നാഗ്പൂര്‍: വീരസവര്‍ക്കറിന്‍റെ സന്ദേശം സമാജത്തില്‍ പ്രചരിപ്പിക്കാന്‍ അവസരമൊരുക്കിയതിന് കോണ്‍ഗ്രസ് നേതാവ് രാഹുലിന് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇത്തരം പ്രകോപനങ്ങള്‍ അദ്ദേഹം തുടര്‍ന്നും ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് ഗഡ്കരി പറഞ്ഞു. നാഗ്പൂരില്‍ സവര്‍ക്കര്‍ ഗൗരവ് യാത്രയെ അഭിവാദ്യം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. സ്വാതന്ത്ര്യവീര സവര്‍ക്കറുടെ ജീവിതവും ത്യാഗവും സമരവീര്യവും ഇന്ന് രാജ്യത്തെ ഓരോ വീടുകളിലും ചര്‍ച്ചയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തമസ്‌കരിക്കപ്പെട്ട വീരനായകരുടെ കഥകള്‍ അമൃതോത്സവനാളുകളില്‍ പുതിയ ഭാരതം പാടി. അമൃതകാലത്തിലേക്കുള്ള മുന്നേറ്റത്തില്‍ യുക്തിചിന്തകനും പരമദേശഭക്തനുമായ സവര്‍ക്കറിന്‍റെ കാഴ്ചപ്പാടുകളും ആശയങ്ങളും രാജ്യം വീണ്ടും ഓര്‍ക്കുകയാണ്.
ജാതിയുടെ എല്ലാ മതില്‍ക്കെട്ടുകളെയും തകര്‍ത്ത് ഹിന്ദുത്വം ജീവിത രീതിയാണെന്ന് പ്രവര്‍ത്തനത്തിലൂടെ ഉദ്‌ഘോഷിച്ച സാമൂഹ്യ വിപ്ലവകാരിയാണ് സവര്‍ക്കര്‍. രാഹുല്‍ സവര്‍ക്കറിനക്കുറിച്ച് പഠിക്കണമെന്ന് ഞാന്‍ പറയില്ല. കുറഞ്ഞത് അപ്പൂപ്പന്‍ ഫിറോസും അമ്മൂമ്മ ഇന്ദിരയും മുമ്പ് പറഞ്ഞിട്ടുള്ളതെങ്കിലും അറിവുള്ളവരോട് ചോദിച്ച് മനസ്സിലാക്കാനുള്ള വിവേകമെങ്കിലും കാട്ടണം, നിതിന്‍ ഗഡ്കരി പറഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു ഭാവിയുമില്ലാത്ത ചിലരുടെ നേരംപോക്കുകളിലൊന്നായിരിക്കുകയാണ് എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് സവര്‍ക്കറിനെ അപഹസിക്കുക എന്നതെന്ന് പരിപാടിയില്‍ സംസാരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. കുങ്കുമം ചുമക്കുന്ന കഴുതയെപ്പോലെയാണ് ചിലര്‍ പേരിനറ്റത്ത് അലങ്കാരങ്ങള്‍ കൊണ്ടു നടക്കുന്നത്. രാഹുലിന് സവര്‍ക്കറാകാന്‍ സാധ്യമല്ലെന്ന് മാത്രമല്ല ഗാന്ധിയാകാനും കഴിയില്ല, ഫഡ്‌നാവിസ് ആവര്‍ത്തിച്ചു.
Discussion about this post