ന്യൂദല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് പദ്മശ്രീ ഏറ്റുവാങ്ങുമ്പോള്‍ ചരിത്രകാരന്‍ പ്രൊഫ. സി.ഐ. ഐസകിന്‍റെ മനസ്സില്‍ അതിരില്ലാത്ത സന്തോഷം. രാജ്യത്തിന്‍റെ പരമോന്നത പുരസ്‌കാരം സ്വീകരിക്കുന്ന അപൂര്‍വ്വ മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും കേന്ദ്ര മന്ത്രിമാരുള്‍പ്പെടെയുള്ള പ്രമുഖരുടെ നീണ്ട നിര. ചടങ്ങിന് സാക്ഷിയാകാന്‍ സി.ഐ. ഐസകിന്‍റെ ഭാര്യ ലിസിയമ്മ ഐസകും മകള്‍ സൂര്യ സാറ ഐസകും എത്തിയിരുന്നു.
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായംസിങ്ങ് യാദവിന് മരണാനന്തര ബഹുമതിയായി സമര്‍പ്പിച്ച പദ്മവിഭൂഷണ്‍ പുരസ്‌കാരം മകനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് എംഎല്‍എ ഏറ്റുവാങ്ങി. ഗായിക വാണി ജയറാമിന് മരണാനന്തര ബഹുമതിയായി സമര്‍പ്പിച്ച പദ്മഭൂഷണ്‍ സഹോദരി ഉമാമണി ഏറ്റുവാങ്ങി. സംഗീത സംവിധായകന്‍ എം.എം. കീരവാണി, നടി രവീണ ടണ്ഠന്‍ തുടങ്ങി 47 പേര്‍ പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി. മൂന്ന് പദ്മവിഭൂഷണ്‍ പുരസ്‌കാരങ്ങളും അഞ്ച് പദ്മഭൂഷണ്‍ പുരസ്‌കാരങ്ങളും രാഷ്ട്രപതി സമ്മാനിച്ചു.
Discussion about this post