ഇന്‍ഡോര്‍(മധ്യപ്രദേശ്): ഭരണമാറ്റമുണ്ടാകേണ്ടത് അക്രമത്തിലൂടെയും അശാന്തിയിലൂടെയുമല്ല, തെരഞ്ഞെടുപ്പിലൂടെയാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. രാജ്യത്തിനകത്തും പുറത്തുമുള്ള ചില അരാജകശക്തികളുടെ ഗൂഢാലോചന സമീപകാലത്ത് അശാന്തി ഉണ്ടാക്കാനുള്ള പരിശ്രമങ്ങള്‍ക്ക് പിന്നിലുണ്ട്. സമൂഹവും സര്‍ക്കാരും യുവാക്കളുടെ ആഗ്രഹങ്ങളെയും ആശങ്കകളെയും മനസിലാക്കേണ്ടതുണ്ട്. പരാതികളെ തള്ളിക്കളയുന്നതിനുപകരം ചര്‍ച്ചകളിലൂടെ പരിഹരിക്കുകയാണ് വേണ്ടത്. പ്രതിഷേധങ്ങള്‍ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള അവസരമായി മാറരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡോറില്‍ സമാപിച്ച ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡലിന്റെ വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവയ്ക്കുന്നതിനിടെ ഉയര്‍ന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സര്‍കാര്യവാഹ്.
വോട്ടര്‍ പട്ടികയില്‍ പിഴവുകളില്ലെന്ന് ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടത്തുന്ന നടപടിയാണ് എസ്ഐആര്‍. അതിനെതിരെ പ്രതിഷേധിക്കുന്നത് അത്ഭുതമാണുണ്ടാക്കുന്നത്. ജനാധിപത്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരവരുടെ അജണ്ടകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാം. എന്നാല്‍ ഒരു വിഷയത്തില്‍ പ്രതിഷേധിക്കുന്നതിന് മുമ്പ് അതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന് പരിശോധിക്കാന്‍ തയാറാകണം.വോട്ടര്‍ പട്ടികയില്‍ കൃത്യത വരുത്തുകയാണ് എസ്ഐആര്ന്റെ ലക്ഷ്യം. പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവരില്‍ പലരും മരിച്ചുപോയവരോ അല്ലെങ്കില്‍ ഒരേസമയം രണ്ട് സ്ഥലങ്ങളില്‍ വോട്ടര്‍മാരായി പേര് രജിസ്റ്റര്‍ ചെയ്തവരോ ആയിരുന്നു. ഭാരതീയ പൗരന്മാരല്ലാത്തവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവാക്കള്‍ ചില വിഷയങ്ങള്‍ ഉന്നയിക്കുന്നു എന്നതുകൊണ്ട് മാത്രം അവര്‍ രാജ്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്ന് അര്‍ത്ഥമില്ല. അവരുമായി സംവാദം തുടരണം. പുതിയ തലമുറയുമായി ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തുകയും കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. യുവാക്കള്‍ക്ക് എക്കാലത്തും അമര്‍ഷമുണ്ട്. ഓരോ തലമുറയിലെയും യുവാക്കള്‍ക്ക് നിലവിലുള്ള വ്യവസ്ഥിതിയോടോ ആശയങ്ങളോടോ എതിര്‍പ്പ് തോന്നാം. അത്തരം വികാരങ്ങളെ ശരിയായ ദിശയിലേക്ക് തിരിച്ചുവിടാന്‍ വഴികളുണ്ട്. അതിനെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയും സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് തികച്ചും തെറ്റാണ്, ഹൊസബാളെ പറഞ്ഞു. സദുദ്ദേശ്യമുള്ളവര് നിഷ്ക്രിയരായിരിക്കുന്നത് അരാജകത്വ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. അവര്‍ ശബ്ദമുയര്‍ത്തണം. സജ്ജനങ്ങളുടെ സംഘടിത ശബ്ദം അരാജകത്വകലഹങ്ങളെ ഇല്ലാതാക്കും , അദ്ദേഹം പറഞ്ഞു.
സാമൂഹിക അസമത്വം പൂര്‍ണമായും നീക്കുന്നത് വരെ സംവരണം തുടരണമെന്നാണ് ആര്‍എസ്എസ് നിലപാട്. വിവേചനം മൂലം ദുരിതമനുഭവിച്ചവര്‍ക്ക്, സമൂഹത്തില്‍ തുല്യത കൈവരിച്ചുവെന്ന് ബോധ്യപ്പെടുന്നത് വരെ ഈ സംവിധാനത്തിന്റെ ആനുകൂല്യം ലഭിക്കണം. മറ്റ് രാജ്യങ്ങളിലും സമാനമായ സംവിധാനങ്ങളുണ്ട്. അമേരിക്കയില്‍ ഇതിനെ ‘അഫര്‍മേറ്റീവ് ആക്ഷന്‍’ എന്ന് വിളിക്കുന്നു. മറ്റ് ചില രാജ്യങ്ങളില്‍ ഇതിനെ ‘പോസിറ്റീവ് ഡിസ്ക്രിമിനേഷന്‍’ എന്ന് വിളിക്കുന്നു. അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര സംഘടനയായി മാറാന്‍ ആര്‍എസ്എസിന് ഉദ്ദേശ്യമില്ലെന്ന് സര്‍കാര്യവാഹ് വ്യക്തമാക്കി. 80 മുതല്‍ 100 വരെ രാജ്യങ്ങളില്‍ സ്വയംസേവകര്‍ ഉണ്ടെന്നും, അവര്‍ അതാത് രാജ്യങ്ങളിലെ നിയമങ്ങള്‍ക്കനുസൃതമായി ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.













