ദുബായി: കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ദുബായില്‍ നടക്കുന്ന ഇന്ത്യ ഗ്ലോബല്‍ ഫോറത്തില്‍ പങ്കെടുത്തു.
ഇന്ത്യന്‍ ടെക്, ഇന്നൊവേഷന്‍ ടാലന്റ്, ആഗോളവല്‍ക്കരണം എന്ന വിഷയത്തില്‍ നടന്ന മന്ത്രിതല വട്ടമേശ സമ്മേളനത്തിലും അദ്ദേഹം പങ്ക് കൊണ്ടു. സാങ്കേതിക വിദ്യകളുടെയും ഇന്നൊവേഷന്‍റെയും വിശ്വസനീയമായ ഇടനാഴികള്‍ നിര്‍മ്മിക്കുന്നതു സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് അദ്ദേഹം ചര്‍ച്ചകളില്‍ ഉയര്‍ത്തിക്കാട്ടി.
‘രാജ്യങ്ങള്‍ക്കൊപ്പം സാങ്കേതിക വിദ്യകള്‍ക്കും നവീകരണത്തിനുമായി വിശ്വസനീയമായ ഇടനാഴികള്‍ നിര്‍മ്മിക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്; ഇന്ത്യയെ ഒരു നൈപുണ്യ കേന്ദ്രമായും യുവ ഇന്ത്യക്കാര്‍ ലോകത്തിന് മുന്നില്‍ സ്വീകാര്യരായ നൂതനാശയങ്ങളുടെ സൃഷ്ടാക്കളായും അവതരിപ്പിക്കപ്പെടണം’ ഇന്ത്യ, യുഎഇ, യുകെ, ഇസ്രായേല്‍, മറ്റ് പങ്കാളിത്ത രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ എന്നിവരടങ്ങുന്ന സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
കാര്യക്ഷമതയിലും കുറഞ്ഞ ചെലവിലും മികവ് തെളിയിക്കപ്പെട്ട ഇന്ത്യന്‍ ഡിജിറ്റല്‍ പബ്ലിക് പ്ലാറ്റ്‌ഫോമുകളുടെ വിജയഗാഥ ഉയര്‍ത്തിക്കാട്ടി, ‘ വരും കാലത്ത് ഇന്ത്യയില്‍ നിന്ന് ലോകത്തിന് പ്രയോജനം ലഭിക്കുമെന്ന് നമ്മുടെ പ്രധാനമന്ത്രി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്’, എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, എക്സ്റ്റന്‍ഡഡ് റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ഹൈ പവര്‍ കമ്പ്യൂട്ട് തുടങ്ങിയ വളര്‍ന്നുവരുന്ന സാങ്കേതിക വിദ്യകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും സാങ്കേതികവിദ്യയുടെ ഭാവിയെന്ന് സാങ്കേതിക മേഖലയില്‍ വിപുലമായ അനുഭവസമ്പത്തുള്ള മന്ത്രി ആവര്‍ത്തിച്ചു.
ജി 20യുടെ പ്രസിഡന്റ് സ്ഥാനവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംബന്ധിച്ച ജിപിഎഐ ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പിന്‍റെ കൗണ്‍സില്‍ ചെയര്‍മാനുമായ ഇന്ത്യയുടെ പശ്ചാത്തലത്തില്‍ സംസാരിച്ച മന്ത്രി, ഈ രംഗത്ത് വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിന് ഊന്നല്‍ നല്‍കി. വരും ദശകങ്ങള്‍ രാജ്യങ്ങള്‍ തമ്മിലുള്ള പങ്കാളിത്തത്താല്‍ നയിക്കപ്പെടുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യ എന്നാല്‍ ഡിജിറ്റല്‍ പൗരന്മാരുടെ സുരക്ഷയും വിശ്വാസവും ഉറപ്പാക്കി ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന ഒരു വിശ്വസ്ത സാങ്കേതിക പങ്കാളിയാണെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
പുതിയ ഡിജിറ്റല്‍ വ്യക്തി വിവര സംരക്ഷണ ബില്ല് 2022നെ കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി. ഇത് പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുക, ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുക, വ്യക്തികളുടെ അധികാരം പരമാവധി ഉറപ്പാക്കുക തുടങ്ങിയ പരസ്പരവിരുദ്ധമായ ലക്ഷ്യങ്ങള്‍ സന്തുലിതമാക്കുന്നതില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നു. ഇന്ത്യയുടെ ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ടപ്പും ഇന്നൊവേഷന്‍ ആവാസവ്യവസ്ഥയും കണക്കിലെടുത്താണ് ബില്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
ഐജിഎഫ് 2022 സന്ദര്‍ശനത്തിന്റെ ഭാഗമായി സെകോയ (സ്‌കോയ), കോയിന്‍ബൈസ്, വേര്‍സ് തുടങ്ങിയ സംഘടനകളുടെ മുതിര്‍ന്ന നേതൃത്വവുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് യുഎഇ മന്ത്രി ഒമര്‍ സുല്‍ത്താന്‍ അല്‍ ഒലാമയുമായി സംയുകതമായി നടത്തിയ സെഷനിലും അദ്ദേഹം പങ്കെടുത്തു. വിവിധ ഡിജിറ്റല്‍ മേഖലകളില്‍ ഇന്ത്യയും യുഎഇയും തമ്മില്‍ സാങ്കേതിക സഹകരണം വിജയകരമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജീവ് ചന്ദ്രശേഖര്‍ ഈ വര്‍ഷമാദ്യം ദുബായ് സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ഇപ്പോഴത്തെ സംയുക്ത സെഷന്‍ നടക്കുന്നത്.
Discussion about this post