പത്തനംതിട്ട: മേടമാസ പൂജകള്‍ക്കും വിഷു പൂജകള്‍ക്കുമായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്ര നട തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പുതിരി നടതുറന്ന് ദീപങ്ങള്‍ തെളിയിച്ചു. ഗണപതി, നാഗര്‍ ഉപദേവതാ ക്ഷേത്ര നടകളിലും വിളക്കുകള്‍ തെളിയിച്ചു.
ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. ആഴിയില്‍ മേല്‍ശാന്തി അഗ്നി തെളിയിച്ചതോടെ ഇരുമുടിക്കെട്ടുമായി ഭക്തര്‍ പതിനെട്ടാംപടി കയറി അയ്യനെ കണ്ടുതൊഴുതു. മാളികപ്പുറം മേല്‍ശാന്തി മുരളി നമ്പൂതിരി മാളികപ്പുറം നടതുറന്ന് ഭക്തര്‍ക്ക് മഞ്ഞള്‍പ്രസാദം വിതരണം ചെയ്തു. ഇന്നലെ പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടായിരുന്നില്ല.
ഇന്ന് പുലര്‍ച്ചെ അഞ്ചിന് നട തുറന്നു. ഇന്നു മുതല്‍ നെയ്യഭിഷേകം ഉണ്ടാകും. മേടം ഒന്നായ 14ന് പുലര്‍ച്ചെ 3ന് നടതുറക്കും. തുടര്‍ന്ന് വിഷുക്കണി ദര്‍ശനം. ഭക്തര്‍ക്ക് തന്ത്രിയും മേല്‍ശാന്തിയും കൈനീട്ടം നല്കും. പിന്നീട് പതിവ് അഭിഷേകവും നെയ്യഭിഷേകവും ഗണപതി ഹോമവും നടക്കും. 18ന് നട അടയ്‌ക്കും.
Discussion about this post