കാശി: ഒരുമയുടെ വികാരം ഉണ്ടാകേണ്ടത് വ്യക്തികളുടെ മനസിലാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. ഒരുമിച്ചുചേരുന്നതിനുള്ള അവകാശം ഭരണഘടന നല്കിയിട്ടുണ്ട്. എന്നാല്‍ അത് ഒരു വികാരമായി പ്രതിഫലിക്കേണ്ടത് ഓരോരുത്തരുടെയും മനസിലാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് കാശി ദക്ഷിണ്‍ ഭാഗ് സംഘടിപ്പിച്ച രക്ഷാബന്ധന മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഖി ബന്ധിക്കുന്നതിലൂടെ സമാജരക്ഷയുടെ സന്ദേശമാണ് നല്കുന്നത്. പരസ്പരം രക്ഷിക്കുന്നതിന് ഐക്യഭാവം അനിവാര്യമാണ്. വിദ്യാഭ്യാസവും ബിരുദവുമൊന്നും ഐക്യത്തിന് തടസമാകരുത്. ഭാഷ, ജാതി, മതം, സാമ്പത്തികനിലവാരം, വിദ്യാഭ്യാസ നിലവാരം തുടങ്ങി എല്ലാ വിചാരങ്ങളെയും പിന്തള്ള നമ്മള്‍ ഒന്നാണ് എന്ന തോന്നല്‍ മാത്രം അവശേഷിക്കുന്നതാണ് ഏകതയുടെ ഭാവം, ഡോ. കൃഷ്ണഗോപാല്‍ പറഞ്ഞു.
ശക്തി ഉണര്‍ന്നപ്പോഴാണ് നമ്മള്‍ ജയിച്ചത്. ഗ്രീക്കുകാരെയും ശകന്മാരെയും ഹൂണന്മാരെയും പരാജയപ്പെടുത്തിയത് ഐക്യബോധം പകര്‍ന്ന ശക്തിയിലാണ്. നമ്മള്‍ ചിതറിയ ജനക്കൂട്ടമായപ്പോഴാണ് കൈയില്‍ ഒരു പിടി ധാന്യവുമായി വന്നവര്‍ പോലും ഈ സമൃദ്ധഭാരതത്തില്‍ വാഴ്ച നടത്തിയതെന്ന് മറക്കരുത്.
നമ്മുടെ പ്രവൃത്തിയും പെരുമാറ്റവും സനാതന ദര്‍ശനത്തിന് അനുസൃതമായിരിക്കണമെന്ന് രക്ഷാബന്ധന്‍ ഉത്സവത്തില്‍ ഓരോരുത്തരും പ്രതിജ്ഞയെടുക്കണം. ഹിന്ദു സമൂഹത്തിന്റെ കഴിഞ്ഞ 1000 വര്‍ഷത്തെ പോരാട്ടം നമ്മോട് പറയുന്നത്, ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍, ജനങ്ങള്‍ക്ക് രാഷ്ട്രത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും ബോധമുണ്ടായില്ലെങ്കില്‍ രാജ്യം ശിഥിലമായിപ്പോകുമെന്നതാണ്. അത് നമുക്ക് ഭൂതകാലം നല്കുന്ന പാഠമാണ്.
നമ്മുടെ രാജ്യത്ത് ഇല്ലാത്തത് ഒന്നുമുണ്ടായിരുന്നില്ല. നക്ഷത്രങ്ങള്‍ നോക്കി കാലത്തെയും നാഡി നോക്കി ആരോഗ്യത്തെയും നിര്‍ണയിച്ച നാടാണിത്. ക്ഷേത്രനിര്‍മ്മാണം, ഇരുമ്പ് സ്തംഭ നിര്‍മ്മാണം, വ്യാകരണം, തത്വശാസ്ത്രം, നീതി, ഗണിതശാസ്ത്രം, ബീജഗണിതം, ജ്യോതിശാസ്ത്രം, കപ്പല്‍ വ്യാപാരം, നളന്ദ-തക്ഷശില തുടങ്ങിയ സര്‍വകലാശാലകള്‍… പുരാതനഭാരതം ആത്മീയമായും സാമ്പത്തികമായും ലോകത്തിന്റെ നേതാവായിരുന്നു. എന്നാല്‍ ഐക്യമിത്തതുകൊണ്ടുമാത്രം ആയിരം വര്‍ഷം നമുക്ക് പൊരുതേണ്ടിവന്നു എന്നതാണ് ചരിത്രപാഠം.
1905ല്‍ ബംഗാളിനെ വിഭജിച്ചപ്പോള്‍ ഗംഗാതീരത്തൊത്തുചേര്‍ന്ന ജനങ്ങള്‍ രാഖി പരസ്പരം ബന്ധിച്ച് ആരംഭിച്ച ജനകീയമുന്നേറ്റത്തിന്റെ കരുത്തില്‍ ആറ് വര്‍ഷത്തിനുള്ളില്‍ ബ്രിട്ടന്‍ നിലപാട് തിരുത്തി. കൊല്‍ക്കത്തയില്‍ നിന്ന് ദല്‍ഹിയിലേക്ക് തലസ്ഥാനം മാറ്റാന്‍ അവരെ പ്രേരിപ്പിച്ചത് ഈ മുന്നേറ്റമാണ്, സഹസര്‍കാര്യവാഹ് പറഞ്ഞു.കാശി എല്ലാ സമ്പ്രദായങ്ങളുടെയും ഒത്തുചേരലിന്റെ ഇടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തീര്‍ത്ഥങ്കരന്‍, ശങ്കരാചാര്യര്‍, ശ്രീബുദ്ധന്‍, സന്ത് രവിദാസ്, സന്ത് കബീര്‍ തുടങ്ങിയ ഋഷിമാരുടെ ചിന്തകള്‍ ഈ മണ്ണിന്റെ ആത്മാവാണ്. എല്ലാത്തരം ആരാധനാ രീതികള്‍ക്കും ഇവിടെ ഇടമുണ്ട്. ഐക്യത്തിന്റെ ഈ സന്ദേശമാണ് രക്ഷാബന്ധനോത്സവം പകരുന്നത്, കൃഷ്ണഗോപാല്‍ ചൂണ്ടിക്കാട്ടി.സാരനാഥ് ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടിബറ്റന്‍ സ്റ്റഡീസ് വൈസ് ചാന്‍സലര്‍ പ്രൊഫ. വാങ്ചുക് ദോര്‍ജി നേഗി അദ്ധ്യക്ഷത വഹിച്ചു. കാശി വിഭാഗ് സംഘചാലക് പ്രൊഫ.ജെ.പി. ലാല്‍, കാശി ദക്ഷിണ്‍ഭാഗ് സംഘചാലക് അരുണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post