ന്യൂഡൽഹി: ജ്ഞാൻവാപി സമുച്ചയത്തിൽ ഹിന്ദുക്കൾ നടത്തിവരുന്ന പൂജ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി. നമസ്കരിക്കാനും പ്രാർത്ഥിക്കാനുമായി ജ്ഞാൻവാപിയുടെ വടക്കുവശത്ത് നിന്ന് മുസ്ലീങ്ങൾക്ക് പ്രവേശിക്കാമെന്നും നിലവറയിൽ പൂജ നടത്താൻ തെക്കുവശം വഴി കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റിലെ പുരോഹിതർക്ക് പ്രവേശിക്കാമെന്നും കോടതി അറിയിച്ചു.
ജ്ഞാൻവാപി സമുച്ചയത്തിനുള്ളിലെ തെക്കേ നിലവറയിലാണ് ഹിന്ദുക്കൾ ആരാധിക്കുന്ന ദേവതകളുടെ വിഗ്രഹങ്ങളും പ്രതിഷ്ഠകളുമുള്ളത്. ഇവിടെ ഹിന്ദുക്കൾക്ക് ആരാധന നടത്താൻ അനുമതി ലഭിച്ചതിനെ തുടർന്ന് പൂജകൾ ആരംഭിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചത്. പൂജാവിധികൾ സ്റ്റേ ചെയ്യണമെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ പ്രധാന ആവശ്യം. എന്നാൽ ഹിന്ദുക്കൾക്ക് ആരാധന നടത്താൻ അനുമതി നൽകിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ തയ്യാറാകാതിരുന്ന സുപ്രീംകോടതി തൽസ്ഥിതി തുടരാൻ നിർദേശിച്ചു.
അതേസമയം ഇതുമായി ബന്ധപ്പെട്ട് ഹിന്ദു വിഭാഗത്തിന് കോടതി നോട്ടീസ് അയച്ചു. ഹർജിയിൽ അന്തിമ വാദം ജൂലൈയിൽ കേൾക്കാമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്.
Discussion about this post