കൊല്ലം: എൻ.ഡി.എ സ്ഥാനാർഥി നടൻ ജി.കൃഷ്ണകുമാറിനെ തടഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍ വോട്ട് അഭ്യര്‍ഥിക്കാനെത്തിയപ്പോഴായിരുന്നു സംഘര്‍ഷം. ഇത് ഐടിഐയില്‍ എ.ബി.വി.പി – എസ്.എഫ്.ഐ സംഘർഷത്തിന് വഴിവച്ചു. പോലീസെത്തിയാണ് സംഘർഷത്തിന് അയവുവരുത്തിയത്.
എന്നെ തടഞ്ഞത് എസ്എഫ്‌ഐയുടെ ഫാസിസം ആണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ഏതോ നാട്ടിലുള്ള ചെഗുവേരക്ക് ഇവിടെ സ്വാഗതമുണ്ട്. ഭാരതീയനായ എന്നെ തടയുകയാണെന്നും കൃഷ്ണകുമാര്‍ പ്രതികരിച്ചു.
‘വോട്ടഭ്യര്‍ത്ഥിച്ച് പലസ്ഥലത്തും പോയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് കോളേജില്‍ എത്തിയത്. തൊട്ടുമുന്‍പ് മുകേഷും പ്രേമചന്ദ്രനും കോളേജിലെത്തി വോട്ടഭ്യര്‍ത്ഥിച്ച് മടങ്ങിയതാണ്. എന്നാല്‍ ഞങ്ങള്‍ വരുമ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുറുകെ കയറി, ‘കൃഷ്ണകുമാറിന് കോളേജിനകത്ത് പ്രവേശനമില്ല, നരേന്ദ്രമോദിയുടെ സ്ഥാനാര്‍ത്ഥിക്ക് കോളേജില്‍ പ്രവേശനമില്ല’ എന്ന് പറഞ്ഞു. എനിക്ക് മനസ്സിലാകാത്ത കാര്യം ഫാസിസം എന്ന് ഉത്തര്‍പ്രദേശില്‍ നോക്കി പറയുന്നവര്‍ ഇവിടെയെന്താണ് നടത്തുന്നത്. ഇതാണ് റിയല്‍ ഫാസിസം. അവിടെ എല്ലാവര്‍ക്കും പോയി വ്യവസായം ഉള്‍പ്പെടെ എന്തും ചെയ്യാം. ഏതോ നാട്ടിലുള്ള ചെഗുവേരക്ക് ഇവിടെ സ്വാഗതമുണ്ട്. ഈ നാട്ടിന്റെ വികസനത്തിനായി പ്രതിജ്ഞയെടുത്ത നരേന്ദ്രമോദിയുടെ സ്ഥാനാര്‍ത്ഥിയെ തടയുന്നു. പിന്നാലെ എബിവിപി-എസ്എഫ്‌ഐ സംഘര്‍ഷമുണ്ടായി. പഠിക്കേണ്ട സമയമാണെന്നാണ് കുട്ടികളോട് എനിക്ക് പറയാനുള്ളത്. മാതാപിതാക്കള്‍ കഷ്ടപ്പെട്ട് സ്‌കൂളിലേക്ക് അയക്കുകയാണ്. കേസുവന്നാല്‍ ഒരു പാസ്‌പോര്‍ട്ട് പോലും കിട്ടത്തില്ല. ജീവിതം നാശമായി പോകും. കണ്ണിനാണ് ഇടികൊണ്ടത്. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍.’ കൃഷ്ണകുമാര്‍ പ്രതികരിച്ചു.
അക്രമ രാഷ്‌ട്രീയത്തിലൂടെ ഒന്നും നേടാനാവില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. പരാജയഭീതിയാണ് ഇവര്‍ക്ക്. അതിനെ സംഘര്‍ഷത്തിലൂടെയല്ല നേരിടേണ്ടത്. ഭയന്നോടില്ല. ഞങ്ങള്‍ മൂന്ന് സ്ഥാനാര്‍ത്ഥികളും ഒരുമിച്ചിരുന്ന് രാവിലെ ഭക്ഷണം കഴിച്ചു. ഞങ്ങള്‍ക്കില്ലാത്ത പ്രശ്‌നമാണോ ഈ കൊച്ചുകുട്ടികള്‍ക്ക്. ആരാണ് ഇവരെ ഇളക്കി വിടുന്നത്. മോദിയുടെ പദ്ധതി കൊല്ലത്തും നടപ്പിലാക്കാനാണ് വന്നത്. താനും എംഎ വരെ പഠിച്ചതാണ്. അന്നൊന്നും പേടിച്ചിട്ടില്ല. പിണറായി വിജയന്‍ ഇത് ശ്രദ്ധിക്കണം.’ എന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post