തുർക്ക്‌മെനിസ്ഥാനിലെ കാരകം മരുഭൂമിയിലെ (Karakum Desert) ഒരു വലിയ ഗർത്തമാണ് ദർവാസ വാതക ഗർത്തം (Darvaza Gas Crater). പതിറ്റാണ്ടുകളായി കത്തിയെരിയുന്ന പ്രകൃതിവാതകങ്ങൾ, ഭൂമിയിലെ ഏറ്റവും തീവ്രമായ ചിത്രങ്ങളിൽ ഒന്നാണ്. അഗ്നിനാളങ്ങളാൽ നിറഞ്ഞ ഗർത്തത്തിൻ്റെ കാഴ്ചകളും ശബ്ദങ്ങളും മനുഷ്യ സങ്കല്പങ്ങളിലെ നരകത്തിന് സമാനമായതിനാൽ ഇവ ‘നരകത്തിലേക്കുള്ള വാതിൽ’ (Door to Hell) എന്ന് അറിയപ്പെടുന്നു. എന്നാൽ തദ്ദേശീയർ ഇതിനെ കാരകത്തിൻ്റെ തിളക്കം (The Shining of Karakum) എന്നാണ് വിശേഷിപ്പിക്കുന്നത്.
ലോകത്തിലെ നാലാമത്തെ വലിയ വാതക ശേഖരമുള്ള രാജ്യമാണ് തുർക്ക്മെനിസ്ഥാൻ.
വടക്ക്-മധ്യ തുർക്ക്മെനിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ഈ ഗർത്തത്തിന് ഏകദേശം 226 അടി (69 മീറ്റർ) നീളവും ഏകദേശം 98 അടി (30 മീറ്റർ) ആഴവുമുണ്ട്.
എങ്ങനെയാണ് ഈ ഗർത്തം രൂപപ്പെട്ടത് എന്നത് ഇന്നുവരെ ചരിത്രപരമായ ഗവേഷണ രേഖകളിൽ ഒന്നുംതന്നെ പരാമർശിക്കുന്നില്ല. 1971-ൽ സംഭവിച്ച ഒരു ഡ്രില്ലിംഗ് അപകടത്തിന്റെ ഭാഗമായാണ് ഈ ഗർത്തത്തിൻ്റെ ഉത്ഭവം എന്ന് കരുതപ്പെടുന്നു.
തുര്‍ക്മെനിസ്ഥാന്‍ സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന ഈ കാലയളവിൽ ഗവേഷകർ എണ്ണപ്പാടമാണെന്നു കരുതി ഈ മരുഭൂമിയിൽ പര്യവേക്ഷണം നടത്തുകയും, അപ്രതീക്ഷിതമായി പ്രകൃതിവാതകങ്ങൾ അടങ്ങിയ ഒരു ഭൂഗർഭ ഗുഹ തുളയ്ക്കക്കുകയും ചെയ്തു. തൽഫലമായി ഈ സ്ഥലം ഇടിഞ്ഞു താഴുകയും അപകടം സംഭവിക്കുകയും ചെയ്തു. ജീവനക്കാർ രക്ഷപ്പെട്ടെങ്കിലും അവരുടെ ഉപകരണങ്ങൾ തകർച്ചയിൽ നഷ്ടപ്പെട്ടു. പ്രകൃതിവാതക ശേഖരമാണെന്ന് തിരിച്ചറിയാതെ ഉപകരണങ്ങൾക്ക് തീയിട്ടത് കത്തിപ്പടർന്നതാണെന്നും, ഗുഹയിൽ നിന്ന് പുറത്തു വന്ന വിഷവാതകങ്ങളിലൂടെ അപകടങ്ങൾ വരാതിരിക്കുന്നതിനായി തീ ഇട്ടതാണെന്നും അഭിപ്രായപ്പെടുന്നവർ ഉണ്ട്.
ഉടനടി കത്തി നശിക്കുമെന്ന പ്രതീക്ഷയോടെയാണ് തീ ഇട്ടതെങ്കിലും പ്രകൃതിവാതകത്തിൻ്റെ സമൃദ്ധിയാൽ 50 വർഷങ്ങൾക്കിപ്പുറവും കത്തിജ്വലിക്കുന്ന ഗോളമായിത്തന്നെ ഈ പ്രദേശം നിലനിൽക്കുന്നു.
ഇപ്പോൾ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന ഒരു ദൃശ്യമായി ദർവാസ മാറിക്കഴിഞ്ഞു. രാത്രി കാലങ്ങളിലാണ് ഇതിന്റെ ഭംഗി വർധിക്കുന്നത്.
ഇപ്പോൾ ഈ പ്രദേശം പ്രകൃതി സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെട്ടു വരികയാണ്. ദർവാസ വാതക ഗർത്തത്തിന് പുറമേ, സമാനമായ രണ്ട് ഗർത്തങ്ങളും സമീപത്തുണ്ട്. ഒന്ന് ‘വാട്ടർ ക്രേറ്റർ’ എന്നും മറ്റൊന്ന് ‘മഡ് ക്രേറ്റർ’ എന്നും അറിയപ്പെടുന്നു.
2022 ജനുവരിയിൽ, പ്രാദേശവാസികളുടെ ആരോഗ്യം, പരിസ്ഥിതി, പ്രകൃതി വാതക വ്യവസായം എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി തുർക്ക്മെനിസ്ഥാന്റെ അന്നത്തെ പ്രസിഡന്റ് ആയ ബെർഡിമുഹമ്മഡോ (Berdimuhamedow) ഗർത്തം അടക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. എന്നിരുന്നാലും, ഇന്നും ദർവാസ കാരകത്തിൻ്റെ തിളക്കമായി നിലനിൽക്കുന്നു
Discussion about this post