പത്ത് സിഖ് ഗുരുക്കന്മാരിലെ അഞ്ചാമൻ ആയിരുന്നു ഗുരു അർജൻ ദേവ്. 1563 ഏപ്രിൽ 15 ന് ഗുരു രാംദാസായി മാറിയ ഭായി ജേത്തയുടെയും ഗുരു അമർ ദാസിന്റെ മകളായ മാതാ ഭാനിയുടെയും ഇളയ മകനായി പഞ്ചാബിലെ ഗോവിന്ദ്വാളിലാണ് അദ്ദേഹം ജനിച്ചത്.
സിഖ് ഗുരു അർജൻ ദേവിന്റെ നേതൃത്വത്തിൽ ആണ് അമൃത്സറിലെ സുവർണ്ണക്ഷേത്രനിർമ്മാണം ആരംഭിച്ചത്.
മുഗൾ രാജാക്കന്മാരുടെ ക്രൂരതയാൽ ജീവൻ നഷ്ടപ്പെട്ട സിഖ് ഗുരുക്കന്മാരിലെ ആദ്യ വ്യക്തി കൂടിയായിരുന്നു അർജൻ ദേവ്. മറ്റുമതങ്ങളിൽ വിശ്വസിക്കുന്നവരോടുള്ള മുഗൾ രാജാക്കന്മാരുടെ വിരോധമാണ് ഇത്തരം സംഭവങ്ങൾക്കടിസ്ഥാനം.
സിഖ് മതത്തോടും സിഖ് ഗുരുക്കന്മാരോടുമുള്ള ജഹാംഗീറിന്റെ വിരോധം മൂലം 1606ൽ അർജൻ ദേവിനെ ലാഹോർ കോട്ടയിൽ തടവിലാക്കി. ജഹാംഗീറിന്റെ പുത്രനായ ഖുസ്രാവിനെ അനുഗ്രഹിച്ചു എന്നതായിരുന്നു കാരണം. തടങ്കലിലാക്കിയ ശേഷം ഗുരുവിനോട് ഒന്നെങ്കിൽ 2 ലക്ഷം രൂപ പിഴയായി അടയ്‌ക്കണമെന്നും അല്ലെങ്കിൽ ഇസ്ലാമിൽ ചേരണമെന്നും ജഹാംഗീർ പറഞ്ഞു. അർജൻ ദേവ് എഴുതിയ ആദി ഗ്രന്ഥ് എന്ന പുസ്തകത്തിലെ ചില ഭാഗങ്ങൾ മാറ്റണമെന്നും ജഹാംഗീർ പറഞ്ഞു. എന്നാൽ താൻ എഴുതിയ പുസ്തകത്തിൽ മാറ്റങ്ങൾ വരുത്തില്ല എന്നും മരിച്ചാലും സിഖ് മതം ഉപേക്ഷിക്കില്ല എന്നും അർജൻ ദേവ് ഉറപ്പിച്ചുപറഞ്ഞു. തന്നെ അനുസരിക്കാത്ത അർജൻ ദേവിനെ ശിക്ഷിക്കാൻ ജഹാംഗീർ തീരുമാനിച്ചു. പിന്നീടുള്ള 5 ദിവസത്തെ ക്രൂരമായ പീഡനങ്ങൾക്ക് ശേഷം അദ്ദേഹം മരണത്തിന് കീഴടങ്ങി
ഒന്നാം ദിവസം അർജൻ സിംഗിന് കഴിക്കാൻ ഭക്ഷണമോ കുടിക്കാൻ പാനീയമോ നൽകിയില്ല. ഉറങ്ങാൻ പോലും സമ്മതിച്ചില്ല. എല്ലാം ശാന്തമനസ്സോടെ അദ്ദേഹം സഹിച്ചു. സിമ്രാനിൽ മുഴുകിയിരുന്ന അദ്ദേഹത്തിന്റെ ചുണ്ടുകൾ “വഹേഗുരു, വഹേഗുരു, വഹേഗുരു” എന്ന് ആവർത്തിച്ചുകൊണ്ടേയിരുന്നു. കൂടാതെ ഗുർബാനിയിലെ ഷബാദും ആലപിച്ചുകൊണ്ടേയിരുന്നു.
രണ്ടാം ദിവസം ഒരു വലിയ ചെമ്പ് പാത്രത്തിൽ ഗുരുവിനോട് കയറിയിരിക്കാൻ നിർദ്ദേശം നൽകി. ശേഷം പാത്രത്തിൽ വെള്ളം നിറയ്‌ക്കുകയും താഴെ തീ കത്തിക്കുകയും ചെയ്തു. വെള്ളം തിളയ്‌ക്കാൻ തുടങ്ങി. ഗുരുവിന്റെ ശരീരത്തിൽ കുമിളകൾ ഉണ്ടായി. അപ്പോഴും ഗുരു ശാന്തനായി ഇരുന്നു. അദ്ദേഹം വേദന കൊണ്ട് കരയുകയോ ഉറക്കെ ശബ്ദം ഉണ്ടാക്കുകയോ ചെയ്തില്ല. തന്നെ വേദനിപ്പിക്കുന്ന അവരോട് ഒരു തരത്തിലും അദ്ദേഹത്തിന് ദേഷ്യം തോന്നിയില്ല. അപ്പോഴും “വഹേഗുരു, വഹേഗുരു, വഹേഗുരു” എന്ന് തന്നെ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.
മൂന്നാം ദിവസം അർജൻ ദേവിനോട് ചൂടുവെള്ളത്തിൽ ഇരിക്കാൻ നിർദ്ദേശം നൽകി. ശേഷം ഇരുമ്പ് പാത്രത്തിലിട്ട് ചൂടാക്കിയ മണ്ണ് ഇദ്ദേഹത്തിന്റെ ദേഹത്ത് ഇട്ടുകൊണ്ടിരുന്നു. അപ്പോഴും അദ്ദേഹം ശാന്തനായി ഇരുന്നുകൊണ്ട് “വഹേഗുരു, വഹേഗുരു, വഹേഗുരു” എന്ന് പറഞ്ഞുകൊണ്ടിരുന്നു. അദ്ദേഹം കരയുകയോ ദേഷ്യപ്പെടുകയോ ഉണ്ടായില്ല.
നാലാം ദിവസം ഒരു ഇരുമ്പ് പാത്രം അടുപ്പിൽ വെച്ചതിന് ശേഷം അതിൽ കയറിയിരിക്കാൻ ഗുരുവിന് നിർദ്ദേശം നൽകി. തുടർന്ന് ഇരുമ്പ് പാത്രം ചൂടുകൊണ്ട് ചുവപ്പ് നിറം ആകുന്ന വരെ അവർ തീ കത്തിച്ചുകൊണ്ടിരുന്നു. ശേഷം ചൂട് മണ്ണ് ഇദ്ദേഹത്തിന്റെ ദേഹത്ത് ഇടുകയും ചെയ്തു. കരയാനോ ദേഷ്യപ്പെടാനോ നിൽക്കാതെ ശാന്തനായി ഇരുന്ന് “വഹേഗുരു, വഹേഗുരു, വഹേഗുരു” എന്ന് ആവർത്തിച്ചുകൊണ്ടേയിരുന്നു.
അഞ്ചാം ദിവസം രവി നദിയിൽ കുളിക്കാൻ നിർദ്ദേശം നൽകി. ചൂടുകൊണ്ട് ഉണ്ടായ കുമിളകളിലും പൊള്ളലുകളിലും തണുത്ത വെള്ളം സ്പർശിക്കുമ്പോൾ വേദന കൂടുമെന്ന് അവർ കരുതിയിരിക്കണം. “എന്റെ ദൈവത്തിന്റെ ഇഷ്ടം അങ്ങനെയാണെങ്കിൽ അത് നടക്കട്ടെ” എന്ന് ഗുരു പറഞ്ഞു. ഗുരു നദിയിൽ മുങ്ങിയതും പ്രകാശം ഉണ്ടാകുകയും അദ്ദേഹം പ്രകാശത്തിൽ ലയിച്ചുചേർന്നു എന്നും പറയപ്പെടുന്നു.
സിഖ് മതത്തിനും സനാതന ധർമ്മത്തിനും വേണ്ടി ബലിദാനിയായ ആദ്യ ഗുരുവായി ഗുരു അർജൻ ദേവ് അറിയപ്പെടുന്നു.
Discussion about this post