തൊടുപുഴ: പെതുപ്രവര്‍ത്തന രംഗത്ത് ഏഴു പതിറ്റാണ്ടുകള്‍ പിന്നിടുകയും വ്യക്തിജീവിതത്തില്‍ നവതിയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന പി. നാരായണനെ ആദരിക്കുന്നതിനായി നാളെ വൈകിട്ട് അഞ്ച് മുതല്‍ ഇടയ്ക്കാട്ടുകയറ്റം ജോഷ് പവലിയനില്‍ സംഘപഥത്തിലെ നാരായണം എന്ന പേരില്‍ സംഘടിപ്പിക്കുന്ന കുടുംബസംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം വി. ഭാഗയ്യാ മുഖ്യപ്രഭാഷണം നടത്തും.
മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറും പ്രസ് അക്കാദമി മുന്‍ ചെയര്‍മാനുമായ തോമസ് ജേക്കബ് അധ്യക്ഷനാകും. മുന്‍ ഡിജിപി ജേക്കബ് തോമസ്, രാഷ്ട്രീയ നിരീക്ഷകന് അഡ്വ. എ. ജയശങ്കര്‍, മുതിര്‍ന്ന സംഘ പ്രചാരകന് എസ്. സേതുമാധവന്, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന്, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. രാമന്‍പിള്ള, തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, നവതി ആഘോഷ സമിതി സംയോജകന്‍ എ. സന്തോഷ് ബാബു എന്നിവര്‍ സംസാരിക്കും.
തുടര്‍ന്ന് പി. നാരായണന് മറുപടി പ്രസംഗം നടത്തും. പി.നാരായണന് രചിച്ച് ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന സംഘപഥത്തിലൂടെ എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രീ പബ്ലിക്കേഷന്‍ ഉദ്ഘാടനവും, പി. നാരായണന് പരിഭാഷപ്പെടുത്തിയ മധുശ്രീ മുഖര്‍ജിയുടെ ബ്രിട്ടീഷ് ഇന്ത്യ – ഇരുണ്ടകാലം എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയുടെ പ്രകാശനവും, അദ്ദേഹം രചിക്കുകയും തര്‍ജ്ജമ ചെയ്യുകയും ചെയ്ത പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്പനയും, പി. നാരായണനെക്കുറിച്ച് തയ്യാറാക്കിയ ഡോക്കുമെന്ററിയുടെ പ്രദര്‍ശനവും സമ്മേളനത്തോടനുബന്ധിച്ച് നടക്കും. സമ്മേളനാന്തരം കലാനിശയും ഉണ്ടാകും.
Discussion about this post