തിരുവനന്തപുരം: സർവകലാശാല ചാൻസലർ കൂടിയായ ഗവർണർക്കെതിരെയുള്ള എസ്എഫ്ഐ അക്രമം അവസാനിപ്പിക്കണമെന്നും കലാലയങ്ങളിൽ ഗവർണറെ കാലുകുത്തിക്കില്ലെന്നുള്ള നിലപാടിനെതിരെ വിദ്യാർത്ഥി സമൂഹം പ്രതികരിക്കണമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഇ യൂ ഈശ്വരപ്രസാദ് ആവശ്യപ്പെട്ടു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം തകർന്നതും സിപിഎം നേതാക്കളെയും അവരുടെ ബന്ധുക്കളെയും സർവ്വകലാശാലകളിലും കലാലയങ്ങളിലും അനധികൃതമായി തിരുകിക്കയറ്റിയത് വെളിച്ചത്ത് വരികയും ചെയ്തപ്പോഴുണ്ടായ നാണക്കേട് മറച്ചുവെക്കാനാണ് ഗവർണർക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാര തകർച്ച കാരണം കേരളത്തിലെ സർവ്വകലാശാലകളെ ഉപേക്ഷിച്ച് വിദ്യാർത്ഥികൾ പഠനത്തിനായി മറ്റിടങ്ങളിലേക്ക് പോകുകയാണ്. സർവകലാശാല പദവികൾ സ്വന്തക്കാർക്ക് വിഹരിക്കാനുള്ള മേഖലയായ ഇടതുപക്ഷം മാറ്റി. ഉന്നത വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവത്ക്കരിക്കുന്നതിനെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വേട്ടയാടാൻ വിദ്യാർത്ഥി സമൂഹം അനുവദിക്കില്ല. കണ്ണൂർ വിസിയെ അയോഗ്യനാക്കിയ സുപ്രീം കോടതി വിധി ഗവർണറുടെ നിലപാടുകളെ അംഗീകരിക്കുന്നതും പിണറായി സർക്കാരിൻ്റെ സ്വജനപക്ഷപാതത്തിനേറ്റ തിരിച്ചടിയുമാണ്. പൊന്നുരുക്കിന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം എന്ന ചൊല്ല് പോലെ ഗവർണറുടെ വിവേചനാധികാരത്തിൽ എസ് എഫ് ഐയ്ക്ക് എന്ത് കാര്യം എന്ന് ചോദിക്കേണ്ട സാഹചര്യമാണുള്ളത്.
കേരളത്തിലെ കലാലയങ്ങളിൽ ഗവർണറെ കാലുകുത്തിക്കില്ലെന്നു പറയാൻ കേരളത്തിലെ കലാലയങ്ങൾ കുടുംബ സ്വത്തല്ലെന്ന് എസ് എഫ് ഐ ഓർമിച്ചാൽ നല്ലത്. സർവ്വകലാശാല ചാൻസലർ എന്ന നിലയിൽ കേരളത്തിലെ ഏത് കലാലയത്തിലേക്ക് കടന്നുചെല്ലാനുള്ള അധികാരവും അവകാശവും ഗവർണർക്ക് ഉണ്ട്. ഗുണ്ടായിസത്തിലൂടെ അതിന് അനുവദിക്കില്ലെന്നു വെല്ലുവിളിക്കുന്നതിലൂടെ എസ് എഫ് ഐ യുടെ തനിനിറമാണ് പുറത്ത് വരുന്നത്. ഇതിനെതിരെ വിദ്യാർത്ഥികളെ അണിനിരത്തി എബിവിപി പ്രതിരോധിക്കും. ഭരണഘടന ചുമതലയുള്ള ഗവർണർ കേരളത്തിലും സർവകലാശാലകളിലും യാത്ര ചെയ്യുമെന്നും തടസ്സം നിൽക്കുന്നവരെ പ്രതിരോധിക്കുന്നതിന് എബിവിപിയുടെ പൂർണമായ പിന്തുണയുണ്ടാകുമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഇ യൂ ഈശ്വരപ്രസാദ് പ്രസ്താവിച്ചു.
Discussion about this post