തൃശ്ശൂര്‍: വേലായുധന്‍ പണിക്കശ്ശേരി എന്നും ദേശീയതയോടൊപ്പം നടന്ന സഞ്ചാരിയാണെന്ന് ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ അനുസ്മരിച്ചു. മലയാള സാഹിത്യത്തിനും സഞ്ചാരസാഹിത്യത്തിനും നിരവധി ചരിത്രഗ്രന്ഥങ്ങള്‍ സംഭാവന ചെയ്ത മഹാപുരുഷനാണ് അദ്ദേഹം.
ഈയിടെ അദ്ദേഹത്തിന്റെ നവതിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാനും സാഹിത്യ, സാമൂഹ്യരംഗത്തെ പ്രവര്‍ത്തികളെ കൂടുതല്‍ അടുത്തറിയാനും സാധിച്ചിരുന്നു. 67ല്‍ ഭാരതീയ ജനസംഘത്തിന്റെ ദേശീയ സമ്മേളനം കോഴിക്കോട് നടക്കുമ്പോള്‍ വേലായുധന്‍ പണിക്കശ്ശേരി കോഴിക്കോട് സന്ദര്‍ശിക്കുകയും ദീന്‍ദയാല്‍ജിയെ നേരിട്ട് കാണുകയും ചെയ്തു. ഒരു ചരിത്ര വിദ്യാര്‍ത്ഥി എന്ന നിലയില്‍ ദീന്‍ദയാല്‍ജി അദ്ദേഹത്തെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചതായി അദ്ദേഹം പറയുകയുണ്ടായി.
ദീന്‍ദയാല്‍ജിയുടെ ആശയങ്ങളെ അന്നുമുതല്‍ പിന്തുടരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഏങ്ങണ്ടിയൂര്‍ വിദ്യാനികേതന്റെ വിദ്യാലയം തുടങ്ങണമെന്ന് വിചാരിച്ചപ്പോള്‍ തന്നെ ദീന്‍ദായാല്‍ജിയുടെ പേരില്‍ അവിടെ ട്രസ്റ്റ് രൂപീകരിക്കുകയും അതിന്റെ അധ്യക്ഷനായും രക്ഷാധികാരിയായും പ്രവര്‍ത്തിക്കുകയും ചെയ്തു. ആ സ്‌കൂളിന്റെ ഓഡിറ്റോറിയത്തില്‍ അദ്ദേഹത്തിന്റെ നവതി ആഘോഷം ഗംഭീരമായിട്ടാണ് ഗവര്‍ണറുടെ സാന്നിധ്യത്തില്‍ നടന്നത്. നാട്ടിക ഫര്‍ക്കയിലെ സാമൂഹിക, രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ എന്നും സജീവമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കര്‍മമണ്ഡലം സാഹിത്യവുമായി ബന്ധപ്പെട്ട മേഖലയായിരുന്നു.
ആനുകാലികങ്ങളില്‍ തുടര്‍ച്ചയായി എഴുതിക്കൊണ്ടിരുന്ന വ്യക്തിയാണ് അദ്ദേഹം. ചില പുസ്തകങ്ങള്‍ കേരളത്തിനകത്തും പുറത്തും പഠനവിഷയങ്ങളായി അംഗീകരിച്ചിട്ടുണ്ട്. 90 വയസ് കഴിഞ്ഞായിരുന്നു മരണമെങ്കിലും നാട്ടിക മേഖലയ്‌ക്ക് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
Discussion about this post