തിരുവനന്തപുരം: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ഉപഹാരമായി സമര്‍പ്പിക്കുന്ന ഓണവില്ല് ശ്രീരാമ മന്ത്രത്താല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ശ്രീരാമ തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ക്ക് കൈമാറി.
ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നടന്ന ചടങ്ങിന് ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട്, കാലടി ബോധാനന്ദ ആശ്രമം ആചാര്യന്‍ സ്വാമി ഹരിഹരാനന്ദ സരസ്വതി, ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി മോക്ഷവൃതാനന്ദ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം
കൊളുത്തി. ക്ഷേത്രം ഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ്മ, തുളസി ഭാസ്‌കര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി. മഹേഷ്, മാനേജര്‍ ഡി. ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് സംസ്ഥാന സഹ സംയോജകന്‍ സി.സി ശെല്‍വന്‍, മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍, ഹിന്ദു െഎക്യവേദി സംസ്ഥാന അധ്യക്ഷന്‍ വത്സന്‍ തില്ലങ്കേരി എന്നിവര്‍ക്ക് ഓണവില്ല് കൈമാറി.
ദിവ്യ മുഹൂര്‍ത്തത്തിന് ശ്രീരാമ ജയരാമ ജയജയ രാമ മന്ത്രങ്ങളുമായി ആയിരങ്ങള്‍ സാക്ഷിയായി. ആര്‍എസ്എസ് സംസ്ഥാന സഹ സമ്പര്‍ക്ക പ്രമുഖ് എം. ജയകുമാര്‍, മഹാനഗര്‍ സംഘചാലക് എം. മുരളി, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ എട്ടരയോഗം സ്ഥാനീയരായ വഞ്ചിയൂര്‍ അത്തിയാര്‍ മഠം നാരായണരു രാമരരു, നേരുശ്ശേരി മഠം മഞ്ജിത്ത്, സഞ്ജിത്ത്, മഹാനഗര്‍ സമ്പര്‍ക്ക് പ്രമുഖ് സജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതിയുടെ തിരുവാതിരയും, ബാലഗോകുലം അവതരിപ്പിച്ച ഗോപികാനൃത്തവും അരങ്ങേറി.
ഓണവില്ലുമായി ക്ഷേത്രപ്രദക്ഷിണം നടത്തിയ ശേഷം എറണാകുളത്തെ പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തിലേക്ക് ഓണവില്ല് കൊണ്ടുപോയി. ജനുവരി 21ന് കൊച്ചിയില്‍ നിന്ന് വിമാന മാര്‍ഗം ഓണവില്ല് അയോദ്ധ്യയിലെത്തിക്കും. ഓണവില്ലില്‍ ദശാവതാരവും ശ്രീരാമ പട്ടാഭിഷേകവും അനന്തശയനവും വരച്ചു ചേര്‍ത്തിട്ടുണ്ട്.
Discussion about this post