തിരുവനന്തപുരം: ലൊക്കേഷനുകളിലെ ലഹരി മരുന്ന് ഉപയോഗം തടയാൻ പോലീസ് പരിശോധനയെ സ്വാഗതം ചെയ്ത് ഫിലിം ചേംബർ. ലഹരി പരിശോധനയ്‌ക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ചെയ്തുകൊടുക്കുമെന്ന് നിർമ്മാതാവ് ജി സുരേഷ് കുമാർ പറഞ്ഞു. ഈ തീരുമാനം കുറച്ചുകൂടി നേരത്തെയാകാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
പുതിയ തീരുമാനത്തിൽ വളരെയധികം സന്തോഷമുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ തീരുമാനം രാവിലെ അറിഞ്ഞിരുന്നു. ഇത് കുറച്ച് നാൾ മുൻപേ ചെയ്യേണ്ടതായിരുന്നു. ഇനിയിത് ഇത്തരത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ല. സിനിമയിലെ കുറച്ച് പേരാണ് പ്രശ്‌നക്കാർ. അവർ കാരണമാണ് എല്ലാവരും ചീത്തപ്പേര് കേൾക്കേണ്ടി വരുന്നത്. ഇനി ആ കുറച്ചുപേരെ മാറ്റിനിർത്താൻ തന്നെയാണ് തീരുമാനം. അത്തരക്കാർ വീട്ടിൽ ഇരിക്കട്ടെ.
ലിബർട്ടി ബഷീർ ഒരു സിനിമയെടുത്തിട്ട് കുറേ കാലമായത് കൊണ്ടായിരിക്കാം അദ്ദേഹം വ്യത്യസ്ത അഭിപ്രായം പറഞ്ഞത്. ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്ന് നിർമ്മാതാക്കൾക്ക് അറിയാം. പോലീസിന്റെ പക്കലും കൃത്യമായ വിവരങ്ങളുണ്ട്. തത്കാലം നിർമ്മാതാക്കൾ പേരുകൾ പോലീസിന് നൽകില്ല. എന്നാൽ കൊടുക്കേണ്ട സാഹചര്യം വന്നാൽ കൊടുക്കും. പോലീസിനും ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്നും ആരാണ് ഇവർക്ക് ലഹരി എത്തിക്കുന്നതെന്നും കൃത്യമായി അറിയാമെന്നും സുരേഷ്‌കുമാർ പറഞ്ഞു.
സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ അന്വേഷണം തുടങ്ങിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സേതുരാമൻ ഇന്ന് പറഞ്ഞിരുന്നു. ലൊക്കേഷനുകളിൽ ഇനി മുതൽ ഷാഡോ പോലീസിനെ വിന്യസിച്ച് പരിശോധന നടത്താനാണ് തീരുമാനം. ലഹരി മരുന്ന് ഉപയോഗം സംബന്ധിച്ച് വിവരം ലഭിച്ചാൽ ലൊക്കേഷനുകളിൽ റെയ്ഡ് നടത്തും.
Discussion about this post