ജാർഖണ്ഡ് സംസ്ഥാനത്തിലെ ഗുംല ജില്ലയിലെ മുർഗു ഗ്രാമത്തിൽ 1806 ഫെബ്രുവരി 9 നാണ് തുന്യ ഖാരിയയുടേയും പെറ്റി ഖാരിയയുടേയും മകനായി തെലങ്ക ഖാരിയ ജനിച്ചത്. 1850-1860 കാലഘട്ടത്തിൽ ഛോട്ടാനാഗ്പൂർ മേഖലയിൽ ബ്രിട്ടീഷ് രാജിനെതിരെ കലാപത്തിന് നേതൃത്വം നൽകിയ വനവാസി സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു അദ്ദേഹം. വീർ ബുദ്ധു ഭഗത്, സിദ്ധു കൻഹു , ബിർസ മുണ്ട , തിലക മാഞ്ചി തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകൾക്കൊപ്പം ചേർത്ത് വെക്കാവുന്ന ഒരു പേരാണ് തെലങ്ക ഖാരിയയുടേത്.
1850 അവസാനത്തോടെ ഛോട്ടാനാഗ്പൂർ മേഖലയിൽ ബ്രിട്ടീഷ് ഭരണം സ്ഥാപിക്കപ്പെട്ടു. കാലങ്ങളായി, ഗോത്രവർഗ്ഗക്കാർക്ക് “പർഹ സമ്പ്രദായം” എന്ന പരമ്പരാഗത സ്വയംഭരണ സംവിധാനം ഉണ്ട്, അവർ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ ഇടപെടലുകളിൽ നിന്ന് ഏറെക്കുറെ സ്വതന്ത്രരായിരുന്നു. എന്നാൽ ഈ സ്വയംഭരണ സംവിധാനം ബ്രിട്ടീഷ് രാജ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാൽ അസ്വസ്ഥമാവുകയും നശിപ്പിക്കപ്പെടുകയും ചെയ്തു . അതിനെ തുടർന്ന് വനവാസികൾക്ക് നൂറ്റാണ്ടുകളായി തങ്ങൾ കൃഷി ചെയ്തിരുന്ന സ്വന്തം ഭൂമിക്ക് കരം (മൽഗുജാരി) നൽകേണ്ടിവന്നു.
തെലങ്ക ഖാരിയയുടെ നേതൃത്വത്തിൽ വനവാസികൾ സംഘടിക്കുകയും വെള്ളക്കാരുടെ അനീതികൾക്കും അതിക്രമങ്ങൾക്കുമെതിരെ പോരാട്ടം ആരംഭിക്കുകയും ചെയ്തു. അദ്ദേഹം “അഖാര” സ്ഥാപിക്കുകയും, അവിടെ അദ്ദേഹം തന്റെ അനുയായികൾക്ക് ആയുധ പരിശീലനം നൽകുകയും ചെയ്തു. വാളും അമ്പും ആയിരുന്നു അവരുടെ പ്രധാന ആയുധങ്ങൾ. ഏകദേശം 900 മുതൽ 1500 വരെ പരിശീലനം ലഭിച്ച സൈനികരെ അദ്ദേഹം സൃഷ്ടിച്ചു. ഗറില്ലാ ശൈലിയിലുള്ള പോരാട്ടമാണ് അവർ പിൻതുടർന്നത്. തെലങ്ക ഖാരിയയും അദ്ദേഹത്തിന്റെ അനുയായികളും ബ്രിട്ടീഷുകാരെയും അവരുടെ ഇടനിലക്കാരെയും ബ്രിട്ടീഷ് രാജിന്റെ മറ്റെല്ലാ സ്ഥാപനങ്ങളെയും ആക്രമിച്ചു. ബ്രിട്ടീഷ് ബാങ്കുകളും ട്രഷറികളും അവർ കൊള്ളയടിച്ചു. 1850-1860 കാലഘട്ടത്തിൽ ഛോട്ടാനാഗ്പൂർ മേഖലയിൽ ബ്രിട്ടീഷ് രാജിനെതിരെ തെലങ്ക ഖരിയയുടെ നേതൃത്വത്തിൽ നടന്ന കലാപം അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു. ഒരിക്കൽ, തെലങ്ക ഖാരിയ ഒരു ഗ്രാമത്തിലെ പഞ്ചായത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരം ജമീന്ദറിന്റെ ഒരു ഏജന്റ് ബ്രിട്ടീഷുകാർക്ക് കൈമാറി. താമസിയാതെ, യോഗസ്ഥലം ബ്രിട്ടീഷ് സൈന്യം വളയുകയും തുടർന്ന് അവർ തെലങ്ക ഖരിയയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അദ്ദേഹത്തെ ആദ്യം ലോഹർദാഗ ജയിലിലേക്കും പിന്നീട് കൽക്കട്ട ജയിലിലേക്കും അയച്ചു, അവിടെ അദ്ദേഹത്തിന് 18 വർഷത്തെ തടവുശിക്ഷ ലഭിച്ചു.
കൊൽക്കത്ത ജയിലിൽ തടവുശിക്ഷ പൂർത്തിയാക്കി തെലങ്ക ഖാരിയ മോചിതനായപ്പോൾ, അദ്ദേഹം വീണ്ടും തന്റെ അനുയായികളെ സിസായി അഖാരയിൽ കണ്ടുമുട്ടി. പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാൻ തുടങ്ങി, സംഘടനയെ ശക്തിപ്പെടുത്താൻ അദ്ദേഹം പദ്ധതികൾ തയ്യാറാക്കി. താമസിയാതെ അദ്ദേഹത്തിന്റെ കലാപ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ബ്രിട്ടീഷുകാരുടെ ചെവിയിൽ എത്തുകയും അവർ അദ്ദേഹത്തെ വധിക്കുവാൻ പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.
1880 ഏപ്രിൽ 23-ന്, പരിശീലനം ആരംഭിക്കുന്നതിന് മുമ്പ്, തെലങ്ക ഖാരിയ സിസായി അഖാരയിൽ പ്രാർത്ഥന നടത്തിക്കൊണ്ടിരിക്കുമ്പോൾ നമസ്‌കാരത്തിനായി തലകുനിച്ച ഉടൻ, ബ്രിട്ടീഷ് ഏജന്റുമാരിൽ ഒരാൾ ആ അഖാരയ്ക്ക് സമീപം പതിയിരുന്ന് അദ്ദേഹത്തിന് നേരെ വെടിയുതിർത്തു.
അദ്ദേഹം വീരഗതി പ്രാപിച്ചു. തുടർന്ന്, അദ്ദേഹത്തിന്റെ അനുയായികൾ അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ചുകൊണ്ട് വനത്തിലേക്ക് നീങ്ങി, അതിനാൽ ബ്രിട്ടീഷുകാർക്ക് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്താനായില്ല. കോയൽ നദി കടന്ന് അവർ തെലങ്ക ഖാരിയയുടെ മൃതദേഹം ഗുംല ജില്ലയിലെ സോസോനീംടോളി ഗ്രാമത്തിൽ സംസ്‌കരിച്ചു.
ഇപ്പോൾ ഈ ശ്മശാന സ്ഥലം “തെലങ്കയുടെ വീരഭൂമി ” എന്നാണ് അറിയപ്പെടുന്നത്.
ബ്രിട്ടീഷ് അധിനിവേശ ഭരണത്തിനെതിരെ വനവാസി ജനവിഭാഗത്തെ സംഘടിപ്പിക്കുകയും അവരിൽ ദേശസ്നേഹം ജ്വലിപ്പിക്കുകയും ബ്രിട്ടീഷുകാർക്കെതിരെ ഉജ്‌ജ്വലമായ പോരാട്ടം നടത്തി സ്വയം വീരഗതി പ്രാപിക്കുകയും ചെയ്ത വീരനായകനാണ് തെലങ്ക ഖാരിയ.
സ്വാതന്ത്ര്യത്തിന്റെ അമൃത വർഷത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് പ്രണാമങ്ങൾ
Discussion about this post