കോഴിക്കോട്: ബാലി എന്ന ദ്വീപിന്റെ ചരിത്രവും വര്‍ത്തമാനവും നമ്മള്‍ വായിച്ചറിഞ്ഞതില്‍ നിന്ന് ഭിന്നമാണെന്ന് ഗവേഷണത്തിലൂടെ സ്ഥാപിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം മെയ് 20 ന് കോഴിക്കോട്ട് നടക്കും. പുസ്തകം ബാലിദ്വീപിനെക്കുറിച്ചുള്ള ധാരണകളിലെ നേരും പതിരും തിരിച്ചറിയാന്‍ സഹായകമാകും. അതിന്റെ ഭാഗമായി ചില ഞെട്ടിക്കുന്ന വിവരങ്ങളും പുസ്തകത്തിലൂടെ വെളിപ്പെടും.
മലയാളത്തിലെ സഞ്ചാരസാഹിത്യത്തിന്റെ തമ്പുരാനായ എസ്.കെ. പൊറ്റെക്കാട്ട് നമുക്ക് അക്ഷരങ്ങളിലൂടെ കാട്ടിത്തന്ന ‘ബാലിദ്വീപ്’എന്ന പ്രദേശം വാസ്തവമായിരുന്നോ? അതിലെ വിവരണങ്ങള്‍ വസ്തുതയായിരുന്നോ? ജ്ഞാനപീഠ പുരസ്‌കൃതനായ എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘ബാലിദ്വീപ്’ വിവരങ്ങള്‍ കൂടുതല്‍ ആഴത്തിലും പരപ്പിലും വായിച്ചറിഞ്ഞും ഗവേഷണം നടത്തിയും സാമൂതിരി ഗുരുവായൂരപ്പന്‍ കോളജിലെ മലയാള വിഭാഗം തലവനും വാര്‍ത്തികം എഡിറ്ററുമായിരുന്ന പ്രൊഫ. കെ.പി. ശശിധരന്‍ തയാറാക്കിയതാണ് ‘സഞ്ചാരി പറഞ്ഞ കടംകഥ.’
ഈ പുസ്തകത്തില്‍ മറ്റൊരു ബാലി നമുക്ക് കാണിച്ചുതരുന്നു. അത് ഒരു പ്രദേശത്തിന്റെ, ജനതയുടെ സംസ്‌കാരത്തിന്റെ ചരിത്രമാണ്. ബാലി ജനത സ്വന്തം സംസ്‌കാരം സംരക്ഷിക്കാന്‍ നടത്തിയ പോരാട്ടവും വിജയവും ഇതിഹാസ സമാനമാണ്. പല രാജ്യങ്ങള്‍ക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങള്‍ക്കും പലതരം മാറ്റങ്ങള്‍ക്കും പരിഹാരമാണ് ബാലിപാഠം. എന്നാല്‍ നമുക്കു മുന്നില്‍ കിട്ടിയ ബാലിദ്വീപ് കഥ യഥാര്‍ത്ഥമല്ല. ആ കടംകഥയുടെ തിരുത്തല്‍കൂടിയാണ് ‘സഞ്ചാരി പറഞ്ഞ കടംകഥ’ എന്ന ഈ പുസ്തകം.
ജന്മഭൂമി ബുക്സ് പുറത്തിറക്കുന്ന ‘സഞ്ചാരി പറഞ്ഞ കടംകഥ’ മെയ് 20 ന് വൈകിട്ട് 5.30 ന് കോഴിക്കോട്ട് അളകാപുരിയില്‍ പ്രകാശനം ചെയ്യും.
പ്രസിദ്ധ ചരിത്ര പണ്ഡിതന്‍ ഡോ. എം.ജി. ശശിഭൂഷണും പ്രസിദ്ധ നിരൂപകന്‍ ആഷാ മേനോനും ചേര്‍ന്ന് പ്രകാശനം ചെയ്യും. പ്രമുഖ സാഹിത്യ വിമര്‍ശകന്‍ ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തും. ജന്മഭൂമി മാനേജിങ് ഡയറകട്ര്‍ എം. രാധാകൃഷ്ണന്‍ അധ്യക്ഷനാകും. തപസ്യ കോഴിക്കോട് യൂണിറ്റാണ് പ്രകാശന പരിപാടി സംഘടിപ്പിക്കുന്ന.
Discussion about this post