സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീരോദാത്തയായ വനിത. ത്യാഗത്തിന്‍റെയും ആത്മസമർപ്പണത്തിന്‍റേയും പ്രതിബിംബം. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ ബ്രിട്ടീഷുകാർക്കെതിരെ തലയെടുപ്പോടെ പട നയിച്ചവൾ. ഝാൻസിയുടെ റാണി, റാണി ലക്ഷ്മി ഭായ് എന്ന മണികർണ്ണിക.
വാരണസിയിൽ ജനിച്ച മണികർണ്ണിക, രാജാവ് ഗംഗാധർ റാവു നേവാൾക്കറിന്‍റെ ജീവിത സഖിയായായാണ് ഝാൻസിയിലെത്തുന്നത്. ഭർത്താവിന്‍റെ വിയോഗശേഷം സ്ത്രീകൾ ഭൗതിക ജീവിതം തന്നെ ഉപേക്ഷിക്കുന്ന കാലത്ത്, രാജ്യഭരണത്തിന്‍റെ ചുക്കാൻ ഏറ്റെടുത്തു ഝാൻസി റാണി. നാടിനെ വറുതിയിൽ നിന്ന് കൈകപ്പിടിച്ച് ഉയർത്തി.
ദത്തവകാശ നിരോധന നിയമ പ്രകാരം ഝാൻസിയെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേർത്തപ്പോൾ, വളയിട്ട കൈകളുമായി തുറന്ന പോരിനിറങ്ങി. വിരുദ്ധ ചേരിയിൽ നിന്ന നാട്ടുരാജാക്കൻമാരെ ഒരുമിപ്പിച്ച് റാണി നടത്തിയ പോരാട്ടം ഭാരതീയ ചരിത്രത്തിലെ സുവർണ്ണ ഏടായി പരിണമിച്ചു. മണികർണികയെ മാതൃകയാക്കി ആയുധമെടുക്കാനും തൊടുക്കാനും നിർമ്മിക്കാനും പുരുഷന്മാർക്കൊപ്പം സ്ത്രീകളും രംഗത്തുവന്നു എന്നതാണ് ശ്രദ്ധേയം.
1858ൽ ഝാൻസി വളഞ്ഞ ബ്രിട്ടീഷ് സൈന്യത്തിനെതിരെ, വളർത്തു മകന്‍ ദാമോദറിനെ ശരീരത്തോട് ചേർത്ത് കെട്ടി, ഇരു കൈകളിലും വാളേന്തി, കുതിരയുടെ കടിഞ്ഞാൺ കടിച്ചു പിടിച്ച് പൊരുതാനിറങ്ങി റാണി. ശത്രുവിന്‍റെ വാൾത്തലപ്പിൽ ശിരസ്സിന്‍റെ ഒരു ഭാഗവും, വലത് കണ്ണും അറ്റുവീണപ്പോഴും രാജ്യത്തിനായി അവർ സധൈര്യം പോരാടി. തന്നെ മുറിപ്പെടുത്തിയ ബ്രിട്ടീഷ് സൈനികന്‍റെ തലയറുത്തതിനു ശേഷമാണ് ആ ധീര വനിത പിടഞ്ഞുവീണത്.
ബാബാ ഗംഗാദാസിന്റെ കുടിലിനു മുന്നിൽ ഝാൻസിയുടെ വീരപുത്രിക്ക് ഉണക്കപ്പുല്ലിന്റെ പട്ടടയൊരുക്കിയത് ഭൃത്യനായ രാമചന്ദ്ര ദേശ്മുഖായിരുന്നു .വിപ്ലവകാരികളുടെ ജഡത്തെപ്പോലും അപമാനിക്കുന്ന ശീലമുള്ള ബ്രിട്ടീഷുപട്ടാളത്തിനു തൊടാനാകും മുൻപ് റാണിയുടെ ശരീരം ഭസ്മമാക്കപ്പെട്ടു . 1857 ലെ സ്വാതന്ത്ര്യ സമര ജ്വാലകളിൽ ഏറ്റവും തിളക്കമേറിയ തീനാമ്പുകൾ ഉയർന്നു വന്നത് ജൂൺ 18 ന് നീറിയെരിഞ്ഞ റാണി ലക്ഷ്മിഭായിയുടെ പട്ടടയിൽ നിന്നായിരുന്നു.
Discussion about this post