മേപ്പാടി: പഠനത്തിന്റെയും പരീക്ഷകളുടെയും തിരക്കില്‍ നിന്ന് മാറി, ഉരുള്‍പൊട്ടല്‍ തകര്‍ത്തെറിഞ്ഞ ചൂരല്‍മലയിലും ദുരിതാശ്വാസ ക്യാമ്പുകളിലുമായി കഴിയുകയാണ് ഈ ക്യാമ്പസ് യൗവനം. സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത തല തെറിച്ച തലമുറ എന്ന കുറ്റപ്പെടുത്തല്‍ തിരുത്തുകയാണ് ഇവര്‍. ദുരന്തമേഖലയിലെ എബിവിപി-സ്റ്റുഡന്റ്‌സ് ഫോര്‍ സേവാ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് മാതൃകയാവുകയാണ്. കഴിഞ്ഞ പതിനൊന്ന് ദിവസമായി സേവാഭാരതിയുമായി ചേര്‍ന്ന് വിവിധ സന്നദ്ധ സേവാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുകയാണ് വിവിധ ക്യാമ്പസുകളില്‍ നിന്നായെത്തിയ വിദ്യാര്‍ത്ഥികള്‍.
അഞ്ഞൂറിലധികം പ്രവര്‍ത്തകരാണ് കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളായി സേവാപ്രവര്‍ത്തനങ്ങള്‍ക്ക് ചൂരല്‍മലയില്‍ എത്തിയത്. ദുരിതാശ്വസ ക്യാമ്പുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍, സാമൂഹ്യ അടുക്കളയില്‍, മേപ്പാടി ടൗണ്‍ ശുചീകരണത്തില്‍, കാണാതായ ആളുകളുടെ തെരച്ചിലില്‍… അവര്‍ സജീവമാണ്. എബിവിപി സംസ്ഥാന ഭാരവാഹികള്‍ മുതല്‍ യുണിറ്റ് പ്രവര്‍ത്തകര്‍ വരെ സജീവമായി വിവിധ പ്രവര്‍ത്തനങ്ങളിലുണ്ട്. ഉരുള്‍പൊട്ടല്‍ ബാധിച്ച മേഖലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠന സാമഗ്രികള്‍ ശേഖരിച്ച് നല്കാനുള്ള പ്രവര്‍ത്തനം എസ്എഫ്എസ് നടത്തുകയാണെന്ന് ദേശീയ ഇന്‍ചാര്‍ജ് ഭവാനി ശങ്കര്‍ പറഞ്ഞു.
രക്ഷാ-സേവാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ഭവാനി ശങ്കര്‍ വയനാട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ എത്തിയത്. വിവിധ ദുരിത്വാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ക്യാമ്പുകളില്‍ കഴിയുന്ന ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികളുമായി അദ്ദേഹം സംസാരിച്ചു. വരും ദിവസങ്ങളിലും സേവന പ്രവര്‍ത്തനങ്ങളില്‍ എസ്എഫ്എസ് പ്രവര്‍ത്തകര്‍ സജീവമായി ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികളില്‍ സേവന മനോഭാവം വളര്‍ത്താനും സേവാപ്രവര്‍ത്തനങ്ങള്‍ നടത്താനും വേണ്ടിയുള്ള സംഘടനയാണ് സ്റ്റുഡന്റസ് ഫോര്‍ സേവാ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി സന്നദ്ധ സേവാ പ്രവര്‍ത്തങ്ങള്‍ക്ക് എസ്എഫ്എസ് നേതൃത്വം നല്കുന്നു. എബിവിപി സംസ്ഥാന സെക്രട്ടറി ഈ.യു. ഈശ്വരപ്രസാദും മറ്റുപ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Discussion about this post