പൂനെ: എല്ലാ ദുരിതങ്ങളിൽ നിന്നും ലോകത്തെ മോചിപ്പിക്കാനുള്ള ഉത്തരവാദിത്തം ഭാരതത്തിനുണ്ടെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻഭാഗവത്. അത് ഈശ്വരീയദൗത്യമാണ്. ആ ദൗത്യം നിർവഹിക്കാൻ ഭാരതം സക്ഷമവും സമൃദ്ധവുമാകണം. അതിന് ഓരോ വ്യക്തിയും പരിശ്രമിക്കണം, അദ്ദേഹം പറഞ്ഞു. പൂനെ ശ്രീമന്ത് ദഗ്ദുഷേഠ് ഹൽവായി സാമാജിക ഗണേശോത്സവത്തിന് തുടക്കം കുറിച്ച് മഹാഗണപതി പ്രതിഷ്ഠാപനച്ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സർസംഘചാലക്.
സമാധാനപൂർണമായ ലോകമാണ് ഭാരതത്തിന്റെ ദൗത്യം. നമ്മുടെ ദർശനങ്ങൾ ഉദ്ഘോഷിക്കുന്നത് എല്ലാവരും സുഖമായി കഴിയണമെന്നും ശാന്തിയുടെ ലോകം പുലരണമെന്നുമാണ്. ആ ദർശനം ലോകജനതയ്ക്ക് പകരുക എന്ന ചുമതല ഓരോ ശ്രീഗണേശനെ സാക്ഷിയാക്കി ഏറ്റെടുക്കണം. ഇതൊരു സാധാരണദൗത്യമല്ലെന്ന് നാം അറിയണം. ദുരിതമകലാനും ശാന്തിയും സുഖവും കൈവരാനുമാണ് മനുഷ്യരാശി ഈശ്വരനിൽ അഭയം തേടുന്നത്. അതുകൊണ്ട് തന്നെ ഇത് ഈശ്വരീയകാര്യമാണ്. അതിൽ നമുക്കെല്ലാവർക്കും നമ്മുടേതായ കർത്തവ്യങ്ങൾ പൂർത്തീകരിക്കാനുണ്ട്, സർസംഘചാലക് പറഞ്ഞു.
പൂനെയിലെ ചരിത്രപ്രസിദ്ധമായ ശ്രീമന്ത് ദഗ്ദുഷേഠ് ഹൽവായ് മന്ദിരത്തോട് ചേർന്ന് അയോധ്യയിലെ ശ്രീരാമക്ഷേത്രമാതൃകയിൽ തീർത്ത മണ്ഡപത്തിലാണ് സാർവജനിക മഹാഗണപതി പ്രതിഷ്ഠ നിർവഹിച്ചത്. വലിയ ഘോഷയാത്രയോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.
Discussion about this post