ഡോ.എം.വി. നടേശന്‍
(ലേഖകന്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല റിട്ട.പ്രൊഫസറാണ്)
ശ്രീനാരായണ ഗുരുദേവന്റെ 170-ാമത് ജയന്തിയാണ് ഈ വര്‍ഷം. ചിങ്ങമാസത്തിലെ ചതയദിനം ഗുരുദേവ ഭക്തന്മാര്‍ക്ക് പൊതുവേ ആചാരത്തിന്റെയും ആഘോഷത്തിന്റേയും പുണ്യദിനമാണ്. എന്നാല്‍ വയനാട് ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സഹജീവികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതിനാല്‍ ആഘോഷങ്ങള്‍ പരമാവധി ഒഴിവാക്കി വളരെ ലളിതമായാണ് ജയന്തിദിന പരിപാടി നടത്തുന്നത്. എന്നിരുന്നാലും ഏത് സാഹചര്യത്തിലും മറക്കാന്‍ പാടില്ലാത്ത ചില ഓര്‍മ്മപ്പെടുത്തലും സന്ദേശവുമുണ്ട്. പ്രത്യേകിച്ച് ഈ വര്‍ഷം.
ചിങ്ങ മാസത്തിലാണ് ശതഭിഷക് എന്ന് പേരുള്ള ചതയം നക്ഷത്രം വരുന്നത്. കള്ളവും ചതിയും എള്ളോളമില്ലാത്ത, വീമ്പുപറച്ചിലുകളില്ലാത്ത, മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന, കള്ളക്കടത്തും സ്വജനപക്ഷപാതവും ഇല്ലാത്ത, നോക്കുകൂലിയും പിന്‍വാതില്‍ നിയമനവുമില്ലാത്ത, മനോഹരമായ സാമൂഹിക സാംസ്‌കാരിക സാഹചര്യത്തെ സൂചിപ്പിക്കുന്നതാണ് പൊന്നിന്‍ ചിങ്ങത്തിലെ തിരുവോണം. അത്രയും കാര്യക്ഷമമായ ഭരണസംവിധാനം നാട്ടിലുണ്ടായിരുന്നു എന്ന നല്ലോര്‍മ്മകള്‍ ആവേശം ഉണര്‍ത്തുന്നതാണ്.
ഇനിയെത്ര വസന്തങ്ങള്‍ കൊഴിഞ്ഞാലും മലയാളി ഉള്ളകാലത്തോളം മറക്കാനാവാത്ത ഉത്സവമായിത് തുടരുക തന്നെ ചെയ്യും. കാരണം, ഒരു ജാതി ഒരു മതം ഒരുദൈവമെന്നൊരു പരിശുദ്ധ വേദാന്തം സഫലമായിത്തീരാന്‍ പ്രാര്‍ത്ഥിച്ച മലയാളിയേയും മലയാഴ്മയേയും പാകപ്പെടുത്തിയതില്‍ ഓണം വഹിച്ച പങ്ക് വലുതാണ്. അക്കാലത്ത് രാജ്യം ഭരിച്ചിരുന്ന ഭക്തനും ധര്‍മ്മിഷ്ഠനുമായ ഭരണാധിപനേയും, അദ്ദേഹത്തിന്റെ സമര്‍പ്പണഭാവത്ത പരീക്ഷിച്ച് പരമപദം നല്‍കിയ ഭഗവാനേയും ഒരുപോലെ ആരാധിക്കാനുള്ള അവസരമാണ് ഓണാഘോഷത്തില്‍ പ്രധാനപ്പെട്ടത്. ഇതൊന്നും മിത്തല്ല . സത്യത്തിലേക്ക് നയിക്കുന്നതും പ്രതീക്ഷ നല്‍കുന്നതുമായ ഉദാത്ത സങ്കല്പമാണ്. ഇങ്ങനെ വിശ്വസിക്കാനാണ് പൊതുവേ മലയാളി ആഗ്രഹിക്കുന്നത്.
ഈ സങ്കല്പത്തെ യാഥാര്‍ത്ഥ്യമാക്കാനും അസമത്വവും അടിമത്തവുമില്ലാതാക്കി സമ്പന്നമായൊരു സാമൂഹിക ജീവിത സാഹചര്യം സൃഷ്ടിക്കാനുമായി പിറവിയെടുത്ത മഹാപുരുഷന്മാരുടെ ജന്മദിനങ്ങളാണ് ചിങ്ങത്തില്‍ വരുന്നത്. ശ്രീനാരായണ ഗുരുദേവന്‍ ,അയ്യന്‍കാളി, ചട്ടമ്പിസ്വാമികള്‍, ആഗമാനന്ദ സ്വാമികള്‍ എന്നിങ്ങനെയുള്ള കേരളത്തിന്റെ സൗഭാഗ്യങ്ങളാണവര്‍. ഇന്നത്തെ സമൂഹത്തിന്റെ അവസ്ഥ എന്തെന്നും നാളെ എന്തായിരിക്കണമെന്നും ചിന്തിപ്പിക്കുന്നതിനുള്ള സുദിനങ്ങള്‍ കൂടിയാണ് ഈ ജയന്തി ദിനങ്ങള്‍.
അധഃസ്ഥിത ജനവിഭാഗങ്ങളുടെ പടനായകനായിരുന്ന മഹാത്മാ അയ്യങ്കാളിയുടെ ജയന്തിദിനമാണ് അവിട്ടം. വേദാഗമസാരമറിഞ്ഞ് ഉച്ചനീചത്വങ്ങള്‍ ഇല്ലാതാക്കാനും ഏകലോക ദര്‍ശനത്തില്‍ അധിഷ്ഠിതമായൊരു ജീവിതസാഹചര്യം സൃഷ്ടിക്കാനും അവതരിച്ച ശ്രീനാരായണ ഗുരുവിന്റെ ജയന്തിയാണ് ചതയം. ശ്രീശങ്കരന് ശേഷം കേരളം കണ്ട മഹാനായ സംന്യാസിയാണ് ശ്രീനാരായണഗുരു എന്ന് പ്രഖ്യാപിച്ച, കേരള വിവേകാനന്ദന്‍ എന്ന് വിളിപ്പേരുള്ള ആഗമാനന്ദ സ്വാമികളുടെ ജന്മദിനവും ഇതേ മാസം രേവതി നാളിലാണ്. മതപരിവര്‍ത്തനം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് മതം മാറേണ്ടവര്‍ സനാതന ധര്‍മ്മത്തിലേക്ക് മാറിക്കൊള്ളട്ടെ എന്ന് പ്രഖ്യാപിച്ച ശ്രീനാരായണ ഗുരുദേവനെ ആഴത്തില്‍ അറിഞ്ഞ സ്വാമികള്‍ പ്രകടിപ്പിച്ച അഭിപ്രായം ഏറെ പ്രസക്തമാണ്. ‘സനാതന ധര്‍മ്മത്തില്‍നിന്ന് വ്യത്യസ്തമായി ശ്രീനാരായണ ധര്‍മ്മമെന്നൊന്ന് പ്രത്യേകം ഉണ്ടാക്കുന്നവരോട് എനിക്ക് പറയാനുള്ളത് അവര്‍ കുളത്തിനകത്ത് മറ്റൊരു കുളം ഉണ്ടാക്കുന്ന സമ്പ്രദായം തുടങ്ങരുതെന്നാണ്. അദൈ്വതിയായ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യന്മാരും ഭക്തന്മാരും അദൈ്വത വേദാന്തം പഠിക്കുകയും പഠിപ്പിക്കുകയും, ലോകത്ത് പ്രചരിപ്പിക്കുകയും ചെയ്ത് നിരീശ്വരത്വവും, അധര്‍മ്മവും ഉച്ചാടനം ചെയ്തു തീകുണ്ഡത്തില്‍ വീണ് പൊരിയാന്‍ പോകുന്ന ലോകത്തെ നിത്യ കല്യാണത്തിലേക്ക് നയിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’.
ഗുരുദേവന്റെ പേരിലുള്ള കേന്ദ്രങ്ങളോരോന്നും മതതീവ്രവാദികളുടെയും ടൂള്‍ കിറ്റ് സമരക്കാരുടേയും സഹായത്തോടെ പിടിച്ചെടുത്ത് രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ താവളമാക്കാന്‍ അണിയറ പ്രവര്‍ത്തനം നടക്കുകയാണ്. അതിന്റെ തീവ്രത അറിയുമ്പോഴാണ് ഈ ഉപദേശത്തിന്റെ ഗൗരവം അറിയൂ. ഗുരുദേവന്‍ സംന്യാസിയല്ല, ഈഴവര്‍ ഹിന്ദുക്കളല്ല, അതുകൊണ്ട് ക്ഷേത്രങ്ങളില്‍ പോകരുത് തുടങ്ങിയ ഹാഷ് ടാഗുകള്‍ ഇതിന്റെ ഭാഗമാണ്. ഗുരുദര്‍ശനത്തിന്റെ എതിര്‍വശം സഞ്ചരിച്ച് കേരളത്തില്‍ മനുഷ്യവിരുദ്ധവും പ്രകൃതി വിരുദ്ധവുമായ സാഹചര്യം സൃഷ്ടിക്കുന്ന ഇത്തരം നീതികേടിനെ ഇല്ലാതാക്കുന്നതിന് ജാതിഭേദം മറന്ന് ഒന്നിക്കേണ്ട സമയമാണിത്. അതിന് ആധ്യാത്മിക പ്രഭാവമുള്ള ആചാര്യന്മാരുടെ മാര്‍ഗനിര്‍ദ്ദേശത്തെ എങ്ങനെ വിനിയോഗിക്കാമെന്ന് നാം ചിന്തിക്കണം.
നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് ആലുവ അദൈ്വതാശ്രമത്തില്‍ നടന്ന സര്‍വ്വമത സമ്മേളനത്തിന്റെ (1924)ശതാബ്ദി വര്‍ഷമാണിത്. ”പല മതസാരവും ഏകം” എന്ന സത്യത്തെ അറിയുകയും അറിയിക്കുകയും ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത ഏഷ്യയിലെ ആദ്യത്തെ സര്‍വമത സമ്മേളന സന്ദേശത്തിന് ഇപ്പോഴും ഏറെ പ്രാധാന്യമുണ്ട്.
ഏകതയുടെ മതം
പരമതവാദികള്‍ പൊരുതി ജയിക്കാന്‍ ശ്രമിക്കുന്നവരാണ്. അത് ആത്മനാശത്തിലേക്ക് നയിക്കും. ആത്മബോധത്തിലേക്ക് നയിക്കുന്ന ഏകത്വത്തിന്റെ മതമാണ് ഇന്നാവശ്യം. അതാവട്ടെ അപരനുമായി കലവറയില്ലാതെ സംവദിക്കുകയും നന്മചെയ്യുകയും ചെയ്യുന്ന, ഗര്‍ഭപിണ്ഡത്തോട് പോലും നന്ദികാണിക്കുന്ന, ഓരോ ആചാര്യനും അനുകമ്പാശാലിയാണെന്ന് തിരിച്ചറിയുന്ന, എല്ലാവരും ആത്മസഹോദരരെന്ന് കാണുന്ന, നല്ല കാര്യം മറക്കാത്ത, മനുഷ്യത്വമെന്ന ജാതിയില്‍ വിശ്വസിക്കുന്ന, കഴിക്കുന്ന അന്നത്തിലും, ധരിക്കുന്ന വസ്ത്രത്തിലും ദൈവത്തെ കാണാന്‍ പഠിപ്പിക്കുന്ന, അവിവേകത്താല്‍ പോലും കൈകാലുകള്‍ കൊണ്ട് അരുതാത്തത് ചെയ്യിക്കരുതേ, രോഗാദികള്‍ ഒഴിവാക്കണേ , ദാരിദ്ര്യമഹാദുഖം വരാതിരിക്കണേ എന്നൊക്കെ പ്രാര്‍ത്ഥിക്കുന്ന മതമാണത്.
വാദിക്കാനും ജയിക്കാനുമാണ് ഞാന്‍ ജനിച്ചതെന്ന മുന്‍വിധി മാറ്റിവെച്ച്, അറിയാനും അറിയിക്കാനും വേണ്ടിയുള്ള വലിയ സംസ്‌കാരത്തിലേക്കുള്ള ചുവട് മാറ്റമാണ് അടിസ്ഥാനപരമായി ഇതിനാവശ്യം. അപ്പോഴേ കാണുന്നതും ഒന്ന്, കേള്‍ക്കുന്നതും ഒന്ന്, കരുണാമയനാം ദൈവമൊന്ന് എന്ന വലിയ സത്യം മനസിലാകൂ. ചെയ്തു കൂട്ടുന്ന മഹാപരാധങ്ങളെ ന്യായീകരിക്കുന്നതിലല്ല, പറ്റിപ്പോയ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന സ്വയം നിശ്ചയിക്കലാണ് ആവശ്യം. സാക്ഷരരെന്നും വിദ്യാസമ്പന്നരെന്നും അഭിമാനിക്കുന്ന പ്രബുദ്ധ സമൂഹം ഇനിയും അതിന് തയ്യാറല്ലായെങ്കില്‍ വലിയ വില നല്‍കേണ്ടിവരും.
ശ്രീനാരായണ ഗുരുദേവന്റെ ഈ സന്ദേശം ലോകത്താകമാനം പ്രചരിപ്പിക്കാന്‍ നടരാജഗുരു നൂറു വര്‍ഷങ്ങള്‍ക്ക്(1923) മുന്‍പ് സ്ഥാപിച്ചതാണ് നാരായണ ഗുരുകുലം. ഭൂഖണ്ഡാന്തര യാത്രകള്‍ നടത്തി പാശ്ചാത്യ പൗരസ്ത്യ വിജ്ഞാനങ്ങളെ അടുത്തറിഞ്ഞ് ഗുരു ദര്‍ശനത്തെ മിഴിവോടെ അവതരിപ്പിച്ച അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ സമാനതകളില്ലാത്തതാണ്. അദ്ദേഹത്തിന്റെ മാര്‍ഗത്തിലൂടെ സഞ്ചരിച്ച നിത്യചൈതന്യ യതിയുടെ ശതാബ്ദി കൂടിയാണ് ഈ വര്‍ഷം.
ലോകോത്തര ചിന്തകരെ പോലും സ്വാധീനിച്ചതാണ് ഈ പരമ്പര അവതരിപ്പിച്ച വിദ്യാഭ്യാസം, സാമ്പത്തികചിന്ത, മൂല്യബോധം, ദര്‍ശനം, മനോവിജ്ഞാനം എന്നിങ്ങനെയുള്ള കാര്യങ്ങള്‍. ഏകലോക ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ബ്രഹ്മവിദ്യയെ പുന:പ്രതിഷ്ഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഗുരുകുലങ്ങള്‍ സ്ഥാപിച്ചത്. ലോക സമാധാനത്തിനു വേണ്ടി സംഘടിപ്പിച്ച സമ്മേളനങ്ങള്‍, സെമിനാറുകള്‍, നിരവധിയായ കൃതികള്‍, സംവാദങ്ങള്‍ തുടങ്ങിയവ ഗുരുദര്‍ശനത്തെ ലോകത്തിന് പരിചയപ്പെടുത്താനുള്ള ശ്രമമായിരുന്നു. പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന നാം ഇക്കാര്യം ഇനിയും അറിഞ്ഞില്ലെങ്കില്‍ ഗുരു പരമ്പരയോട് ചെയ്യുന്ന മഹാപരാധമായിരിക്കും.
ചട്ടമ്പിസ്വാമികളുടെ മഹാസമാധിയുടെ ശതാബ്ദി വര്‍ഷമാണിത്. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ഭൂപടത്തില്‍ ആഴത്തില്‍ അടയാളം തീര്‍ത്ത ചട്ടമ്പിസ്വാമികളും ഗുരുദേവനും നാടിന്റെ മാര്‍ഗദര്‍ശികളാണ്. വൈകുണ്ഠസ്വാമിയുടെ ത്യാഗോജ്വലമായ ജീവിതത്തോടും മലയാളിക്ക് ഏറെ കടപ്പാടുണ്ട്. ജാതി ഒന്ന്, മതം ഒന്ന് ,കുലം ഒന്ന് ,ദൈവം ഒന്ന് എന്ന ആശയത്തെ യാഥാര്‍ത്ഥ്യമാക്കാനാണ് സ്വാമികള്‍ സമത്വ സമാജം സ്ഥാപിച്ചത്.
ശ്രീനാരായണ ഗുരുദേവന്‍ സജീവമാക്കിയ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന ഉപനിഷത്ത് സന്ദേശം പ്രയോഗത്തില്‍ വരുത്തിയ ആചാര്യനാണ് ശുഭാനന്ദ ഗുരുദേവന്‍. സംഘടനകൊണ്ട് ശക്തരാകുക എന്ന ഗുരുവചനം അന്വര്‍ത്ഥമാക്കിയാണ് ആത്മബോധോദയസംഘത്തിന് തുടക്കം കുറിച്ചത്.
മധ്യകേരളത്തിലുടനീളം അദ്ദേഹം നടത്തിയ ഇതിഹാസ തുല്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശുഭാനന്ദ ഗുരുവിനൊടും മാനവസമൂഹം കടപ്പെട്ടിരിക്കുന്നു. മനുഷ്യാവകാശത്തിനു വേണ്ടിയിട്ടുള്ള പോരാട്ട ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനം കാഴ്ചവച്ച ഇത്തരം മഹാന്മാര്‍ പക്ഷെ ഇന്നത്തെ തലമുറക്ക് അന്യമാണ്. ഈ ഗുരുക്കന്മാര്‍ മുന്നോട്ടുവച്ച ജീവകാരുണ്യം, മാനവസൗഹൃദം, സ്വാതന്ത്ര്യം, ധര്‍മ്മബോധം, ഈശ്വരചിന്ത തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള മാര്‍ഗദര്‍ശനം ഏതുകാലത്തും പ്രസക്തമാണ്.
മാമലകള്‍ക്കപ്പുറത്ത് മരതക പട്ടുടുത്ത മലയാളമെന്ന പച്ചത്തുരുത്തായിരുന്നു പ്രവാസികള്‍ക്ക് കേരളം. എന്നാല്‍ ഇപ്പോള്‍ ഇവിടെ നിന്ന് രക്ഷപ്പെട്ട് ഏതെങ്കിലും വിദേശ രാജ്യത്ത് എത്തിപ്പെട്ടാല്‍ മതിയെന്ന ചിന്തയിലാണ് ഭൂരിപക്ഷം യുവതി യുവാക്കളും. വിദ്യാഭ്യാസ /തൊഴില്‍ കുടിയേറ്റം നടത്തി കേരളം വിടുന്നു മലയാളി. അതേ കാര്യത്തിന് കേരളത്തിലെത്തുന്ന ബംഗാളി. അവരുടെ കൂട്ടത്തിലെത്തുന്ന കൊലയാളി. ഭാവി കേരളത്തിന്റെ സ്ഥിതി അത്ര ശുഭകരമല്ലെന്ന സൂചനയാണ് ഈ പ്രവണത. ഇതിന് പുതിയ തലമുറയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒഴുക്കിനെ തടഞ്ഞാല്‍ ഒഴുകാന്‍ കഴിയുന്ന സ്ഥലത്തേക്ക് പ്രവഹിക്കുന്നത് വെള്ളത്തിന്റെ സ്വഭാവമാണ്. ഇതുപോലെ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ അതിനുള്ള സാഹചര്യമുള്ള ഇടത്തേക്ക് ജനങ്ങള്‍ പോവുക സ്വാഭാവികമാണ്. ഇതിന് കാരണക്കാരായവരെ പൊതുസമൂഹം തിരിച്ചറിയണം.
ഇത്തരം പ്രതിസന്ധികളെ എങ്ങനെ മറികടക്കാന്‍ കഴിയും എന്ന ചോദ്യത്തിന് ”വിദ്യകൊണ്ട് സ്വതന്ത്രരാകുക, സംഘടന കൊണ്ട് ശക്തരാകുക ‘ എന്ന ഉപദേശത്തെ പ്രയോഗത്തില്‍ വരുത്തുക എന്നത് മാത്രമാണ് മറുപടി . ഗുരുദേവന്‍ മുന്നോട്ട് വച്ചത് സേവനത്തിനും ആത്മബോധത്തിനും ഉതകുന്ന വിദ്യാഭ്യാസവും, ദുര്‍ബലരെ ശാക്തീകരിക്കുന്ന സംഘടനാ കാഴ്ചപ്പാടുമാണ്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സമൂഹമാണ് ഗുരുവിന്റെ സങ്കല്പത്തിലുള്ളത്. അതില്‍ നിന്നേറെ മാറി സഞ്ചരിച്ച് വിദ്യയെ വലിയ അഭ്യാസമാക്കി. സംഘടനകളെ വിലപേശാനും ഇഷ്ടമില്ലാത്തവരെ വെട്ടിനിരത്താനുമുള്ള വെറും കൂട്ടങ്ങളാക്കി. വളര്‍ന്ന് വരുന്ന തലമുറക്ക് ജീവിതം സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ചെടുത്തത് ഇങ്ങനെയാണ്. ഇതിനുള്ള പരിഹാര ചിന്തയാണ് നമ്മുടെ അജണ്ടയായി തീരേണ്ടത്. ശ്രീനാരായണ ഗുരുവിനെപ്പോലുള്ളൊരു യുഗപുരുഷന്റെ ജയന്തി ആഘോഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ക്ക് തീര്‍ച്ചയായും മുന്‍തൂക്കം കൊടുക്കണം.
Discussion about this post