സാഗര്‍(മധ്യപ്രദേശ്): ഐഎന്‍ഡിഐഎ ഘമാണ്ഡിയാ(അഹന്ത) മുന്നണിയാണെന്നും സനാതനധര്‍മ്മത്തെയും രാഷ്ട്രജീവിതത്തെയും തകര്‍ക്കുകയാണ് അവരുടെ ഉന്നമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ബിനാ റിഫൈനറിയില്‍ 49,000 കോടി രൂപയുടെ പെട്രോകെമിക്കല്‍സ് കോംപ്ലക്സിന്റെയും സംസ്ഥാനത്തെ 10 വ്യാവസായിക പദ്ധതികളുടെയും തറക്കല്ലിടല്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഘമാണ്ഡിയ’ സഖ്യം അടുത്തിടെ മുംബൈയില്‍ യോഗം ചേര്‍ന്നു. അവര്‍ക്ക് നയങ്ങളോ നിലപാടുകളോ നേതാവോ ഇല്ല. ആകെയുള്ളത് സനാതന ധര്‍മ്മത്തെ തകര്‍ക്കുക എന്ന ഹിഡന്‍ അജണ്ടയാണ്,’ അദ്ദേഹം പറഞ്ഞു.
ജി-20 ഉച്ചകോടിയുടെ വിജയത്തിന് ഭാരതത്തിലെ 140 കോടി ജനങ്ങള്‍ അംഗീകാരം നല്‍കി, ഇത് ജനങ്ങളുടെയും രാജ്യത്തിന്റെയും അഭിമാനം ഉയര്‍ത്തി. ജനങ്ങളുടെ കൂട്ടായ പരിശ്രമമവും ഒരു മനസ്സോടെയുള്ള സഹകരണവും കൊണ്ടാണ് നമുക്ക് വിജയിക്കാനായത്. ഈ സമാജിക ശക്തിയാണ് ഭാരതത്തിന്റെ കരുത്ത്, പ്രധാനമന്ത്രി പറഞ്ഞു.
ന്യൂദല്‍ഹിയിലെ ഭാരതമണ്ഡപത്തില്‍ ലോകത്തിലെ 20 പ്രധാന സമ്പദ്വ്യവസ്ഥകളുടെ തലവന്മാരും പ്രമുഖ അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുള്ള പ്രതിനിധികളുമാണ് ഒത്തുചേര്‍ന്നത്. നമ്മള്‍ ആതിഥ്യം വഹിച്ചത് ഭാരതത്തിലൂന്നിയുള്ള നവലോകപ്പിറവിക്കുകൂടിയാണ്. ന്യൂദല്‍ഹി പ്രഖ്യാപനത്തിന് ജി 20 അംഗരാജ്യങ്ങളില്‍ നിന്ന് ലഭിച്ച പിന്തുണ, ഭാരത-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇടനാഴിയുടെ പ്രഖ്യാപനം, ആഫ്രിക്കന്‍ യൂണിയനെ ഔപചാരികമായി പൂര്‍ണ അംഗമായി ഉള്‍പ്പെടുത്തല്‍ തുടങ്ങിയവ നമ്മുടെ നിലപാടുകള്‍ക്കുള്ള ലോകത്തിന്റെ സമ്മത പത്രം കൂടിയാണ് പ്രധാനമന്ത്രി പറഞ്ഞു.
ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിച്ച രാജ്യത്തിന്റെ വൈവിധ്യത്തിലും പൈതൃകത്തിലും ജി20 നേതാക്കളും പ്രതിനിധികളും മതിപ്പുപ്രകടമാക്കി. നമ്മുടെ പാരമ്പര്യവും ശക്തിയും ലോകത്തിന്് മുന്നില്‍ അവതരിപ്പിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി പരിശ്രമിച്ചു, അദ്ദേഹം പറഞ്ഞു.
50,700 കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി ബിനയില്‍ തറക്കല്ലിട്ടത്. മധ്യപ്രദേശില്‍ ദീര്‍ഘകാലം ഭരിച്ചവര്‍ അഴിമതിയും കുറ്റകൃത്യങ്ങളും അല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് 75 ലക്ഷം പുതിയ ഗ്യാസ് കണക്ഷനുകള്‍ സര്‍ക്കാര്‍ നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
മധ്യപ്രദേശില്‍ 50,000 കോടി രൂപയുടെ പദ്ധതികള്‍ ആരംഭിക്കുന്നത് സംസ്ഥാനത്തിന്റെ വികസനത്തിന് ഊര്‍ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post