ചെറുകോല്‍പ്പുഴ (പത്തനംതിട്ട): അവനവനെ ഉയര്‍ത്തുന്നതിലൂടെ ലോകത്തെ ഉയര്‍ത്താന്‍ കഴിയുന്നവരായി സനാതന ധര്‍മ്മ വിശ്വാസികള്‍ മാറണമെന്ന് ചിന്മയ മിഷന്‍ ആഗോളതലവന്‍ സ്വാമി സ്വരൂപാനന്ദജി മഹാരാജ്. 112-ാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സനാതന ധര്‍മ്മത്തിന്റെ മഹത്വം കൊണ്ടാവരുത് ഒരാള്‍ ഹിന്ദുവായി തുടരേണ്ടത്. ആ മഹത്വം ജിവിതതത്തില്‍ ആചരിച്ചു കൊണ്ടാവണം. നിത്യവും ഭഗവത്ഗീത പഠിക്കാനും സഹസ്രനാമം ഉച്ചരിക്കാനും എല്ലാവരിലും ഈശ്വരനെ ദര്‍ശിക്കാനും സത്സംഗങ്ങളില്‍ ഏര്‍പ്പെടാനും അര്‍ഹതപ്പെട്ടവര്‍ക്കു ദാനം ചെയ്യാനും ഹിന്ദുക്കള്‍ ശ്രമിക്കണം. ഇത്തരത്തില്‍ മഹത്തായ സംസ്‌കാരത്തെ പോഷിപ്പിക്കാന്‍ നമ്മള്‍ ശ്രമിക്കണം. ദൈവം ഒന്നേയുള്ളുവെന്നും എല്ലാവരിലും ദൈവമുണ്ടെന്നും പഠിപ്പിക്കുന്ന സംസ്‌കാരം ലോകത്ത് ഒന്നേയുള്ളൂ. ആദിശങ്കരനും ചട്ടമ്പിസ്വാമിയും ശ്രീനാരായണ ഗുരുവിനെയും പോലെയുള്ള ജ്ഞാന ഗുരുക്കളുടെ നാടാണ് കേരളം. അവരുടെ ചിന്താപദ്ധതികള്‍ അറിയാനും അറിയിക്കാനും ഹിന്ദുക്കള്‍ തയാറാവണമെന്നും സ്വാമിജി കൂട്ടിച്ചേര്‍ത്തു.
സനാതന സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കും നിന്ദിക്കാത്തവര്‍ക്കും അനുകൂലമായി ഹിന്ദുക്കള്‍ വോട്ടവകാശം ഉപയോഗപ്പെടുത്തണമെന്ന് യോഗത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തിയ ചിന്മയ മിഷന്‍ കേരള ഘടകം അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി ആഹ്വാനം ചെയ്തു.
യോഗത്തില്‍ ഹിന്ദു മത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ അധ്യക്ഷനായി. ലോകം നേരിട്ടു കൊണ്ടിരിക്കുന്ന എല്ലാ പ്രശ്‌നങ്ങളുടെയും പരിഹാരം സനാതന ധര്‍മ്മത്തിലുണ്ടെന്ന മഹര്‍ഷി അരവിന്ദന്റെ വാക്കുകള്‍ ഇന്ന് ലോകം അംഗീകരിക്കുന്നതായി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. മര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്ര സങ്കല്പം സങ്കുചിതമായി അവതരിപ്പിച്ച് വിഭാഗീയത സൃഷ്ടിക്കുന്നവരുടെ പ്രവൃത്തി അപലപനീയമാണന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
വാഴൂര്‍ തീര്‍ത്ഥ പാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ആന്റോ ആന്റണി എംപി, അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ, അമ്പിളി പ്രഭാകരന്‍, എ.ആര്‍. വിക്രമന്‍ പിള്ള, ടി.കെ. സോമനാഥന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
ചട്ടമ്പി സ്വാമി സമാധിയുടെ നൂറാം വാര്‍ഷികാചരണഭാഗമായി ഇത്തവണ വിദ്യാധിരാജ ചട്ടമ്പി സ്വാമി സമാധി ശതാബ്ദി സ്മാരക പരിഷത്തായാണ് സംഘടിപ്പിച്ചിരിക്കുന്നത്. പതിനൊന്ന് വരെ വിവിധ സമ്മേളനങ്ങള്‍ നടക്കും.
Discussion about this post