ഗുവാഹതി: ദല്‍ഹിയിലേക്ക് വന്നാല്‍ ആപ്പ് സര്‍ക്കാര്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ കാട്ടിത്തരാമെന്ന അരവിന്ദ് കേജ്രിവാളിന്‍റെ ക്ഷണത്തിന് ആസാം മുഖ്യമന്ത്രിയുടെ മറുപടി. മാധ്യമപ്രവര്‍ത്തകരടക്കം ‘അന്‍പത് പേരെ ദല്‍ഹിക്ക് അയയ്ക്കാം, ഒരു കണ്ടീഷനുണ്ട്. അവര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങള്‍ കാണിച്ചു കൊടുക്കണം, അല്ലാതെ നിങ്ങളാഗ്രഹിക്കുന്ന ഇടങ്ങളല്ല.’
കഴിഞ്ഞ ദിവസമാണ് ഗുവാഹതിയില്‍ നടന്ന ആപ്പ് റാലിക്കിടെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഹിമന്ത ബിശ്വശര്‍മ്മയെ തന്‍റെ വസതിയിലേക്ക് ക്ഷണിച്ചത്. ചായ കുടിക്കാം, അദ്ദേഹത്തിന് സമയം ലഭിച്ചാല്‍ ആഹാരവും. അതിനിടയില്‍ ദല്‍ഹി ചുറ്റിക്കാണിക്കാം. ദല്‍ഹിയില്‍ ആപ്പ് സര്‍ക്കാര്‍ നടത്തുന്ന നല്ല കാര്യങ്ങള്‍ അദ്ദേഹത്തിന് അപ്പോള്‍ മനസ്സിലാകും, കേജ്‌രിവാള്‍ പറഞ്ഞു.
കേജ്രിവാളിന്‍റെ ക്ഷണത്തെ സ്വാഗതം ചെയ്ത ഹിമന്ത ബിശ്വ ശര്‍മ്മ ആപ്പ് സര്‍ക്കാരിന്‍റെ നല്ല പ്രവര്‍ത്തനങ്ങളുടെ ഖ്യാതി ആസാമിലുമെത്തിയിട്ടുണ്ടെന്ന് പരിഹസിച്ചു. ദല്‍ഹിയില്‍ 60 ശതമാനം പേരും നരകജീവിതമാണ് നയിക്കുന്നത്. ആസാമില്‍ 95 ശതമാനവും സ്വര്‍ഗതുല്യവും. ദല്‍ഹി നിയമസഭയ്ക്കകത്തുനിന്ന് കേജ് രിവാള്‍ എനിക്കെതിരെ ആക്രോശിക്കുകയാണ്. പുറത്തിറങ്ങിയാല്‍ ഇത്തരം ബാലിശമായ കാര്യങ്ങളാണ് പറയുന്നത്. സ്വന്തം പാര്‍ട്ടിക്കാര്‍ക്കു മുന്നില്‍ ഹീറോ വേഷം കെട്ടുന്ന ആപ്പ് നേതാവ് ജനങ്ങള്‍ക്ക് മുന്നില്‍ ഒരു ഭീരുവാണ്. കെട്ടിച്ചമച്ച അഴിമതി ആരോപണങ്ങളുമായി പൊതുജനങ്ങള്‍ക്കിടയിലിറങ്ങിയാല്‍ പിന്നെ വിരുന്ന് കോടതിയിലാകും എന്നേ പറയാനുള്ളൂ, ആസാം മുഖ്യമന്ത്രി പറഞ്ഞു.
ഒന്നര ലക്ഷം തൊഴിലവസരങ്ങളാണ് ദല്‍ഹി സര്‍ക്കാരിന് കീഴിലുള്ളത്. എത്രപേര്‍ക്ക് നിയമനം നല്‍കി എന്ന കണക്ക് പുറത്തുവിടട്ടെ, ആസാമിലേത് ഞാനും പരസ്യപ്പെടുത്താം, ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
Discussion about this post