ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലുള്ള നഗ്‌വ എന്ന ഗ്രാമത്തിൽ 1827 ജൂലൈ 19 നാണ് മംഗൾ പാണ്ഡേ ജനിച്ചത്
തന്റെ 22-ആം വയസ്സിൽ മംഗൾ പാണ്ഡേ ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ചേർന്നു. 34-ആം ബംഗാൾ നേറ്റീവ് ഇൻഫന്ററിയിലെ അഞ്ചാം കമ്പനിയിലാണ് ശിപായിയായി മംഗൽ പാണ്ഡേ ഉദ്യോഗത്തിൽ പ്രവേശിച്ചത്.
1857-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിന് എതിരെ അതേ കമ്പനി സൈന്യത്തിലെ ശിപായിമാർ എന്നു വിളിച്ചിരുന്ന ഭാരതീയരായ ഭടന്മാർ തുടങ്ങുകയും, ഉത്തര-മദ്ധ്യ ഭാരതത്തിൽ ആകെ പരക്കുകയും ചെയ്ത ഒരു സായുധസമരമാണ് 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം.
ഭാരത നാടിന്റെ സ്വാതന്ത്ര്യം സ്വപ്നം കണ്ട മംഗൾ പാണ്ഡെ ഒരു അവസരത്തിനായി കാത്തിരുന്നു. അങ്ങനെ 1857 മാർച്ച് 29ന് കൽക്കട്ടക്കടുത്തുള്ള ബാരഖ്പൂർ എന്ന സൈനീകതാവളത്തിൽ മംഗൽ പാണ്ഡേ തന്റെ മേധാവിയും, 34 ആം റെജിമെന്റിന്റെ ഓഫീസറുമായ ലഫ്ടനന്റ്, ബോഗിനെതിരേ വെടിയുതിർത്തു. എന്നാൽ മംഗൽ പാണ്ഡേക്ക് ലക്ഷ്യം കണ്ടെത്താനായില്ല. തിരികെ വെടിവെച്ച ബോഗിന്റെ ലക്ഷ്യവും പാഴായി. എന്നാൽ ബോഗിന്റ കുതിരക്ക് വെടിയേറ്റിരുന്നു. താഴെ വീണ ബോഗിനെ മംഗൾ തന്റെ വാളുകൊണ്ട് വധിക്കാൻ ശ്രമിച്ചു. എന്നാൽ ആ ശ്രമവും പരാജയപ്പെട്ടു. ഈ വിവരം അറിഞ്ഞ് പരേഡ് മൈതാനത്തെത്തിയ സെർജന്റ് മേജർ ജോയ്സി ഹെർസെ ഇന്ത്യാക്കാരനായ ഇഷാരി പാണ്ഡേയോട് മംഗൽ പാണ്ഡേയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. എന്നാൽ ഇഷാരി തന്റെ മേലധികാരിയുടെ ഉത്തരവിനെ നിരസിച്ചു. ജോയ്സിയുടെ ഉത്തരവിനെ ആരും തന്നെ അനുസരിക്കാൻ തയ്യാറായില്ല, തന്റെ ആജ്ഞയെ അനുസരിക്കാത്തവരെ വെടിവെക്കുമെന്ന് അയാൾ ആക്രോശിക്കാൻ തുടങ്ങി. ഈ സമയത്ത് തന്റെ തോക്കിൽ നിന്ന് മംഗൽ സ്വയം വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നിസ്സാരമായ പരുക്കേറ്റ മംഗൽ പാണ്ഡേയെ അറസ്റ്റ് ചെയ്തു.
1857 ഏപ്രില്‍ 8ന് മംഗൾ പാണ്ഡെയെ പരേഡ് ഗ്രൗണ്ടിൽ വച്ച് ബ്രിട്ടീഷുകാർ പരസ്യമായി തൂക്കിലേറ്റി.
“മാരോ ഫിരംഗി കോ” എന്ന് ഗർജിച്ചുകൊണ്ട് ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച മംഗൽ പാണ്ഡെയുടെ ബലിദാനം ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഇന്നും തുടിക്കുന്ന ആദ്ധ്യായമായി നിലനിൽക്കുന്നു.
സ്വാതന്ത്ര്യത്തിന്റെ അമൃത വർഷത്തിൽ ധീരനായ ഭാരത പുത്രന്റെ ഓർമ്മകൾക്ക് ശതകോടി പ്രണാമങ്ങൾ
Discussion about this post