്ത് ഭാരതത്തിന്റെ ഇതരഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചത്.
ജന്‍മനാ ദേശഭക്തനായിരുന്ന ഡോ. ഹെഡ്‌ഗെവാര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളില്‍ ഭാഗമാകാന്‍ അവസരം ലഭിച്ച വ്യക്തിയാണ്. ആദ്യം വിപ്ലവപ്രസ്ഥാനങ്ങളിലും പിന്നീട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലും മറ്റ് നിരവധി സംഘടനകളിലും പ്രവര്‍ത്തിച്ച് നല്ല അനുഭവസമ്പത്ത് നേടിയിരുന്നു. വൈദ്യശാസ്ത്ര ബിരുദം നേടിയിട്ടും തൊഴില്‍പരമായ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചില്ല. മറിച്ച്, ജീവിതം സമ്പൂര്‍ണമായി രാഷ്‌ട്രകാര്യത്തിനായി സമര്‍പ്പിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ചെറുപ്പം മുതല്‍ ഡോ. ഹെഡ്‌ഗെവാറിന്റെ മനസിനെ മഥിച്ചിരുന്ന ചോദ്യമായിരുന്നു എങ്ങനെയാണ് ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറത്തു നിന്നെത്തിയ ഒരു പിടി ഇംഗ്ലീഷുകാര്‍ക്ക് ഭരതത്തെ കീഴടക്കാന്‍ സാധിച്ചത്?. വിശാലവും സമ്പല്‍സമൃദ്ധിയുമുള്ള രാജ്യം, ശ്രേഷ്ഠമായ സാംസ്‌കാരിക പശ്ചാത്തലം, ത്യാഗികളും വീരന്മാരുമായ പൂര്‍വികരുടെ പരമ്പര, ഇതെല്ലാം സ്വന്തമായിരുന്ന നാട് ആയിരം വര്‍ഷത്തോളം പ്രതിരോധത്തിലകപ്പെട്ടതെന്തുകൊണ്ട്? ഈ ചിന്ത അദ്ദേഹത്തെ കൊണ്ടെത്തിച്ച നിഗമനം ആത്മവിസ്മൃതി എന്നതാണ്. സ്വന്തം നാടിന്റെ അസ്മിതയെക്കുറിച്ചും അസ്തിത്വത്തെക്കുറിച്ചും മഹത്തായ പാരമ്പര്യത്തെക്കുറിച്ചും ഒക്കെ വിസ്മരിക്കുകയും കൊച്ചു കൊച്ചു സ്വാര്‍ത്ഥതകള്‍ക്കുവേണ്ടി നമ്മള്‍ പരസ്പരം മത്സരിക്കുകയും കലഹിക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെയാണ് നാടിന്റെ അധപതനം ആരംഭിച്ചത്. ഈ സ്ഥിതിയെ ആക്രമണകാരികള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി. ഈ അവസ്ഥയെ മറികടന്ന് സ്വാതന്ത്ര്യത്തിലേക്കും വൈഭവത്തിലേക്കും നാടിനെ നയിക്കാന്‍ സമാജത്തെ സംഘടിപ്പിച്ചു ശക്തിപ്പെടുത്തുകയാണ് മാര്‍ഗം എന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമുണ്ടായില്ല. മറ്റൊരു വിഷയവും അദ്ദേഹത്തെ ഏറെ ചിന്തിപ്പിച്ചു. പൊതുരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പല നേതാക്കള്‍ക്കും ഭാരത ദേശീയതയെക്കുറിച്ച് സ്പഷ്ടമായ ഒരു നിലപാടില്ല എന്നദ്ദേഹം തിരിച്ചറിഞ്ഞു. ബ്രട്ടീഷ് ഭരണത്തോട് വിരോധം വച്ചുപുലര്‍ത്തുന്നവരെല്ലാം ദേശസ്‌നേഹികള്‍ എന്ന പ്രതിക്രിയാത്മക ചിന്താഗതി അന്നു പ്രബലമായിരുന്നു. ഇത് അദ്ദേഹത്തെ ഏറെ ആശങ്കാകുലനാക്കി. ഭാരതത്തിലെ ചിരപുരാതനമായ ദേശീയ ജീവിതത്തിന്റെ അടിത്തറയെന്ത്, ഉള്ളടക്കമെന്ത്, എന്ന ചിന്തയിലേക്ക് അദ്ദേഹം മാറി. ഹിന്ദുത്വം, സനാതനധര്‍മം എന്നൊക്കെ അറിയപ്പെടുന്ന ഭാരതത്തിന്റെ തനതായ ജീവിതരീതി അഥവാ സംസ്‌കൃതി തന്നെയാണ് ഈ ദേശീയ ജീവിതത്തിന്റെ ആധാരം എന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമുണ്ടായില്ല.ആയിടക്ക് വിനായക ദാമോദര സവര്‍ക്കറുടെ ഹിന്ദുത്വ എന്ന പുസ്തകം പുറത്തുവന്നിരുന്നു. അതും അദ്ദേഹത്തിന്റെ നിഗമനത്തെ ബലപ്പെടുത്തിയിട്ടുണ്ടാവും. അതോടെ മാതൃഭൂമിയുടേയും ഹിന്ദുത്വത്തിന്റെയും ആധാരത്തില്‍ സമാജത്തെ സംഘടിപ്പിക്കുവാന്‍ സാധിക്കും എന്ന കാര്യത്തില്‍ അദ്ദേഹത്തിന് നല്ല ബോധ്യം കൈവന്നു.
1920 ല്‍ നാഗപൂരില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ചരിത്ര പ്രസിദ്ധമായ അഖിലേന്ത്യ സമ്മേളനത്തില്‍ വൊളന്റിയര്‍ വിഭാഗത്തിന്റെ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന പ്രധാനികളില്‍ ഒരാള്‍ ഡോ. ഹെഡ്‌ഗെവാര്‍ ആയിരുന്നു. 1921 ലെ നിസ്സഹകരണ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ഒരു വര്‍ഷത്തെ കഠിനതടവുശിക്ഷയും അദ്ദേഹം അനുഭവിച്ചിരുന്നു. ജയിലില്‍ നിന്ന് അദ്ദേഹം പുറത്തു വന്നപ്പോള്‍ ഖിലാഫത്ത്- നിസ്സഹകരണ പ്രക്ഷോഭം തന്നെ നിര്‍ത്തിവച്ചു കഴിഞ്ഞിരുന്നു. 1921ല്‍ മലബാറില്‍ നടന്ന മാപ്പിളലഹള അടിച്ചമര്‍ത്തപ്പെട്ടതിലും ഖിലാഫത്തു പ്രക്ഷോഭം പരാജയപ്പെട്ടതിലും രേഷാകുലരായ ഒരു വിഭാഗം മതഭ്രാന്തന്മാര്‍ ഭാരതത്തിന്റെ പലഭാഗങ്ങളിലും ലഹളകള്‍ ഇളക്കിവിടാന്‍ തുടങ്ങിയിരുന്നു. ഈ സാമൂഹിക രാഷ്‌ട്രീയ അന്തരീക്ഷവും ഡോ. ഹെഡ്‌ഗെവാറിനെ വേറിട്ടൊരു പ്രവര്‍ത്തനം കൂടി ആവശ്യമുണ്ടന്ന നിശ്ചയത്തില്‍ എത്തിച്ചിരിക്കാം.
19-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ആരംഭം കുറിച്ചതും രാജാ റാംമോഹന്‍ റോയ്, ദയാനന്ദ സരസ്വതി, ബങ്കിംചന്ദ്ര ചാറ്റര്‍ജി, സ്വാമി ശ്രീരാമകൃഷ്ണ- വിവേകാനന്ദന്‍മാര്‍, മഹര്‍ഷി അരവിന്ദന്‍ തുടങ്ങിയവരും മറ്റ് നിരവധി മഹാപുരുഷന്‍മാരും മുന്നോട്ടു നയിച്ച ദേശീയ നവോത്ഥാനത്തിന്റെ പാതയിലൂടെ തന്നെയാണ് രാഷ്‌ട്രീയ സ്വയംസേവക സംഘം അതിന്റെ തനതായരീതിയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ചിക്കാഗൊ പ്രസംഗവും അല്‍പം ദീര്‍ഘിച്ച വിദേശവാസവും പൂര്‍ത്തിയാക്കിയശേഷം ഭാരതത്തില്‍ മടങ്ങിയെത്തിയ സ്വാമി വിവേകാനന്ദന്‍ നടത്തിയ ആഹ്വാനങ്ങളില്‍ ഊന്നി പറഞ്ഞിരുന്ന ചിലകാര്യങ്ങള്‍ ഉണ്ട്. സംഘടിത ജീവിതത്തിന്റെ പ്രാധാന്യമായിരുന്നു അവയിലൊന്ന്. വ്യക്തി നിര്‍മാണത്തിന് അഥവാ സ്വഭാവരൂപീകരണത്തിന് ഉതകുന്ന വിദ്യാഭ്യാസം എന്നതായിരുന്നു മറ്റൊരു വിഷയം. ഇനി വരാന്‍ പോകുന്ന കുറെ ദശകങ്ങളില്‍ ഭാരതമാതാവിനെ ആരാധ്യദേവതയായി കണക്കാക്കണം എന്നതായിരുന്നു മറ്റൊരു ആശയം. സ്വാമിജിയുടെ ഈ മൂന്ന് ആശയങ്ങളും അക്ഷരാര്‍ത്ഥത്തില്‍ പ്രയോഗത്തില്‍ വരുത്തിയത് രാഷ്‌ട്രീയ സ്വയംസേവക സംഘമാണ്. ഭാവി ഭാരതത്തെ ഉയര്‍ത്താന്‍ പോകുന്നത് വിശേഷ അവകാശങ്ങള്‍ അനുഭവിക്കുന്ന ഉപരിവര്‍ഗമല്ല മറിച്ച് പാടത്തും പണിശാലകളിലും വിയര്‍പ്പൊഴുക്കുന്ന സാധാരണക്കാരായിരിക്കും എന്ന കാര്യവും സ്വാമിജി ഓര്‍മിപ്പിച്ചിട്ടുണ്ട്. സാധാരണക്കാരെ ഉത്തമ പൗരന്മാരായി രൂപപ്പെടുത്തി രാഷ്‌ട്ര കാര്യങ്ങളില്‍ ഭാഗമാക്കുന്നതില്‍ സംഘം വഹിച്ചിട്ടുള്ളപങ്ക് നിസ്തുലമാണ്.
വിദ്യാഭ്യാസ, കാര്‍ഷിക, സേവന, രാഷ്‌ട്രീയ, തൊഴിലാളി രംഗങ്ങള്‍ ഉള്‍പ്പെടെ സമാജ ജീവിതത്തിന്റെ വിത്യസ്ത മണ്ഡലങ്ങളില്‍ സമാജപരിവര്‍ത്തനം ലക്ഷ്യമാക്കി സ്വയംസേവകര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതി ദുരന്തം പോ
ലെയുള്ള അത്യാഹിതങ്ങള്‍ സംഭവിച്ച വേളകളിലെല്ലാം ദുരിത ബാധിതര്‍ക്ക് ആശ്വാസം പകരാനും അവരുടെ അത്മവീര്യം നിലനിര്‍ത്താനും വേണ്ട പരിശ്രമങ്ങള്‍ സ്വയംസേവകര്‍ നടത്തിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, സംസ്‌കാരം, സ്വാവലംബനം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളില്‍ രാജ്യവ്യാപകമായി 1,29,000 സേവാകര്യങ്ങള്‍ക്ക് സ്വയംസേവകര്‍ നേതൃത്വം നല്‍കുന്നുണ്ട്. സര്‍ക്കാരിനെ അശ്രയിക്കാതെ ഗ്രാമവികാസം, ഗോസംരക്ഷണം, ജൈവകൃഷി തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് സ്വയംസേവകര്‍ നേതൃത്വം നല്‍കുന്നുണ്ട്. ഈ രാജ്യത്ത് ഇന്ന് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനു കാരണം അടിയന്തരാവസ്ഥക്കാലത്ത് സ്വയംസേവകര്‍ ചോരയും നീരും നല്‍കി നടത്തിയ പോരാട്ടമാണ്. ഇങ്ങനെ നിരവധി കാര്യങ്ങള്‍ സംഘത്തെ സംബന്ധിച്ച് പൊതു മണ്ഡലത്തിന് ബോധ്യമുള്ളതുകൊണ്ടാണ് സംഘത്തിന്റെ സ്വീകാര്യത വര്‍ദ്ധിച്ചിട്ടുള്ളത്.
ഇന്നിപ്പോള്‍ നൂറു വര്‍ഷം പിന്നിടുന്ന വേളയില്‍ സംഘം ചില വിശേഷ പരിപാടികള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. ഇത്തവണ വിജയദശമി പരിപാടികള്‍ സംഘടിപ്പിക്കുന്നത് കൂടുതല്‍ താഴെത്തട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ഗണവേഷം ധരിച്ച് കൂടുതല്‍ സ്വയംസേവകര്‍ക്ക് പരിപാടികളില്‍ ഭാഗമാക്കാനുള്ള അവസരം ലഭിക്കാന്‍ വേണ്ടിയാണ് ആ മാറ്റം. തുടര്‍ന്ന് വിപുലമായ ഗൃഹ സമ്പര്‍ക്ക പരിപാടി, വിത്യസ്ത സമുദായങ്ങളേയും മത ആദ്ധ്യാത്മിക സമ്പ്രദായങ്ങളേയും പ്രതിനിധീകരിക്കുന്ന സദ്ഭാവന നേതൃയോഗങ്ങള്‍, പഞ്ചായത്തു തലങ്ങളില്‍ നടക്കുന്ന ഹിന്ദു ഏകതാ സമ്മേളനങ്ങള്‍, വൈചാരിക സദസുകള്‍, യുവാക്കള്‍ക്കു വേണ്ടിയുള്ള പ്രത്യേക കാര്യക്രമങ്ങള്‍ എന്നിവയാണ് ഇതിനകം പ്രഖ്യാപിച്ചിട്ടുള്ള പരിപാടികള്‍.
സമഗ്ര സമാജപരിവര്‍ത്തനം ലക്ഷ്യമാക്കി ശതാബ്ദിക്കാലത്തും തുടര്‍ന്നും സജ്ജനങ്ങളുടെ പിന്തുണയോടെ ഏറ്റെടുത്തു നടത്തേണ്ട 5 വിഷയങ്ങളും സ്വയംസേവകരുടെ മുന്നിലുണ്ട്: സാമാജിക സമരസത, പരിസ്ഥിതി സംരക്ഷണം, കുടുംബ പ്രബോധനം, സ്വദേശി ജീവിതശൈലി, പൗരധര്‍മം.
ഭാരതത്തിന് മുന്നേറാനുള്ള സാധ്യതകള്‍ ഇന്ന് ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഈ നാടിനെ പിന്നോട്ട് വലിക്കാന്‍ ആഗ്രഹിക്കുന്ന ശക്തികളും ഏറെ സജീവമാണ്. തടസങ്ങളെ മറികടന്ന് മുന്നോട്ടു പോകാനുള്ള അന്തരീക്ഷം സൃഷ്ടിക്കേണ്ടത് സര്‍ക്കാരുകളുടെ മാത്രം കര്‍ത്തവ്യമല്ല. ഏതെങ്കിലും ഒന്നോ രണ്ടൊ സംഘടനകള്‍ക്ക് മാത്രമായി അത് ചെയ്യാനാവില്ല. ദേശവ്യാപകമായ സഹകരണവും കൂട്ടായപ്രവര്‍ത്തനവും ആവശ്യമാണ്. കാലാനുസൃതമായ പരിവര്‍ത്തനങ്ങള്‍ ഉള്‍ക്കൊണ്ട് വികാസത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് സംഘം പ്രവേശിക്കുകയാണ്. ഇതിന്റെ സൂചനകളാണ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്ജി കുറെ നാളുകളായി നല്‍കികൊണ്ടിരിക്കുന്നത്. ഭാരതം ആദ്ധ്യാത്മികതയുടെ നാടാണ്. ധര്‍മ പ്രവണമാണ് അതിന്റെ മനശാസ്ത്രം. സംഘകാര്യം ഈശ്വരീയകാര്യമെന്നത് സംഘസ്ഥാപകന്റെ ഉറച്ച ബോധ്യമായിരുന്നു. സ്വയംസേവകര്‍ നിത്യവും ശാഖയില്‍ ചൊല്ലുന്ന പ്രാര്‍ത്ഥനയില്‍ ഈശ്വരനെ അഭിസംബോധന ചെയ്തുകൊണ്ട് ഞങ്ങള്‍ അങ്ങയുടെ കാര്യത്തിനായി കടീബദ്ധരാണെന്നും ആശീര്‍വാദം നല്‍കണമെന്നും പ്രാര്‍ത്ഥിക്കുന്നു. എന്താണ് ഈശ്വരീയ കാര്യം? അത് ധര്‍മ സംരക്ഷണമാണ്. അതിന്റെ ലക്ഷ്യം വിശ്വമംഗളവും. ധാര്‍മികമായ ലോകക്രമം ഉരുത്തിരിഞ്ഞു വരാന്‍ ഭാരതം ലോകത്തിനു മാര്‍ഗദര്‍ശനം നല്‍കണം എന്നതില്‍ കുറഞ്ഞതൊന്നുമല്ല നമ്മുടെ ലക്ഷ്യം. അത് ഭാരതത്തിന്റെ നിയോഗമാണ്. ആത്മനിര്‍ഭര ഭാരതം, വികസിത ഭാരതം തുടങ്ങിയ സങ്കല്‍പങ്ങളെല്ലാം ആ വഴിക്കുള്ള നാഴികകല്ലുകള്‍ മാത്രം. ഭാരതത്തെ ഉയര്‍ത്തുകയെന്ന നിയതിയുടെ നിയോഗത്തിന്‍ ഭാഗഭാക്കാകാന്‍ നമുക്കെല്ലാം ഒത്തു ചേര്‍ന്ന് പരിശ്രമിക്കാം. അതാണ് ജന്മശതാബ്ദിയില്‍ സംഘത്തിന്റെ പ്രാര്‍ത്ഥന.
Discussion about this post