ബ്രിട്ടീഷുകാരന്റെ ധാർഷ്ഠ്യത്തിനെതിരെ തെലുങ്ക് മണ്ണിൽ
ഭാരത സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഉജ്ജ്വലമായ മുന്നേറ്റം നടത്തിയ ധീരനായിരുന്നു ഉയ്യലവാഡ നരസിംഹ റെഡ്ഡി .
1806 ൽ കുന്ദി നദിയുടെ തീരത്തുള്ള കുർണൂൽ ജില്ലയിലെ ഒരു പ്രാദേശിക ജമീന്ദാരി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. തന്റെ നിയന്ത്രണത്തിൽ 66 ഗ്രാമങ്ങളും 2000 പേരടങ്ങുന്ന സൈന്യവും ഉണ്ടായിരുന്ന റെഡ്ഡിക്ക് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ നടത്തിയ അതിക്രമങ്ങളും അവരുടെ കോളനിവൽക്കരണത്തിന് കീഴിൽ തന്റെ ജനങ്ങൾ അനുഭവിച്ച യാതനകളും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
രായലസീമ പ്രദേശം നിസാം ബ്രിട്ടീഷുകാർക്ക് കൈമാറുകയും റെഡ്ഡി ബ്രിട്ടീഷുകാർക്ക് നേരിട്ട് നികുതി അടയ്ക്കാൻ വിസമ്മതിക്കുകയും ചെയ്തു. 1846 ജൂൺ 10-ന് അദ്ദേഹം കൊയിലകുന്ത്ലയിലെ ട്രഷറി റെയ്ഡ് ചെയ്യുകയും ആന്ധ്രാപ്രദേശിലെ കമ്പം ലക്ഷ്യമാക്കി മാർച്ച് ചെയ്യുകയും ചെയ്തു. വഴിയിൽ രുദ്രവാരത്ത് ബ്രിട്ടീഷ് വനപാലകനെ കൊലപ്പെടുത്തി. കലക്ടർ തോമസ് മൺറോ, റെഡ്ഢിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. അദ്ദേഹത്തിന്റെ തലക്ക് ഇനാം പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ
റെഡ്ഡി തന്റെ സൈന്യത്തോടൊപ്പം 1846 ജൂലൈ 23 ന് ഗിദ്ദലുരുവിൽ ക്യാമ്പ് ചെയ്ത ബ്രിട്ടീഷ് സൈന്യത്തിന് നേരെ ശക്തമായ ആക്രമണം നടത്തി അവരെ പരാജയപ്പെടുത്തി. അദ്ദേഹത്തെ പിടികൂടാൻ കഴിയാതെ ബ്രിട്ടീഷുകാർ അദ്ദേഹത്തിന്റെ കുടുംബത്തെ കടപ്പയിൽ തടവിലാക്കി. നരസിംഹ റെഡ്ഡി തന്റെ കുടുംബത്തെ രക്ഷിക്കാൻ നല്ലമലയിലേക്ക് മാറി.എന്നാൽ റെഡ്ഡിയുടെ ഒളിത്താവളത്തെക്കുറിച്ച് ആരോ ബ്രിട്ടീഷ് സൈന്യത്തിന് സൂചന നൽകി. ഇതറിഞ്ഞ നരസിംഹ റെഡ്ഡി കോയിൽകുന്ത്ല പ്രദേശത്തേക്ക് മടങ്ങുകയും ജഗന്നാഥ കോണ്ടയിൽ ഒളിക്കുകയും ചെയ്തു.
എന്നാൽ വളരെക്കാലം ഒളിവിൽ കഴിയാൻ അദ്ദേഹത്തിന് സാധിച്ചില്ല.1846 ഒക്ടോബർ 6 ന് അദ്ദേഹത്തെയും അനുയായികളെയും ബ്രിട്ടീഷ് പട്ടാളം പിടികൂടി. കോയിൽകുന്തലയിലെ ജനങ്ങളുടെ ആത്മവിശ്വാസം തകർക്കാൻ ചോരയിൽ കുളിച്ച റെഡ്ഡിയേയും കൂട്ടരേയും തെരുവിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി. തെരുവീഥികൾ ദേശാഭിമാനികളുടെ ചുടുരക്തം കൊണ്ട് കുതിർന്നു ചുവന്നു. അദ്ദേഹത്തിന്റെ 112 അനുയായികളെ 5 മുതൽ 14 വർഷം വരെ ശിക്ഷിക്കുകയും അവരിൽ ചിലരെ ആൻഡമാനിലേക്ക് നാടു കടത്തുകയും ചെയ്തു. 1847 ഫെബ്രുവരി 22-ന് രണ്ടായിരത്തോളം ആളുകളെ സാക്ഷിയാക്കി ഉയ്യലവാഡ നരസിംഹ റെഡ്ഡിയെ തൂക്കിലേറ്റി.
സ്വാതന്ത്ര്യത്തിന്റെ അമൃത വർഷത്തിൽ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമങ്ങൾ…
Discussion about this post