കോല്‍ഹാപൂര്‍(മഹാരാഷ്ട്ര): പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി ജീവിതശൈലി മാറ്റാന്‍ സമാജം തയാറാകണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഉപഭോക്തൃസംസ്‌കാരം പിന്‍തുടരുന്നതുമൂലം മനുഷ്യന്‍ സ്വയം ഉപഭോഗവസ്തുവായി മാറുകയാണ്. സ്വന്തം ആവശ്യത്തിനായി പ്രപഞ്ചത്തെത്തന്നെ നശിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കനേരി സിദ്ധഗിരി മഠത്തില്‍ സംഘടിപ്പിച്ച സുമംഗള്‍ ലോകോത്സവത്തിന്റെ സമാപനപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മാവിന് മോക്ഷം ലഭിക്കുന്നതിനായി ചിലര്‍ മതപരമായ ആചാരങ്ങളില്‍ പങ്കെടുക്കാറുണ്ട്. അതേസമയം ലോകക്ഷേമത്തിനായി എല്ലാം ത്യജിച്ച് ജീവിതം നയിക്കുന്ന ഋഷിമാരും സംന്യാസിമാരും നമ്മുടെ നാട്ടിലുണ്ട്. അവരാണ് ലോകത്തെ നയിക്കുന്നത്. പഞ്ചമഹാഭൂത സുമംഗള്‍ ലോകോത്സവം അതേ ആശയത്തെ മുന്‍നിര്‍ത്തിയാണ് നടക്കുന്നത്. മനുഷ്യശരീരം ഭൂമി, വായു, ജലം, അഗ്‌നി, ആകാശം എന്നിങ്ങനെ പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമാണ്. നമ്മുടെ ജീവിത ശൈലി മൂലം ഈ പഞ്ചഭൂതങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പരിസ്ഥിതിയെ തകര്‍ത്ത പാശ്ചാത്യജീവിതരീതിയാണ് ഇതിന് കാരണം. ഭാരതീയമായ ജീവിതമാണ് ഏക പരിഹാരമാര്‍ഗം. പശു, കൃഷി, ആരോഗ്യം തുടങ്ങി സമൃദ്ധിയുടെയും സംതൃപ്തിയുടെയും ജീവിതത്തിന് വേണ്ട അടിസ്ഥാനങ്ങളെ കരുത്തുറ്റതാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രമന്ത്രി നാരായണ്‍ റാണെ, മഠാധിപതി കസിദ്ധേശ്വര്‍ സ്വാമികള്‍, കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ ബസവരാജ് ഹൊറാട്ടി, ഗോവ നിയമസഭാ സ്പീക്കര്‍ രമേഷ് തവദ്കര്‍, കര്‍ണാടക മന്ത്രി ശശികല ജോലെ, എംപി അണ്ണാസാഹേബ് ജോലെ തുടങ്ങിയവരും പങ്കെടുത്തു.
Discussion about this post