കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനെയല്ല, ആദ്യം നിരോധിക്കേണ്ടത് ആര്എസ്എസിനെയാണെന്ന വാദമുയര്‍ത്തി പിഎഫ്ഐ നിരോധനത്തെ പ്രതിരോധിക്കാന്‍ സിപിഎം. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ആ വാദമുയര്‍ത്തി ഭീകര സംഘടനയെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ പോപ്പുലര്‍ ഫ്രണ്ടിനെ വെള്ളപൂശാന്‍ രംഗത്തിറങ്ങിയത്. എന്‍ഐഎ റെയ്ഡിന് തൊട്ടുപിന്നാലെ പിഎഫ്ഐക്ക് പിന്തുണയുമായി ആദ്യമെത്തിയത് കേരളത്തിലെ ഏക സിപിഎം ലോക്സഭാ എംപി എ.എം. ആരിഫാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയുമായി കൂട്ടുചേര്‍ന്ന് പല പഞ്ചായത്തുകളിലും ഭരണം നടത്തുന്ന സംഘടനയാണ് കേരളത്തിലെ സിപിഎം.
പോപ്പുര്ഫ്രണ്ടിനെ നിരോധിച്ചാല്‍ അത് മറ്റേതെങ്കിലും പേരില്‍ വീണ്ടും വരുമെന്നും ഇപ്പോഴത്തെ നീക്കം സംഘപരിവാറിന്റെ ആവശ്യ പ്രകാരമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറയുന്നു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ഗോവിന്ദന് പിഎഫ്ഐ നിരോധനം ഫലം ചെയ്യില്ലെന്ന് ചൂണ്ടിക്കാട്ടിയത്.
അതേസമയം കേരളം തീവ്രവാദികളുടെ സുരക്ഷിത താവളമായിരിക്കുന്നുവെന്ന ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദയുടെ ആക്ഷേപത്തിന് മറുപടിയായി സിപിഎം പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിലും ആര്‍എസ്എസിനെതിരെയാണ് ആക്ഷേപം.
Discussion about this post