ചങ്ങനാശ്ശേരി: തൊണ്ണൂറ്റി ഒന്നാം പിറന്നാള്‍ ദിനത്തില്‍ തന്റെ 12 സെന്റ് സ്ഥലവും, വീടും സുകൃതം ചാരിറ്റബിള്‍ ട്രസ്റ്റിന് നല്കി പെരുന്ന മുരുകനിവാസില്‍ കാര്‍ത്യായനിയമ്മ. സാധാരണക്കാര്‍ക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന ദേശീയ പ്രസ്ഥാനമായ സേവാഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് സുകൃതം ചാരിറ്റബിള്‍ ട്രസ്റ്റ്.
സുകൃതത്തില്‍ നടന്ന ഛാത്രവാസ് സംസ്ഥാനതല പരിശീലന സമാപന സഭയിലായിരുന്നു ഭൂമിദാന ചടങ്ങു നടന്നത്. സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജക് എ. ഗോപാലകൃഷ്ണന്‍ കാര്‍ത്യായനിയമ്മയെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് പിറന്നാള്‍ സദ്യയും നടത്തി.
ദേശീയ സേവാഭാരതി കേരളവും, ബാലവികാസ കേന്ദ്ര സമന്വയ സമിതിയും ചേര്‍ന്ന് നടത്തിയ ഛാത്രവാസ് സംസ്ഥാനതല പരിശീലനം ഇന്നലെ സമാപിച്ചു. ചങ്ങനാശ്ശേരി ഖണ്ഡ് സംഘചാലക് പി.ഡി. ബാലകൃഷ്ണന്‍ അധ്യക്ഷനായി. ബാലവികാസ കേന്ദ്ര സമന്വയസമിതി സെക്രട്ടറി ഇ.എന്‍. ജയപ്രകാശ്, സുകൃതം സേവാ ട്രസ്റ്റ് ചെയര്‍മാന്‍ പ്രൊഫ. പി.കെ. രാജപ്പന്‍ നായര്‍, സേവാഭാരതി ദേശീയസംഘടന സെക്രട്ടറി കെ.വി. രാജീവ്, ബാലവികാസ കേന്ദ്ര സമന്വയസമിതി സംഘടന സെക്രട്ടറി ആര്‍. സജീവന്‍, കെ. ജയപ്രകാശ്, പ്രദീപ് കുമാര്‍, ഒ.ആര്‍. ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post