തിരുവനന്തപുരം: ആസ്തിവകകൾ സംബന്ധിച്ച് കേരളത്തിലെ ദേവസ്വം ബോർഡുകൾക്ക് ശ്രദ്ധയില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ. വി. ബാബു. ബോർഡുകൾക്ക് നൽകുന്ന ഭൂമി അന്യാധീനപ്പെട്ടു പോകുന്നതാണ് ചരിത്രമെന്നും അദ്ദേഹം പറഞ്ഞു. മലബാർ ദേവസ്വം ബോർഡിന്റെ 25,000 ഏക്കർ ഭൂമി അന്യാധീനപ്പെട്ടുവെന്ന് മലബാർ ദേവസ്വം ബോർഡ് തന്നെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
ഈ ഭൂമി തിരിച്ചുപിടിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ ജോതി ബാബുവിനെ ഹൈക്കോടതി നിയമിച്ചിരുന്നു. ഇതുവരെയും ഒരിഞ്ച് ഭൂമി പോലും തിരിച്ചുപിടിച്ചില്ല. ബോർഡിന്റെ ആസ്തികളെ കുറിച്ച് ശ്രദ്ധയില്ലാത്ത സമീപനമാണിത്. ദേവസ്വം ബോർഡുകൾ ആസ്തിവകകൾ സംരക്ഷിക്കുമെന്നതിൽ ഭക്തജനങ്ങൾക്കും ഹിന്ദു സംഘടനകൾക്കും വിശ്വാസമില്ല.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ കഴിഞ്ഞ 4-5 വർഷത്തെ ഓഡിറ്റ് മാത്രമേ നടന്നിട്ടുള്ളൂ. ഓഡിറ്റിംഗിൽ പോലും നടന്നത് ക്രമക്കേട് മാത്രമാണ്. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ സംവിധാനമാണ് ദേവസ്വം ബോർഡ് എന്നുള്ളത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്ര ഭൂമികൾ വാഹന പാർക്കിംഗിന് നൽകാനുള്ള തീരുമാനത്തെ ഹിന്ദു ഐക്യവേദി എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേവസ്വം ബോർഡിന്റെ വരുമാനത്തിൽ നിന്ന് 790 കോടി രൂപയാണ് ശമ്പളത്തിനും പെൻഷനുമായി ഒരുമാസം ചെലവഴിക്കുന്നത്. ക്ഷേത്രങ്ങളുടെ നവീകരണത്തിന് പണമില്ലെന്ന് പറയുന്ന ദേവസ്വമാണ് അനധികൃത നിയമനങ്ങൾ വഴി ഇത്രയും കോടി ചെലവഴിക്കുന്നത്.
ശബരിമലയിൽ വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തർക്ക് മാത്രമേ ദർശനം അനുവദിക്കൂ എന്ന ദേവസ്വം ബോർഡ് നിലപാടിനെ എതിർക്കും. സ്‌പോട്ട് ബുക്കിംഗ് ഇല്ല. ഭക്തരുടെ അവകാശത്തെ ലംഘിക്കുന്നതാണ്. ഓൺലൈൻ ബുക്കിംഗിന്റെ പേരിൽ ഭക്തരിൽ ഇൻഷുറൻസിന്റെ പേരിൽ ഫീസ് ഇടാക്കുന്ന നടപടി പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സേവാഭാരതി, അയ്യപ്പസേവാ സംഘം ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളെ ഒഴിവാക്കി ഭക്തരെ സഹായിക്കുന്നതിനായി ബോർഡ് പണം കൊടുത്ത് വോളണ്ടിയർമാർക്ക് നിയമനം നൽകാനൊരുങ്ങുകയാണ്. പാർട്ടികൾക്ക് തൊഴിൽ ഉറപ്പുവരുത്തുന്ന സംവിധാനമാക്കി ശബരിമലയെ മാറ്റുന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post