ജി സന്തോഷ്
(ബാലഗോകുലം ദക്ഷിണമേഖലാ ഉപാധ്യക്ഷനാണ് ലേഖകൻ)
ആയിരക്കണക്കിന് കണ്ണന്മാര്‍ ആനന്ദനൃത്തമാടുന്ന വിസ്മയകരമായ കാഴ്ചയാണ് ഇന്നു കേരളം കാണുന്നത്. നാട് വൃന്ദാവനമാകുന്ന സുദിനം, ശ്രീകൃഷ്ണജയന്തി. ജന്മാഷ്ടമി ആഘോഷിക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. കുട്ടികളുടെ ദിനമായിട്ടാണ് ശ്രീകൃഷ്ണജയന്തി കൊണ്ടാടപ്പെടുന്നത്. കുട്ടികള്‍ക്ക് മാതൃകയാക്കാവുന്ന വ്യക്തി പ്രഭാവമാണ് ശ്രീകൃഷ്ണന്റേത്. പൂജാമുറിയില്‍ മാത്രം ഇരിക്കേണ്ടയാളല്ല പ്രായഭേദമെന്യേ എല്ലാവര്‍ക്കും കൂടെ കൂട്ടാവുന്ന ആളാണ് ശ്രീകൃഷ്ണന്‍. കാരാഗൃഹത്തില്‍ ജനിച്ച് വേടന്റെ അമ്പിനാല്‍ ജീവിതയാത്ര അവസാനിക്കുന്നതുവരെ കര്‍മ്മനിരതനായ കണ്ണന്‍. എല്ലാ പ്രതിസന്ധങ്ങളെയും വെല്ലുവിളികളെയും പുഞ്ചിരിച്ചുകൊണ്ട് നേരിട്ടു. കരയാനുളളതല്ല ജീവിതം ജീവിച്ചുതീര്‍ക്കാനുളളതാണെന്ന് കൃഷ്ണജന്മം നമ്മെ പഠിപ്പിക്കുന്നു.
ആലസ്യം, ഭീരുത്വം ഇവ രണ്ടും കണ്ണന്റെ നിഘണ്ടുവില്‍ ഇല്ലായിരുന്നു. ആനന്ദവും ഉത്സാഹവും സദാ കണ്ണനില്‍ കാണാമായിരുന്നു. എന്തുകൊണ്ടും ശ്രീകൃഷ്ണന്റെ ജീവിതം ഇന്നത്തെ കുട്ടികള്‍ മാതൃകയാക്കേണ്ടതാണ്. പ്രതിസന്ധികളെ അതിജീവിക്കാന്‍ ശ്രീകൃഷ്ണനെ അടുത്തറിഞ്ഞാന്‍ മതി. അതുകൊണ്ട് ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ണനാകണം. കുട്ടികളെ കണ്ണന്മാരാക്കാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് ഇന്നത്തെ മാതാപിതാക്കള്‍.
കണ്ണന്‍ കഴിഞ്ഞ ഇടങ്ങളെല്ലാം സന്തോഷവും സമൃദ്ധിയും സ്‌നേഹവും നിറഞ്ഞയിടങ്ങള്‍ ആയിരുന്നു. മണ്ണിനോടൊപ്പം മരങ്ങളോടൊപ്പം ഗോക്കളോടൊപ്പം കണ്ണനുണ്ടായിരുന്നു. മണ്ണുവാരിത്തിന്ന കണ്ണന്‍ എന്നത് പ്രസിദ്ധമാണല്ലോ. മണ്ണിനെയും മരങ്ങളെയും അവഗണിച്ച്, വെട്ടിപ്പിടിക്കാനുളള ത്വരയില്‍ പ്രകൃതിയെ ഇല്ലായ്മ ചെയ്യുമ്പോള്‍ പ്രകൃതിയുടെ തിരിച്ചടിയും നാം അനുഭവിക്കുന്നു. ഈ വര്‍ഷത്തെ ശ്രീകൃഷ്ണജയന്തി സന്ദേശം തന്നെ ”പുണ്യമീ മണ്ണ,് പവിത്രമീ ജന്മം” എന്നാണല്ലോ. പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യത വിളിച്ചോതുന്നതാണ് ഈ സന്ദേശം എന്നു പ്രത്യേകം പറയേണ്ടല്ലോ. ശ്രീകൃഷ്ണന്റെ ജീവിതത്തില്‍ ഉടനീളം പരിസ്ഥിതി സ്‌നേഹം കാണാം. മലിനമാകാത്ത ജലം, ജീവനുളള മണ്ണ്, മാലിന്യമില്ലാത്ത പൊതുസ്ഥലം എന്നിവ ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്നു. മണ്ണിനെ മലിനമാക്കാതെ നിലനിറുത്തേണ്ടത് മാനവ ധര്‍മ്മമാണ്. നമ്മുടെ നിലനില്പുതന്നെ മണ്ണിനെ ആശ്രയിച്ചാണ്. മണ്ണാണ് ജീവന്‍. ഇന്നത്തെ ബാല്യം മണ്ണില്‍ നിന്നും അകലുന്നു. അല്ലെങ്കില്‍ അവരെ അകറ്റുന്നു. അതിനാല്‍ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശത്തിന് കാലിക പ്രസക്തി ഏറെയാണ്.
പരിസ്ഥിതിവാദിയും രാഷ്‌ട്ര വാദിയുമായിരുന്നു ശ്രീകൃഷ്ണന്‍. കേരളത്തില്‍ പാരമ്പര്യത്തെയും പൂര്‍വ്വീകരെയും പരിഹസിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന പ്രവണത കൂടുതലാണ്. ഭഗവദ്ഗീതയും രാമായണവും പാഠ്യവിഷയമാക്കണം എന്നു പറയുമ്പോള്‍ കപട മതേതരത്വത്തിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടുന്ന നാടായി കേരളം മാറുന്നു. സന്ധ്യാസമയത്തെ നാമജപം പോലും അപരിഷ്‌കൃതമായി ചിത്രീകരിക്കപ്പെടുന്നു.
ദേശസ്‌നേഹത്തിന്റെ അഭാവംകൊണ്ട് ദേശദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വരുടെ എണ്ണത്തിലും കേരളം ദേശീയതലത്തില്‍ മുന്നിലാണ്. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും പിന്‍തലമുറക്കാര്‍ ആണെന്നുളള തിരിച്ചറിവ് ഇന്നത്തെ കേരളീയ സമൂഹത്തിന് ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനുളള അവസരമായി ഈ ശ്രീകൃഷ്ണജയന്തിയെ കാണണം. ദേശീയമായതിനെ വര്‍ഗീയമെന്നു വിശേഷിപ്പിക്കാന്‍ ഇവിടെ പലരും മടി
കാണിക്കാറില്ല. വര്‍ഗീയതയെന്ന പദം ദേശീയതക്കെതിരെ പ്രയോഗിക്കുന്ന ആയുധമായി പലരും കേരളത്തില്‍ എടുത്തുപയോഗിക്കുന്നുമുണ്ട്.
വളര്‍ന്നുവരുന്ന തലമുറ പാരമ്പര്യവും, ദേശീയതയും അറിഞ്ഞു വളരേണ്ടതുണ്ട്. ഇതിനായി ബാലഗോകുലം ശ്രീകൃഷ്ണനെ മാതൃകാപുരുഷനായി കുട്ടികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നു. സാംസ്‌ക്കാരിക കേരളത്തിന് മഹത്തായ സംഭാവനകള്‍ നല്കുന്ന ബാലഗോകുലം എല്ലാ സ്ഥലങ്ങളിലും രൂപീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു. ശോഭായാത്ര നടക്കുന്ന സ്ഥലങ്ങളിലെല്ലാം ഗോകുലങ്ങള്‍, എല്ലാ കുട്ടികളും ഗോകുലാഗംങ്ങള്‍. എല്ലാ സ്ഥലങ്ങളും ഗോകുല ഗ്രാമങ്ങളായി മാറണം. വഴിമാറി സഞ്ചരിക്കുന്ന ഇന്നത്തെ കാലത്ത് വഴിയറിയാതെ നമ്മുടെ കുട്ടികള്‍ അലയരുത്. ചില വീണ്ടെടുപ്പുകള്‍ ഉണ്ടാകണം. നന്മയുടെ, ധര്‍മ്മബോധത്തിന്റെ ദേശീയതയുടെ കാവലാളുകളായി വരും തലമുറ വളര്‍ന്നുവരണം. ഭാവിയെ കുറിച്ചു ആശങ്കവേണ്ട. ശ്രീകൃഷ്ണന്‍ എന്ന ആദര്‍ശത്തെ മുന്‍നിര്‍ത്തി സാംസ്‌ക്കാരിക വികാസവും വളര്‍ച്ചയും വ്യക്തികളില്‍ നടക്കണം. ശ്രേഷ്ഠമായ ജീവിത്തില്‍ കൂടി നരനില്‍ നിന്നും നാരായണനിലേയ്‌ക്കുളള ഉയര്‍ച്ച നമ്മുക്ക് ദര്‍ശിക്കാം. ”പുണ്യമീ മണ്ണ്, പവിത്രമീ ജന്മം” ന്ന സന്ദേശം സ്വജീവിതത്തില്‍ സാക്ഷാത്കരിക്കാന്‍ നമുക്കേവര്‍ക്കും സാധിക്കട്ടെ. ഐക്യമനോഭാവവും സ്‌നേഹവും അതിലുപരി ആത്മാഭിമാനവും നമ്മിലുണരട്ടെ. ഹരേകൃഷ്ണ മന്ത്രം ചൊല്ലി തെരുവീഥികളെ ശ്രീകൃഷ്ണാനുഭൂതിയില്‍ ലയിപ്പിക്കുവാന്‍, ഭക്തിയും ശ്രദ്ധയും ഉണരുവാന്‍ ഓരോ ശ്രീകൃഷ്ണജയന്തി ശോഭായാത്രയും വഴിയൊരുക്കട്ടെ.
Discussion about this post