വിശാഖപട്ടണം: ആര്‍എസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക് ഗുഡിലോവ വിജ്ഞാന്‍ വിഹാര്‍ സ്‌കൂളില്‍ നാളെ രാവിലെ ഒമ്പതിന് ആരംഭിക്കും. 21 വരെയാണ് യോഗം. സംഘത്തിന്റെയും സംഘത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന 33 വിവിധ സംഘടനകളുടെ അഖില ഭാരതീയ ചുമതലയുള്ളവരാണ് മൂന്ന് ദിവസത്തെ ബൈഠക്കില്‍ പങ്കെടുക്കുന്നതെന്ന് ആര്‍എസ്എസ് പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളൈ എന്നിവര്‍ മാര്‍ഗദര്‍ശനം നല്കും.
വിവിധ സംഘടനകളുടെ ദേശീയ ചുമതല വഹിക്കുന്ന 49 വനിതകളുള്‍പ്പെടെ 327 പേരാണ് ബൈഠക്കിലുണ്ടാവുക. സമാജപരിവര്‍ത്തനവും ജനക്ഷേമവും മുന്‍നിര്‍ത്തി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് യോഗത്തിന്റെ പ്രധാന ഉന്നം. സംഘടനകള്‍ക്കിടയിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും സമകാലിക പ്രശ്‌നങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന ആശങ്കകളും അവയുടെ പരിഹാരങ്ങളും, മയക്കുമരുന്ന് വ്യാപനത്തിനെതിരായ നീക്കങ്ങള്‍, യുവാക്കളില്‍ ദേശീയമായ ഉണര്‍വ് സൃഷ്ടിക്കുക എന്നിവയോടൊപ്പം സംഘശതാബ്ദിയില്‍ മുന്നോട്ടുവച്ച പഞ്ചപരിവര്‍ത്തനവും യോഗത്തില്‍ ചര്‍ച്ച ചെയ്യും. രാജ്യത്തിന്റെ വികസനമാതൃക സംബന്ധിച്ച വിവിധ മാനങ്ങള്‍ ചര്‍ച്ച ചെയ്യുകയും പദ്ധതി രൂപപ്പെടുത്തുകയും ചെയ്യുമെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു.
സംഘശതാബ്ദിയില്‍ പൊതുസമൂഹത്തിനിടയില്‍ ആര്‍എസ്എസിനെ അറിയാനും ഒപ്പം ചേരാനുമുള്ള ആഗ്രഹം പ്രബലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2025 ജനുവരി മുതല്‍ ജൂലൈ വരെ ജോയിന്‍ ആര്‍എസ്എസിലൂടെ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തത് 55,423 പേരായിരുന്നു. 2026 ല്‍ ഇതേ കാലയളവില്‍, രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 123,287 ആണ്. 2025 ജൂലൈയില്‍ 9,718 പേരാണ് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2026 ജൂലൈയില്‍ അത് 24,086 പേരാണെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ 65 ശതമാനം പേരും 30 വയസില്‍ താഴെയുള്ളവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പത്രസമ്മേളനത്തില്‍, ദക്ഷിണ, മധ്യക്ഷേത്ര സഹസംഘചാലക് ദൂസി രാമകൃഷ്ണയും പങ്കെടുത്തു.

















Discussion about this post