കോട്ടയം : പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക മേരി റോയ് (89) അന്തരിച്ചു. എഴുത്തുകാരിയും ബുക്കര്‍ ജേതാവും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശം ചോദ്യം ചെയ്ത് സുപ്രീംകോടതി വരെ ഒറ്റയ്ക്ക് നിയമപോരാട്ടം നടത്തി സ്ത്രീക്കനുകൂലമായ വിധി നേടിയെടുത്തത് മേരി റോയി ആണ്.
1984- കേരളത്തില്‍ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് പിന്‍തുടര്‍ച്ചാവകാശമില്ലാത്തതിനെ ചോദ്യം ചെയ്ത് ഒറ്റയ്ക്കാണ് മേരി റോയ് നിയമയുദ്ധം ആരംഭിച്ചത്. 1986- വില്‍പത്രം എഴുതി വെക്കാതെ മരിക്കുന്ന പിതാവിന്‍റെ സ്വത്തില്‍ ആണ്‍ മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്നായിരുന്നു സുപ്രീംകോടതിയുടെ ചരിത്ര വിധി. 2002ല്‍ മേരി റോയിയുടെ 70ാം വയസിലാണ് പൈതൃക സ്വത്തിന്‍റെ ആറിലൊന്ന് അവകാശം അംഗീകരിച്ചു കൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചത്. എന്നാല്‍ ഈ സ്വത്ത് മക്കള്‍ വേണ്ടെന്ന് പറഞ്ഞതോടെ തിരികെ സഹോദരന് തന്നെ മേരി നല്‍കുകയായിരുന്നു.
1933ല്‍ കോട്ടയത്തെ അയ്മനത്തായിരുന്നു ജനനം. മുത്തച്ഛന്‍ ജോണ്‍ കുര്യന്‍ കോട്ടയത്തെ ആദ്യത്തെ സ്‌കൂളുകളില്‍ ഒന്നായ അയ്മനം സ്‌കൂളിന്‍റെ സ്ഥാപകനാണ്. പിന്നീട് അത് റവ: റാവു ബഹാദൂര്‍ ജോണ്‍ കുര്യന്‍ സ്‌കൂള്‍ എന്ന പേര് സ്വീകരിച്ചു. അദ്ദേഹത്തിന്‍റെ മകളുടെ നാല് മക്കളില്‍ ഏറ്റവും ഇളയതായിരുന്നു മേരി. 1937- മേരിക്ക് 4 വയസ്സുള്ളപ്പോള്‍ കൃഷി വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥനായി നിയമിതനായ അച്ഛനുമൊത്ത് കുടുംബം ദല്‍ഹിയിലെത്തി. ജീസസ് മേരി കോണ്‍വെന്‍റെ സ്‌കൂളിലായിരുന്നു മേരി അക്കാലത്ത് പഠിച്ചത്. ജോലിയില്‍ നിന്ന് വിരമിച്ച അച്ഛന്‍ ഊട്ടിയില്‍ വീടുവാങ്ങി. തുടര്‍ന്ന് മേരി ഊട്ടിയിലെ നസ്രേത്ത് കോണ്‍വെന്റ് സ്‌കൂളില്‍ ചേര്‍ന്നു.
ഊട്ടിയില്‍ താമസം തുടങ്ങി അധികം നാള്‍ കഴിയുന്നതിനു മുന്‍പ് തന്നെ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബിരുദ പഠനത്തിനായി മദ്രാസിലെ ക്യൂന്‍സ് മേരി കോളേജില്‍ ചേര്‍ന്നു. ബിഎ കഴിഞ്ഞ് വീട്ടിലെത്തി ഒരു വര്‍ഷം അമ്മയോടൊപ്പം കഴിഞ്ഞു. പിന്നീട് ജ്യേഷ്ഠന്‍ ഓക്‌സ്‌ഫോഡില്‍ നിന്നും പഠനം കഴിഞ്ഞെത്തിയതോടെ അദ്ദേഹത്തിനൊപ്പം മേരിയും കൊല്‍ക്കത്തയിലേക്ക് പോയി. അവിടെവെച്ച് ടൈപ്പ് റൈറ്റിങ്ങും ഷോര്‍ട്ട്ഹാന്‍ഡും പഠിച്ച് മെറ്റല്‍ ബോക്‌സ് എന്ന കമ്പനിയില്‍ സെക്രട്ടറിയായി ജോലി ലഭിച്ചു.
കൊല്‍ക്കത്തയില്‍ വെച്ച് ചണമില്ലില്‍ ഉദ്യാഗസ്ഥനും ധനികനും ആയ ബംഗാളി ബ്രാഹ്‌മണന്‍ രാജീബ് റോയിയെ കണ്ടുമുട്ടി വിവാഹിതയായി. മദ്യത്തിന് അടിമയായ രാജീബ് റോയിക്ക് ഒരു ജോലിയിലും സ്ഥിരമായി നില്‍ക്കാന്‍ കഴിഞ്ഞില്ല. 30ആം വയസ്സില്‍ 5 വയസ്സുകാരന്‍ മകന്‍ ലളിതിനെയും 3 വയസ്സുകാരി മകള്‍ അരുന്ധതിയെയും കൂട്ടി മേരി ഊട്ടിയിലെ അച്ഛന്റെ വീട്ടിലെത്തി, 350 രൂപ ശമ്പളത്തില്‍ ഒരു ജോലിയും ശരിയാക്കി. എന്നാല്‍ ജ്യേഷ്ഠന്‍ ജോര്‍ജ്ജ് ഗുണ്ടകളെയും കൂട്ടി വന്ന് മേരിയെയും കുട്ടികളെയും വീട്ടില്‍ നിന്ന് പുറത്താക്കി. എന്നാല്‍ കേരളത്തിന് പുറത്തായതിനാല്‍ ഊട്ടിയിലെ വീടിന് മേല്‍ തുല്യാവകാശമുണ്ടായിരുന്നതു കൊണ്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കൊടുവില്‍ ഊട്ടിയിലെ വീട് 1966ല്‍ മേരി റോയിക്ക് ഇഷ്ടദാനമായി നല്‍കി. അതു വിറ്റു കിട്ടിയ പണത്തില്‍ ഒരു ലക്ഷം രൂപ കൊണ്ടാണ് മേരി റോയി, 5 ഏക്കര്‍ സ്ഥലം വാങ്ങി സ്‌കൂള്‍ തുടങ്ങിയത്. ലാറി ബേക്കറായിരുന്നു സ്‌കൂള്‍ രൂപകല്‍പ്പന ചെയ്തത്. ആദ്യ വിദ്യാര്‍ത്ഥികള്‍ സ്വന്തം മക്കളായ ലളിത് റോയിയും അരുന്ധതി റോയിയും പിന്നെ ലാറി ബേക്കറിന്റെ മകളും അടക്കം 7 കുട്ടികള്‍.
Discussion about this post