യൂട്ടായിലെ (Utah) സെവിയർ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഫിഷ്‌ലേക്ക് നാഷണൽ ഫോറസ്റ്റിലെ ആസ്പൻ (പോപ്പുലസ് ട്രെമുലോയ്‌ഡ്സ്) വൃക്ഷമാണ് പാണ്ടോ (Pando). ലോകത്തിലെ ഏറ്റവും വലിയ വൃക്ഷം മാത്രമല്ല, ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും 13 ദശലക്ഷം പൗണ്ട് ഭാരവുമുള്ള ജീവിയാണ് പാണ്ടോ എന്ന് ശാസ്ത്രലോകം വിശ്വസിക്കുന്നു. വിറയ്ക്കുന്ന ആസ്പൻസ് (Quaking aspens) എന്നും വിളിക്കപ്പെടുന്ന ഈ മരത്തിന് ഏകദേശം 47,000 തണ്ടുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. വ്യക്തിഗത മരങ്ങളായി കാണപ്പെടുന്ന ഇവയെ പ്രധാനമായും ഒറ്റ വേരിനാലാണ് ബന്ധിപ്പിച്ചിരിക്കുന്നത്. 106 ഏക്കറിൽ പരന്നു കിടക്കുന്ന ഇവയുടെ കാണ്ഡത്തിന് സമാനമായ ജനിതക ഘടനയായതിനാൽ ഇവയെ ഒരൊറ്റ ജീവജാലമായി കണക്കാണുന്നു.
പരന്ന ഇലകൾ നീളമുള്ള ഇലഞെട്ടുകളാൽ ശാഖകളുമായി ഘടിപ്പിച്ചിരിക്കുന്നതിനാൽ, അവ ഇളം കാറ്റിൽ പോലും ശക്തമായി കുലുങ്ങുകയോ വിറയ്ക്കുകയോ ചെയ്യുന്നതിനാലാണ് ഇവക്ക് ക്വാക്കിംഗ് ആസ്പൻസ് എന്നപേര് വന്നത്. ലാറ്റിൻ ഭാഷയിൽ പാണ്ടോ എന്നാൽ ‘ഞാൻ പരന്നു’ (I Spread) എന്നാണ് അർഥം.
ക്ലോണിൻ്റെയും വേരിന്റെയും കൃത്യമായ പ്രായം കണക്കാക്കാൻ പ്രയാസമാണ്, എന്നാൽ ഇതിന്റെ ഉത്ഭവം ഹിമയുഗത്തിൻ്റെ അവസാനത്തിലാകാം എന്ന് കണക്കാക്കപ്പെടുന്നു. ചില മരങ്ങൾക്ക് 130 വർഷത്തിലധികം പഴക്കമുണ്ട്. അതിൻ്റെ ഭീമാകാരമായ വലിപ്പവും ഭാരവും പ്രായവും കാരണം ലോകമെമ്പാടും പ്രശസ്തി ആർജ്ജിച്ചു. എന്നാൽ ഇന്ന് പാണ്ടോയുടെ ക്ലോണിംഗ് നിരക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രായാധിക്യം കൊണ്ടുണ്ടാകുന്ന അസുഖങ്ങളും പ്രാണികളുടെ ആക്രമണവും മനുഷ്യരുടെ അധിനിവേശവുമാകാം കാരണങ്ങൾ എന്നാണ് ഗവേഷകരുടെ നിഗമനം. മരങ്ങൾ ദുർബലമാവുകയും ഇല്ലാതാവുകയും, ഒപ്പം പുനരുജ്ജീവനത്തിൻ്റെ അഭാവം എന്നിവ കാരണം കാലക്രമേണ പാണ്ടോ പൂർണമായും ഇല്ലാതായേക്കാം.
പുതിയ ക്ലോണുകൾക്ക് ജീവൻ നൽകി പാണ്ടോയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ട് വരാൻ ഫോറസ്റ്റ് സർവീസ് മറ്റ് സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
Discussion about this post