നാഗര്‍കോവില്‍: ധീരദേശാഭിമാനികളുടെ പേര് കൊത്തിയ കന്യാകുമാരിയിലെ ത്യാഗമതില്‍ രാജ്യത്ത് നൂറിടങ്ങളില്‍ വ്യാപിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിലെ ചക്ര വിഷന്‍ ഇന്ത്യ ഫൗണ്ടേഷന്‍ ട്രസ്റ്റും വിവേകാനന്ദ കേന്ദ്രവും സംയുക്തമായി നിര്‍മ്മിച്ച ഭാരത് മാത ശില്പത്തിന്റെ അനാച്ഛാദനം, സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിക്കുന്ന ആദരാഞ്ജലി ചുമര്‍ (ട്രിബ്യൂട്ട് വാള്‍) ഉദ്ഘാടനം എന്നിവ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വിവിധ ഭാഷ, ജാതി മതം എന്നിവ ഉണ്ടങ്കിലും അതില്‍ ഒരുമയുണ്ട് എന്നതാണ് ഭാരതത്തിന്റെ പ്രത്യേകത. നമ്മുടെ സംസ്‌കാരം ചൈനയുടേതിനേക്കാള്‍ പ്രാചീനമാണ്. ഇത് വരും തലമുറയ്ക്ക് പകരേണ്ടത് നമ്മുടെ കടമയാണ്. ഈ സംസ്‌കാരത്തെ നിലനിര്‍ത്താന്‍ നമുക്ക് നിരവധി ആക്രമണങ്ങളെ നേരിടേണ്ടി വന്നു. ബലിദാനികള്‍ ഉണ്ടായി. എന്നിട്ടും നമ്മള്‍ അതിജീവിച്ചു. ഇതിന് തെളിവാണ് പ്രയാഗ് രാജിലെ ആല്‍മരം. ബാദുഷമാര്‍ ആക്രമിച്ച് വേരോടെ ഉന്മൂലനം ചെയ്‌തെങ്കിലും ആല്‍മരം വീണ്ടും തളിര്‍ത്തു. മരം, കാറ്റ്, ജലം, അഗ്‌നി ഇവയൊക്കെ പൂജിക്കുന്ന ഒരു സംസ്‌കാരം നമുക്കുണ്ട്. അതാണ് പ്രയാഗ് രാജിലും കണ്ടത്, സര്‍സംഘചാലക് പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖരായ 1040 വ്യക്തികളുടെ പേരുകള്‍, ജനനം, മരണം എന്നിവ ചുമരില്‍ ആലേഖനം ചെയ്തിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസ്, ബാലഗംഗാതര തിലക്, മന്നത്ത് പത്മനാഭന്‍, കുട്ടിമാളു തുടങ്ങിയവരുടെ പേരുകള്‍ ഉള്‍പ്പെടുന്ന സമര്‍പ്പണവാളിന്റെ പ്രവേശന കവാടത്തില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും പ്രധാനമന്ത്രിയുടെ സന്ദേശം രേഖപ്പെടുത്തിയ ഫലകവും സ്ഥാപിച്ചിട്ടുണ്ട്.
‘ട്രിബ്യൂട്ട് വാള്‍’ എന്ന ആശയം ലോകത്ത് ആദ്യവും സവിശേഷവുമാണ്. ചക്രവിഷന്‍ ഇന്ത്യ ഫൗണ്ടേഷന്‍ ട്രസ്റ്റ് ഏറ്റെടുത്ത ഈ സംരംഭം തീര്‍ച്ചയായും യുവതലമുറയെ പ്രചോദിപ്പിക്കുമെന്നും ഇതില്‍ അഭിമാനം കൊള്ളുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തില്‍ രേഖപ്പെടുത്തുന്നു.
ചടങ്ങില്‍ ചക്ര ഫൗണ്ടേഷന്‍ സ്ഥാപകന്‍ ചക്രരാജശേഖര്‍, വൈസ് ചെയര്‍മാന്‍ ഗോവര്‍ദ്ധന്‍, വിവേകാനന്ദ കേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. തിങ്കളാഴ്ച വൈകിട്ട് കന്യാകുമാരിയില്‍ എത്തിയ മോഹന്‍ ഭാഗവത് ഇന്നലെ രാവിലെ ആറിന് കന്യാകുമാരി ക്ഷേത്ര ദര്‍ശനം നടത്തി. ഇന്ന് മുതിര്‍ന്ന സംഘ പ്രവര്‍ത്തകരുമായുള്ള ബൈഠക്കില്‍ പങ്കെടുത്ത ശേഷം 25ന് കാര്‍ മാര്‍ഗം തിരുവനന്തപുരത്ത് എത്തി വിമാന മാര്‍ഗം ദല്‍ഹിയിലേക്ക് പോകും.
Discussion about this post