തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണത്തിന് പുറമെ സര്‍ചാര്‍ജിലും വര്‍ധനവ് വരുത്തി കെ.എസ്.ഇ.ബി. നിലവിലുള്ള ഒമ്പതുപൈസ സര്‍ചാര്‍ജിന് പുറമേ ഈ മാസം യൂണിറ്റിന് 10 പൈസ അധികം ഈടാക്കാനാണ് തീരുമാനം. ഇതോടെ സര്‍ചാര്‍ജ് ആകെ 19 പൈസയായി ഉയരും. മാര്‍ച്ചിലെ ഇന്ധന സര്‍ചാര്‍ജായാണ് തുക ഈടാക്കുക. മേയിലെ ബില്ലില്‍ സര്‍ചാര്‍ജ് ഈടാക്കാനാണ് തീരുമാനം.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാനവ്യാപകമായി ലോഡ്‌ഷെഡിങ് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും പ്രാദേശികതലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് സര്‍ചാര്‍ജ് വര്‍ധനയും നടപ്പിലാക്കുന്നത്. കഴിഞ്ഞ ആറു മാസമായി നിലവിലുള്ള ഒമ്പത് പൈസയ്‌ക്ക് പു റമേ 10 പൈസ കൂടി സർച്ചാർജ് ഏർപ്പെടുത്താനാണ് പുതിയ തീരുമാനം.
നിയന്ത്രണത്തിന്റെ ഭാഗമായി രാത്രിയില്‍ ചില പ്രദേശങ്ങളില്‍ ഇടയ്‌ക്കിടെ വൈദ്യുതി വിതരണം തടസ്സപ്പെടും. അതേസമയം സംസ്ഥാനത്ത് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിന്റെ ഗുണം കിട്ടിത്തുടങ്ങിയെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി പ്രതികരിച്ചു. ഒരൊറ്റ ദിവസം കൊണ്ട് 200 മെഗാവാട്ട് ഉപയോഗം കുറഞ്ഞെന്ന് മന്ത്രി പറഞ്ഞു.
മണ്ണാർക്കാട് മേഖലയിൽ നിയന്ത്രണം ഗുണം കണ്ടു. രാത്രി പ്രവർത്തിക്കുന്ന വൻ കിട വ്യവസായങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. 10 മുതൽ 15 മിനിറ്റ് വരെ മാത്രമാണ് വൈദ്യുതി നിയന്ത്രണമുള്ളത്. വൈദ്യുതി നിയന്ത്രണം ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം പല ജില്ലകളിലും ഉഷ്ണതരംഗസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നത് നിയന്ത്രിക്കാനാവുന്നില്ല.
4200 മെഗാവാട്ട് പുറത്തുനിന്ന് കൊണ്ടുവരുന്നതും 1600 മെഗാവാട്ട് ഇവിടെ ഉത്പാദിപ്പിക്കുന്നതും ചേര്‍ത്ത് 5800 മെഗാവാട്ട് കൈകാര്യശേഷിയേ സംസ്ഥാനത്തെ വിതരണ-പ്രസരണ ശൃംഖലയ്‌ക്കുള്ളൂ. ഈ ശേഷി മറികടന്നാല്‍ പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരാനാകില്ല. ലോഡുകൂടി പലേടത്തും വൈദ്യുതിവിതരണം തടസ്സപ്പെടുകയുംചെയ്യും. മഴപെയ്ത് ചൂടുകുറഞ്ഞ് ഉപഭോഗം കുറയുന്നതുവരെ ഈ സ്ഥിതി തുടരും.
Discussion about this post