ന്യൂഡൽഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച പരാതിക്കാരികൾക്ക് തിരിച്ചടി. ഹിജാബ് ധരിക്കുന്നതിനെ സിഖുകാരുടെ തലപ്പാവ് ധാരണവുമായി താരതമ്യം ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സിഖുകാരുടെ തലപ്പാവ് ധാരണം അവരുടെ മതാചാരത്തിൽ പറയുന്ന അഞ്ച് അനിവാര്യ ആചരണങ്ങളുടെ ഭാഗമാണ്. ഇക്കാര്യം സുപ്രീം കോടതിക്ക് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണെന്ന് ന്യായാധിപർ ചൂണ്ടിക്കാട്ടി. ഇന്ത്യൻ സംസ്കാരവുമായി ഇഴചേർന്നിരിക്കുന്നതാണ് സിഖുകാരുടെ തലപ്പാവ് ധാരണമെന്നും ജസ്റ്റിസ് ഗുപ്ത വ്യക്തമാക്കി.
അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധാരണം നിരോധിച്ച കർണാടക സർക്കാരിന്‍റെ തീരുമാനം മതനിന്ദയാണ് എന്നാണ് ഹർജിക്കാരുടെ വാദം. കേസിന്‍റെ തുടർവാദം കേൾക്കൽ സെപ്റ്റംബർ 12ലേക്ക് മാറ്റി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതചിഹ്നങ്ങൾ പാടില്ലെന്ന കർണാടക സർക്കാരിന്‍റെ ഉത്തരവ് മാർച്ച് 15ന് കർണാടക ഹൈക്കോടതി ശരിവെച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ഒരു വിഭാഗം മുസ്ലീം വിദ്യാർത്ഥിനികൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
Discussion about this post