ഡോ.ഗോപിനാഥ് പനങ്ങാട്
ഇന്ന് കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്റെ നൂറ്റിനാല്‍പ്പതാം ജന്മദിനമാണ്. കൊടുങ്ങല്ലൂര്‍ കോവിലകത്ത് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ശിക്ഷണത്തില്‍ സംസ്‌കൃതം പഠിച്ചുകൊണ്ടിരുന്ന ചേരാനെല്ലൂര്‍കാരനായ കറുപ്പനെ കൊച്ചിയിലേക്ക് കൊണ്ടുവന്ന് അതിപ്രഗത്ഭരായ പണ്ഡിതന്മാരുടെ കീഴില്‍ തുടര്‍പഠനത്തിന് സൗകര്യമുണ്ടാക്കിയത് അന്ന് കൊച്ചിരാജ്യം ഭരിച്ചിരുന്ന രാമവര്‍മ്മ മഹാരാജാവാണ്. ഉന്നത ഉദ്യോഗങ്ങളും നിയമസഭാംഗത്വവും കവിതിലകന്‍ പട്ടവും നല്‍കി കൊച്ചി രാജകുടുംബം കറുപ്പനെ പ്രശസ്തിയിലേക്ക് ഉയര്‍ത്തി. അന്‍പതാം വയസ്സില്‍ അദ്ദേഹത്തെ മഹാരാജാവ് എറണാകുളം മഹാരാജാസ് കോളജിലെ ഭാഷാവിഭാഗം തലവനും ആക്കി. അവിടെ അദ്ധ്യാപകനായിരിക്കെ 1938 മാര്‍ച്ച് 23നാണ് അന്‍പത്തിമൂന്നാം വയസ്സില്‍ അദ്ദേഹം അന്തരിച്ചത്.
കേരളത്തിന്റെ നവോത്ഥാനചരിത്രത്തില്‍ പ്രമുഖസ്ഥാനം അലങ്കരിച്ച പണ്ഡിറ്റ് കറുപ്പന്‍ താന്‍ ജനിച്ച ധീവര സമുദായത്തിന്റെ മാത്രമല്ല, എല്ലാ പിന്നാക്ക സമുദായങ്ങളുടെയും പുരോഗതിക്കായി പ്രയത്‌നിച്ചു. എറണാകുളം പട്ടണത്തില്‍ പ്രവേശിക്കാനോ അവിടത്തെ റോഡുകളിലൂടെ നടക്കാനോ അനുവാദമില്ലാതിരുന്ന അയല്‍ദ്വീപുകളിലെ പുലയ സമുദായാംഗങ്ങളെ 1913 ഏപ്രില്‍ 21ന് വള്ളങ്ങള്‍ കൂട്ടിക്കെട്ടി കായലില്‍ വേദിയുണ്ടാക്കി ‘കായല്‍ സമ്മേളനം’ സംഘടിപ്പിച്ച് പ്രബുദ്ധരാക്കുകയും അവരെ അവരുടെ സ്വന്തം സമുദായസഭ രൂപവല്‍ക്കരിക്കാന്‍ സഹായിക്കുകയും ചെയ്തു.
മൂന്നു വര്‍ഷത്തിനുശേഷം 1916 ജനുവരി 1ന് പുതുവത്സര ദിനത്തില്‍ ദിവാന്‍ ജോസഫ് വില്ല്യം ഭോറിന്റെയും പത്‌നി ഡോ.മാര്‍ഗരറ്റിന്റെയും ബഹുമാനാര്‍ത്ഥം എറണാകുളത്തെ ഇര്‍വിന്‍ പാര്‍ക്കില്‍ (ഇന്ന് സുഭാഷ് പാര്‍ക്ക്) സംഘടിപ്പിച്ച കാര്‍ഷിക പ്രദര്‍ശനത്തിനിടയില്‍ കരയില്‍ ഇറങ്ങാനാവാതെ കായലില്‍ വള്ളങ്ങളില്‍ ഇരിക്കുകയായിരുന്ന അവരെ ദിവാന്റെ മുന്‍പിലേക്ക്, വിളിച്ചുകയറ്റി അവരുടെ പട്ടണപ്രവേശം സാധ്യമാക്കിയതും പണ്ഡിറ്റ് കറുപ്പന്‍ ആയിരുന്നു. മഹാകവി, സംസ്‌കൃത പണ്ഡിതന്‍, അദ്ധ്യാപകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ് എന്നീ നിലകളില്‍ ചരിത്രത്തിന്റെ താളുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ആ യുഗപ്രഭാവനെ അത്യാദര പൂര്‍വ്വം മനസ്സില്‍ സ്മരിക്കാം.
(പണ്ഡിറ്റ് കറുപ്പന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനാണ് ലേഖകന്‍)
Discussion about this post