മഹാകാശം പോലെ….
വാദവിവാദങ്ങള്‍ അരങ്ങുവാഴുന്ന കാലത്തിന്റെ നടുമുറ്റത്ത് തര്‍ക്കങ്ങള്‍ക്ക് അതീതനായി പി. പരമേശ്വരന്‍ നില്‍ക്കുന്നു, ഓര്‍മ്മകളിലല്ല, അസ്തമിക്കാത്ത ആദര്‍ശസൂര്യനായി…. വിഷാദയോഗത്തിലാണ്ട കേരളത്തിന് ജനകീയഗീത പകര്‍ന്ന ആചാര്യന്‍. ‘സംശയാത്മാ വിനശ്യതി’ എന്ന് മലയാളത്തിന് മുന്നറിയിപ്പ് നല്‍കിയ സൈദ്ധാന്തികന്‍… ‘പരസ്പരം ഭാവയന്തഃ ശ്രേയഃപരമവാപ്സ്യഥ എന്ന് മാര്‍ഗദര്‍ശനം നല്‍കിയ സംഘാടകന്‍…..
കേരളം ഭഗവദ്ഗീതയില്‍ ആമഗ്നമായത്,
വീടുകള്‍ രാമായണപുണ്യത്തില്‍ അലിഞ്ഞത്, ആത്മവിശ്വാസത്തിലേക്ക് കേരളത്തിന്റെ യുവാക്കള്‍ നടന്നുകയറിയത് ആ വിരല്‍ത്തുമ്പ് പിടിച്ചാണ്.
‘സഹിഷ്ണുത എന്നാല്‍ ആരെയും അപമാനിക്കാതിരിക്കലാണ്, ഒപ്പം അപമാനം സഹിക്കാതിരിക്കലും’ എന്ന ആ ഓര്‍മ്മപ്പെടുത്തല്‍ കേരളത്തിന് പാഥേയമാണ്. ശ്രീശബരീശന്റെ പൂങ്കാവനത്തില്‍ നിലയ്ക്കല്‍ പള്ളിയറക്കാവില്‍ കുരിശുയര്‍ന്നപ്പോള്‍, ശംഖുംമുഖത്ത് ശ്രീപത്മനാഭന്റെ ആറാട്ടുകടവില്‍ പോപ്പിന് വേദി ഉയര്‍ന്നപ്പോള്‍… അതൊന്നും സഹിക്കുന്നതല്ല സഹിഷ്ണുതയെന്ന കൃത്യമായ പാഠമായിരുന്നു അത്. കേരളത്തെ പൊരുതാന്‍ പഠിപ്പിച്ചത്, ചോദ്യം ചെയ്യാന്‍ പഠിപ്പിച്ചത് പരമേശ്വര്‍ജിയാണ്. സ്വാമി വിവേകാനന്ദനും, ശ്രീനാരായണഗുരുദേവനും മഹര്‍ഷി അരവിന്ദനും ഭഗവദ്ഗീതയും അതിന് അദ്ദേഹത്തിന് കൈപ്പുസ്തകമായി. പ്രാണനായി നെഞ്ചേറ്റിയ സംഘാദര്‍ശം ചങ്കുറപ്പായി.
പരമേശ്വരനുണ്ട് എന്ന ഒറ്റക്കാരണം കൊണ്ട് വിവാദങ്ങള്‍ കേരളത്തില്‍ അപ്രസക്തമായി. സംവാദമണ്ഡലങ്ങളില്‍ ഇടതുതാര്‍ക്കികന്മാര്‍ വിനമ്രരായി. മരണത്തെയും ചോദ്യം ചെയ്ത നചികേതബാലന്റെ ആദര്‍ശമാണ് യുവത്വത്തിന് വേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സംസ്‌കൃതവും ഗീതയും യോഗയുമാണ് വഴിയെന്ന് കാട്ടിത്തന്നു. ഇരുള്‍ നിറഞ്ഞ വഴിയില്‍ ആദര്‍ശത്തിന്റെ ദീപവുമായി പരമേശ്വര്‍ജി മുന്നില്‍ നടന്നു. കഠിനകണ്ടകാകീര്‍ണമാണെങ്കിലും ഇതേ പാത പിന്‍തുടരുമെന്ന് ശപഥമെടുപ്പിച്ചു. പാടിയും പറഞ്ഞും അദ്ദേഹം കേരളത്തിന് വഴികാട്ടിയായി. ഇന്നലത്തെയും ഇന്നത്തെയും നാളത്തെയും കേരളത്തെ വരച്ചിട്ടു.
‘ആയിട്ടില്ലധിക കാലം അസ്മല്‍ പരമദേശികന്‍
പാരില്‍ നിന്ന് മറഞ്ഞിട്ട് ഭഗവാന്‍ പാര്‍ത്ഥസാരഥി….’ കവിഗുരുക്കന്മാരുടെ വരികളിലൂടെ മലയാളിക്ക് ആത്മവിശ്വാസം പകര്‍ന്നു. നിഴലായല്ല, സൂര്യനായി തലമുറകളിലേക്ക് പി. പരമേശ്വരന്‍ ജ്വലിച്ചു…. അമരചിന്തകളുടെ ആഹ്വാനം ഇതാ ഇപ്പോഴും ഇവിടെയുണ്ട്…. അദ്ദേഹം ധര്‍മ്മദീപം തെളിച്ച് കാട്ടിയ ആ പാത ഇവിടെ നീണ്ടുനിവര്‍ന്നുകിടക്കുന്നുണ്ട്… വാക്കായി, പൊരുളായി,,, അണയാത്ത അകക്കാഴ്ചയായി….
ആരാണ് പരമേശ്വര്‍ജി എന്ന ചോദ്യം അര്‍ത്ഥശൂന്യമാണ്. എങ്കിലും ഒരിക്കല്‍ മഹാകവിയാണ് പരമേശ്വരന്‍ എന്ന വിശേഷണം കേട്ട് പലരും നെറ്റിചുളിച്ചു. പഠിക്കുന്ന കാലത്ത് വയലാറിനെ സര്‍ഗസൃഷ്ടിയില്‍ മറികടന്ന പാരമ്പര്യം ഉണ്ടായിരുന്നിട്ടും എണ്ണം പറഞ്ഞ കവിതകള്‍ എഴുതിയിട്ടും പരമേശ്വര്‍ജി കവിയാണെന്ന് പേരുകേട്ടില്ല. ആ കവിതകള്‍ പലതും പതിനായിരങ്ങള്‍ ആവേശത്തോടെ ഉച്ചത്തില്‍ പാടി നടന്നു. ആ കവിതകള്‍ രാഷ്ട്രദേവതയുടെ കാല്‍ക്കല്‍ അര്‍പ്പിക്കാനുള്ള പൂക്കളാണെന്നും പൂജാരിക്ക് അതില്‍ പ്രസക്തിയില്ലെന്നുമായിരുന്നു നിസ്വാര്‍ത്ഥമായ നിലപാട്. എന്നിട്ടും പരമേശ്വര്‍ജിയുടെ കവിതകള്‍ യജ്ഞപ്രസാദമായി പുറത്തിറങ്ങി.
പരമേശ്വര്‍ജി മഹാകവിയാണെന്ന് മഹാകവി അക്കിത്തം തന്നെ സാക്ഷ്യപ്പെടുത്തിയതും ഇതേ കാലമാണ്. ബാലഗോകുലം ഏര്‍പ്പെടുത്തിയ ജന്മാഷ്ടമി പുരസ്‌കാരം പരമേശ്വര്‍ജിക്ക് സമര്‍പ്പിച്ച തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലെ പ്രൗഢോജ്ജ്വലമായ വേദിയിലായിരുന്നു ആ പ്രഖ്യാപനം. വടക്കുംനാഥദര്‍ശനത്തിനെത്തിയ മഹാകവി ആ വേദിയിലേക്ക് കടന്നുവന്നത് യാദൃച്ചികമായിട്ടായിരുന്നു. സാക്ഷാല്‍ പരമേശ്വരനെ കാണാനാണ് താന്‍ വന്നത്. അപ്പോള്‍ പി. പരമേശ്വരനെ അനുമോദിക്കാനും ഒരു നിമിത്തം വന്നിരിക്കുന്നു എന്ന് പറഞ്ഞായിരുന്നു മഹാകവിയുടെ തുടക്കം. അതിനുമുമ്പ് പ്രാന്തസംഘചാലക് അഡ്വ.ടി.വി. അനന്തേട്ടന്റേതടക്കമുള്ള പ്രഭാഷണങ്ങള്‍ കഴിഞ്ഞിരുന്നു. അവര്‍ക്കൊന്നും പറയാനാവാത്താത് പറയേണ്ടത് താനാണെന്ന വിധിനിയോഗമാണ് തന്നെ ഈ വേദിയിലെത്തിച്ചതെന്ന മുഖവുരയോടെ അക്കിത്തം പരമേശ്വര്‍ജിയെ മഹാകവിയെന്ന് വിളിച്ചു. ”സാമൂഹ്യജീവിതത്തില്‍ മാറ്റത്തിന്റെ കൊടിയും പിടിച്ചുനടന്ന മൂന്ന മഹാകവികളാണുള്ളത്. ഒന്ന് സ്വാമി വിവേകാനന്ദനാണ്. രണ്ടാമന്‍ ശ്രീനാരായണഗുരു. മൂന്നാമത്തേത് നാം ഇന്ന് ആദരിക്കുന്ന പരമേശ്വര്‍ജിയും. ഇത് പറയുമ്പോള്‍ നിങ്ങള്‍ നെറ്റി ചുളിച്ചേക്കാം. പക്ഷേ കാലം നാളെ ഇത് ലോകത്തോട് വിളിച്ചുപറയും എന്ന് എനിക്കുറപ്പുണ്ട്.”’
അനുശോചനങ്ങളെ പരമേശ്വര്‍ജി തിരുത്തി. അനുശോചിക്കാനുള്ളതല്ല ജീവിതമെന്നും അനുസ്മരിക്കാനുള്ളതാണെന്നുമായിരുന്നു ആ തിരുത്തല്‍. എന്നാല്‍ തിരുത്താനുള്ള ഒന്നും പരമേശ്വര്‍ജിയില്‍ നിന്ന് ഉതിര്‍ന്നുവീണില്ല. വെട്ടലും തിരുത്തലുമില്ലാത്ത വൃത്തിയുള്ള ഒരു കവിത പോലെ എത്രയോ പുലരികള്‍. ഓരോ കവിതയും നമ്മള്‍ പഠിച്ചു പാടി. ഒപ്പമിരിക്കുന്നവര്‍ക്കുമുന്നില്‍ ഉറക്കെപ്പാടി……..
അകലെയല്ലാ പൊന്നുഷസ്സിന്‍
സുഖദമാം പ്രത്യാഗമം…’
Discussion about this post