സമഗ്രവിജയത്തിന്റെ വീരചരിത്രം..
വെറും പതിനൊന്ന് ദിവസം… ഭാരതത്തെ കീഴടക്കാനെത്തിയ ഡച്ച് നാവികശക്തിയെ കടലില്‍ മുക്കിത്താഴ്ത്താന്‍ അത് മതിയായിരുന്നു തിരുവിതാംകൂറിന്. കൂറ്റന്‍ കപ്പലുകള്‍ക്കെതിരെ മീന്‍പിടുത്ത വള്ളങ്ങള്‍…. ചാരന്മാരായും സൈനികരായും മത്സ്യത്തൊഴിലാളികളും നാട്ടുകാരും… തന്ത്രം മെനഞ്ഞ് മുന്നില്‍ നില്‍ക്കാന്‍ തിരുവിതാംകൂറിന്റെ ചാണക്യന്‍ രാമയ്യന്‍ ദളവ, പട നയിക്കാന്‍ തിരുവട്ടാര്‍ ആദികേശവ പെരുമാളിന്റെ തിരുസവിധത്തില്‍ പൂജിച്ച ഉടവാളുമായ സാക്ഷാല്‍ മാര്‍ത്താണ്ഡവര്‍മ്മ…. ജനകീയപോരാട്ടത്തിന്റെ കരുത്ത് എന്തെന്ന് ഡച്ച് പട തിരിച്ചറിഞ്ഞ യുദ്ധം. ചരിത്രത്തില്‍ അതിനുമുമ്പ് അന്നേ വരെ ഒരു വിദേശശക്തിയും ഏഷ്യയിലെവിടെയും അങ്ങനെയൊരു പരാജയം ഏറ്റുവാങ്ങിയിരുന്നില്ല. മഹാരാജാ മാര്‍ത്താണ്ഡവര്‍മ്മ വിജയകിരീടം ചൂടിയ കുളച്ചല്‍ യുദ്ധം അത്തരത്തില്‍ സമ്പൂര്‍ണവിജയം നേടിയ ഒന്നായിരുന്നു.
1741 ജൂലൈ 31 മുതല്‍ ആഗസ്റ്റ് 10 വരെയാണ് യുദ്ധം നടന്നത്. ഇന്ന് ആ യുദ്ധവിജയത്തിന്റെ വാര്‍ഷികമാണ്. 1739 ന്റെ അവസാനത്തില്‍ ഡച്ചുകാര്‍, തിരുവിതാംകൂറിനെതിരെ തുടങ്ങിവച്ച ആക്രമണങ്ങളുടെ അവസാനമായിരുന്നു കുളച്ചലിലെ പോരാട്ടം. ആറ്റിങ്ങല്‍, വര്‍ക്കല എന്നിവിടങ്ങളിലേക്ക് ഡച്ച്പട മുന്നേറി. സിലോണില്‍ നിന്നും ജക്കാര്‍ത്തയില്‍ നിന്നും കൂടുതല്‍ നാവികപ്പടയെ അണിനിരത്തി പത്മനാഭപുരം പിടിച്ചെടുക്കാനായിരുന്നു നീക്കം. ശ്രീലങ്കയില്‍ നിന്നും കപ്പല്‍ മാര്‍ഗ്ഗം പടയാളികളെ ഇറക്കി. പീരങ്കികളും തോക്കുകളും കൊണ്ട് സമ്പന്നമായിരുന്ന അവര്‍ നാടെല്ലാം കൊള്ളയടിച്ചു. കുളച്ചലിനും കോട്ടാറിനും ഇടയ്ക്കുള്ള പ്രദേശം മുഴുവന്‍ ഡച്ചു നിയന്ത്രണത്തിലായി. അവിടെ അവര്‍ കച്ചവടം തുടങ്ങി. ഇത്രയുമായപ്പോള്‍ മാര്‍ത്താണ്ഡവര്‍മ്മ പ്രത്യാക്രമണത്തിന് സജ്ജനായി. രാമയ്യന്‍ ദളവയോട് കുളച്ചലിലേക്ക് നീങ്ങാന്‍ ആവശ്യപ്പെട്ടു.
പ്രകൃതിയും കാലാവസ്ഥയും അനുകൂലമാകുംവരെ മാര്‍ത്താണ്ഡവര്‍മ്മ കാത്തിരുന്നു. വര്‍ഷകാലത്ത് അറബിക്കടല്‍ പ്രക്ഷുബ്ധമാകുന്നതോടെ ഡച്ചുകാരുടെ നാവികപ്പടയ്ക്ക് കാലിടറുമെന്ന് അദ്ദേഹം മനസിലാക്കി. ജൂലൈ 31 ന് തിരുവിതാംകൂര്‍ പ്രത്യാക്രമണം ആരംഭിച്ചു. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ സിലോണ്‍, ഇന്തോനേഷ്യാ എന്നിവിടങ്ങളിലുള്ള ഡച്ച് സൈനിക താവളങ്ങളില്‍ നിന്ന് അവര്‍ക്ക് യാതൊരുസഹായവും ലഭിക്കാതെ വന്നു. തിരുവിതാംകൂറിന്റെ പീരങ്കി ആക്രമണത്തില്‍ ഡച്ചുകാരുടെ വെടിമരുന്നുശാലകള്‍ക്ക് തീപിടിക്കുക കൂടി ചെയ്തതോടെ ഡച്ച് കീഴടങ്ങല്‍ സമ്പൂര്‍ണമായി.
ഭാരതത്തിലാകമാനം അധിനിവേശം ഉറപ്പിക്കാനുള്ള ഡച്ചുകാരുടെ നീക്കം ഇതോടെ തകര്‍ന്നടിയുകയായിരുന്നു. ഡച്ച് കപ്പിത്താനായ ഡിലനോയ് ഉള്‍പ്പെടെ നിരവധി സൈനികര്‍ പിടിയിലായി. ഡിലനോയിയെ പിന്നീട് മാര്‍ത്താണ്ഡവര്‍മ്മ തന്റെ നാവികമേധാവിയായ ‘വലിയകപ്പിത്താന്‍’ സ്ഥാനത്ത് നിയമിച്ചു.
Discussion about this post