ന്യൂദല്‍ഹി: ചന്ദ്രയാന്‍ മൂന്നിന്റെ ‘പ്രഗ്യാന്‍’ റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതോടെ ഇന്ത്യന്‍ മുദ്ര ചന്ദ്രനില്‍ എന്നെന്നേക്കുമായി പതിഞ്ഞു. റോവറിന്റെ പിന്‍ചക്രങ്ങളിലുണ്ടായിരുന്ന അശോക സ്തംഭത്തിയും ഐസ്ആര്‍ഒയുടെയും മുദ്രയാണ് ചന്ദ്രോപരിതലത്തില്‍ പതിഞ്ഞത്. രാത്രി 9 മണിയോടെയാണ് പേടകത്തിന്റെ വാതിൽ തുറന്ന് റോവറിനെ പുറത്തേക്കിറക്കുന്ന ജോലികൾ തുടങ്ങിയത്.
‘വിക്രം’ ലാന്‍ഡര്‍ പേടകത്തിന്റെ വാതില്‍ തുറന്ന് റോവര്‍ പുറത്തേക്ക് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്‌റോ നേരത്തേ പുറത്തുവിട്ടിരുന്നു. ഇനി ചന്ദ്രനില്‍ ഇന്ത്യന്‍ മുദ്ര പതിഞ്ഞ ചിത്രങ്ങള്‍ ലഭിക്കാനായി കാത്തിരിക്കുകയാണ് രാജ്യം. ലാന്‍ഡിംഗിന് ശേഷം ചന്ദ്രോപരിതലത്തില്‍ ഉയര്‍ന്നുപൊങ്ങിയ പൊടിപടലങ്ങള്‍ കെട്ടടങ്ങിയ ശേഷമാണ് റോവര്‍ പുറത്തിറങ്ങിയത്. ചന്ദ്രനിലെ ഗുരുത്വാകര്‍ഷണബലം മൂലം പൊടിപടലങ്ങള്‍ താഴേക്ക് വരാന്‍ ഏറെ സമയമെടുക്കുമെന്നതിനാല്‍, റോവര്‍ പെട്ടെന്ന് പുറത്തിറക്കാന്‍ സാധിക്കില്ലെന്ന് ഇസ്‌റോ അറിയിച്ചിരുന്നു.
റോവര്‍ അതിവേഗം പുറത്തിറക്കാന്‍ ശ്രമിച്ചാല്‍ അതില്‍ ഘടിപ്പിച്ചിരിക്കുന്ന കാമറകളും മറ്റ് യന്ത്രഭാഗങ്ങളും നശിക്കാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനാല്‍ സോഫ്റ്റ് ലാന്‍ഡിംഗ് പൂര്‍ത്തിയാക്കി ഒരു ദിവസമെങ്കിലും കഴിഞ്ഞ ശേഷം റോവര്‍ പുറത്തിറക്കാനാണ് ഇസ്‌റോ നിശ്ചിയിച്ചിരുന്നത്. എന്നാല്‍ ചന്ദ്രനിലെ സാഹചര്യങ്ങള്‍ അനുകൂലമായതോടെ റോവര്‍ രാത്രി 10ന് പുറത്തിറക്കുകയായിരുന്നു.
റോവർ ചന്ദ്രനിൽ ഇറങ്ങിയതോടെ 14 ദിവസം നീളുന്ന ദൗത്യത്തിനാണ് തുടക്കമാകുന്നത്. ചന്ദ്രനിൽ പകൽ സമയം മുഴുവൻ പ്രവർത്തിച്ച്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങൾ പുറത്തെത്തിക്കുകയാണ് ചന്ദ്രയാൻ മൂന്നിന്റെ ഉദ്ദേശം. ഇതിന്റെ ഭാഗമായി ലാൻഡർ പേ ലോഡുകൾ അടുത്ത ദിവസങ്ങളിൽ പ്രവർത്തന സജ്ജമാകും.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ബുധനാഴ്ച വൈകിട്ട് ആറിനാണ് ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവം തൊടുന്ന ആദ്യത്തെ രാജ്യമെന്ന ചരിത്ര നേട്ടമാണ് ഇതോടെ പിറന്നത്. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന റിക്കാര്‍ഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു.
Discussion about this post