കണ്ണൂര്‍: പാനൂരിൽ ബോംബ് നിർമാണത്തിനിടെ നടന്ന സ്‌ഫോടനത്തില്‍ പരിക്കേറ്റ ഒരു സിപിഎം പ്രവർത്തകൻ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുത്തൂർ സ്വദേശി ഷെറിൻ ആണ് മരിച്ചത്. പരിക്കേറ്റ മറ്റ് മൂന്ന് സിപിഎം പ്രവർത്തകർ ചികിത്സയിലാണ്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുളിയാത്തോട് വിനീഷ് പാനൂരിലെ സിപിഎം നേതാവിന്റെ മകനാണ്. രണ്ടു പേർ തലശേരിയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് വ്യാഴാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ വിനീഷിന്റെ ഇരു കൈപ്പത്തിയും അറ്റുപോയി.
ഷെറിന്റെ മുഖത്താണ് പരിക്കേറ്റത്. പാനൂരിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണിതെന്നാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും ആരോപണം. കണ്ണൂരിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു. കണ്ണൂരിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സംഭവ സ്ഥലം കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. അതേസമയം, ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ സനോജ് പ്രതികരിച്ചു.
Discussion about this post