ന്യൂദല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ യുവശക്തിയുള്ള നാടാണ് ഭാരതമെന്നും അടുത്ത 50 വര്‍ഷം ഭാരതത്തിന് വലിയ അവസരങ്ങളാണ് വരാനിരിക്കുന്നതെന്നും ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ അഭിപ്രായപ്പെട്ടു. എബിവിപി ദേശീയ സമ്മേളനത്തില്‍ ആഗോളസാഹചര്യത്തില്‍ ഭാരതത്തിന്റെയും യുവാക്കളുടെയും പങ്ക് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഏതൊരു രാജ്യത്തിന്റെയും പുരോഗതിക്ക് അടിസ്ഥാനം ആ രാജ്യത്തെ യുവാക്കള്‍ എന്ത് ചിന്തിക്കുന്നു എന്നതാണ്. ഭാരതത്തെ വിശ്വഗുരു സ്ഥാനത്ത് എത്തിക്കുന്നതില്‍ യുവാക്കളുടെ പങ്ക് പ്രധാനമാണ്. വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റുമായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന യുവാക്കള്‍ ഭാരതത്തിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എഴുതാത്ത കടലാസു പോലെയാണ് യുവാക്കളുടെ മനസ്. അവരില്‍ സാംസ്‌കാരിക മൂല്യങ്ങള്‍ പകര്‍ന്നു നല്‌കേണ്ടത് അവരെ നയിക്കുന്ന സംഘടനകളാണ്. യുവാക്കള്‍ തങ്ങളുടെ ജീവിതത്തിന്റെ കുറച്ചുസമയം സമൂഹത്തിനായി മാറ്റിവയ്‌ക്കണം.
അസന്തുലിതമായ ഒരു ബഹുധ്രുവ ലോകത്തില്‍, ഓരോ രാജ്യത്തിനും അതിന്റെ ശക്തി പ്രകടിപ്പിക്കാനുള്ള അവസരങ്ങളുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഭാരതത്തിന് വിവിധ മേഖലകളില്‍ സവിശേഷമായ ഒരു സ്ഥാനം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post