തിരുവനന്തപുരം: ആതുരസേവന രംഗത്ത് സജീവ സാന്നിധ്യമായ സേവാഭാരതിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ ആദരവ്. ലോക രക്തദാന ദിനത്തില്‍ കോളജ് പ്രിന്‍സിപ്പാള്‍ ലിനറ്റ് ജെ. മോറിസ് പുരസ്‌കാരവും പ്രശസ്തിപത്രവും സേവാഭാരതിക്ക് കൈമാറി.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രക്തദാനം ചെയ്യുന്നതിലുള്ള സേവാഭാരതിയുടെ പ്രവര്‍ത്തന മികവിലായിരുന്നു ആദരവ്. സേവാഭാരതിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകന്‍ ദിനേശ് പുരസ്‌കാരം ഏറ്റുവാങ്ങി. തുടര്‍ച്ചയായ രക്തദാനത്തിലൂടെ മെഡിക്കല്‍ കോളജ് ആശുപത്രി കേന്ദ്രീകരിച്ച് സേവനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ട് മുപ്പത് വര്‍ഷം പിന്നിടുകയാണ്.
രക്തദാന ക്യാമ്പ് നടത്തിയും യൂണിറ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തകരെ എത്തിച്ചുമാണ് പ്രധാനമായും രക്തദാനം ചെയ്യുന്നത്. കൂടാതെ അപൂര്‍വ ഗ്രൂപ്പുകളില്‍പ്പെടുന്ന രക്തം ആശുപത്രി അധികൃതരില്‍ നിന്നുള്ള അറിയിപ്പിനനുസരിച്ച് നല്‍കി വരുന്നു.
പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടസമയത്തും കൊവിഡ് പകര്‍ച്ചവ്യാധി കാലഘട്ടത്തിലും ദ്രുതഗതിയിലുള്ള പ്രവര്‍ത്തനത്തിനാണ് സേവാഭാരതി നേതൃത്വം വഹിച്ചത്. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ രക്തം ദാനം ചെയ്യാന്‍ തിരുവനന്തപുരത്തിനു പുറമെ കൊല്ലം ജില്ലയില്‍ നിന്നും പ്രവര്‍ത്തകരെത്തിയിരുന്നു. കൊവിഡ് കാലത്ത് ദിവസവും 50 പേര്‍ രക്തം ദാനം നല്‍കണമെന്ന ദൗത്യമാണ് സേവാഭാരതി ഏറ്റെടുത്തത്. മെഡിക്കല്‍ കോളജ് ആശുപത്രിക്ക് പുറമെ ആര്‍സിസി, ശ്രീചിത്ര എന്നിവിടങ്ങളിലും രക്തദാനം ചെയ്യുന്നു.
Discussion about this post