തിരുവനന്തപുരം: ഗവര്‍ണറുടെ ഉത്തരവ് പ്രകാരം സാങ്കേതിക സര്‍വകലാശാലയുടെ വൈസ്ചാന്‍സലറായി നിയമിതയായ ഡോ. സിസാ തോമസിനെതിരേ സര്‍ക്കാര്‍ തുടങ്ങിയ അച്ചടക്ക നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സര്‍ക്കാരിന്റെ അനുമതിയില്ലാതെ വൈസ് ചാന്‍സലറുടെ ചുമതല ഏറ്റെടുത്തെന്നു കാണിച്ച് നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസും കോടതി റദ്ദാക്കി.
മുന്‍ വൈസ്ചാന്‍സലര്‍ രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയതിനേത്തുടർന്നാണ് ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ യൂണിവേഴ്സിറ്റി, യു.ജി.സി. ചട്ടങ്ങള്‍ പ്രകാരം സിസാ തോമസിനെ താത്കാലിക വൈസ്ചാന്‍സലറായി നിയമിച്ചത്. ഇതിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയ സമീപിച്ചപ്പോള്‍, സിസയുടെ നിയമനം നിയമപരമാണെന്ന് കോടതി വിധിച്ചിരുന്നു. അതിനുശേഷമാണ് സര്‍ക്കാരിന്റെ അനുമതിയില്ലാതെ വൈസ് ചാന്‍സലര്‍ സ്ഥാനം ഏറ്റെടുത്തെന്നാരോപിച്ച് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്.
കാരണംകാണിക്കല്‍ നോട്ടീസിനെതിരേ സിസാ തോമസ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും നടപടികള്‍ തുടരാമെന്ന് ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സിസാ തോമസ് ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്, സര്‍ക്കാര്‍ നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസ് നിയമപരമായി നിലനില്‍ക്കില്ലെന്നും തെറ്റായി നല്‍കിയതാണെന്നും കണ്ടെത്തി. സിസയെ ചാന്‍സലറായി നിയമിച്ചത് യൂണിവേഴ്സിറ്റി, യു.ജി.സി. ചട്ടങ്ങളനുസരിച്ചാണെന്നും അതിനാല്‍ നോട്ടീസിലെ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും കോടതി വിധിച്ചു.
മാത്രമല്ല, സിസയുടെ നിയമനം നിയമപരമാണെന്ന് ഹൈക്കോടതി കണ്ടെത്തിയതാണ്. ആ കേസില്‍ സര്‍ക്കാര്‍ കക്ഷിയുമായിരുന്നു. അതിനാല്‍ ഒരിക്കല്‍ കോടതി വിധിപ്രകാരം അന്തിമമായിമാറിയ ഒരു വിഷയം പുനഃപരിശോധിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ട്രിബ്യൂണല്‍ ഉത്തരവിന് പിന്നാലെ റിട്ടയര്‍ ചെയ്യുന്ന ദിവസം, ചാര്‍ജ് കൈമാറിയതിനു ശേഷവും കുറ്റാരോപണ മെമ്മോ നല്‍കിയിരുന്നു. ഇതും ചൊദ്യംചെയ്തുകൊണ്ടാണ് സിസാ തോമസ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവോടെ കുറ്റാരോപണ മെമ്മോ അടക്കം എല്ലാ തുടര്‍നടപടികളും റദ്ദാക്കപ്പെട്ടിരിക്കുകയാണ്.
സിസാ തോമസിനെതിരായ എല്ലാ നടപടികളും നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി കണ്ടെത്തി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സിസാ തോമസിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ഹാജരായി.
Discussion about this post