തിരുവനന്തപുരം: ധൃതിയിലും ചര്‍ച്ച കൂടാതെയും പരിഷ്‌കരിച്ച സ്‌കൂള്‍ ശാസ്‌ത്രോത്സവ മാന്വല്‍ ഈ വര്‍ഷം നടപ്പിലാക്കരുതെന്ന് എന്‍ടിയു ആവശ്യപ്പെട്ടു.
സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ മാന്വല്‍ പരിഷ്‌കരിക്കുമെന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീടിത് സംബന്ധിച്ച് എന്തെങ്കിലും ചര്‍ച്ചകള്‍ നടന്നതായി അറിവില്ല. മേളകള്‍ സംബന്ധിച്ച് മാന്വല്‍ പരിഷ്‌കരിക്കുമ്പോള്‍ തീരുമാനം സര്‍ക്കാരിന്റേതാണെങ്കിലും ക്യുഐപി യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും ശിപാര്‍ശയായി സര്‍ക്കാരിലേക്ക് പോകുകയുമാണ് പതിവ്. ഈ കാര്യത്തില്‍ അതുണ്ടായിട്ടില്ല.
നിലവിലുള്ള മാന്വല്‍ പ്രകാരം വിദ്യാലയങ്ങള്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുകയും സ്‌കൂള്‍തല മത്സരങ്ങള്‍ പൂര്‍ത്തിയാക്കുകയും ഉപജില്ലാ മത്സരങ്ങള്‍ക്ക് തയാറെടുത്തിരിക്കുകയുമാണ്. അത്തരം സന്ദര്‍ഭത്തിലാണ് ചില ഇനങ്ങള്‍ ഒഴിവാക്കിയും ചിലത് കൂട്ടിച്ചേര്‍ത്തും മാന്വല്‍ ഏകപക്ഷീയമായി പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. പുതിയതായി ഉള്‍പ്പെടുത്തിയ ഇനങ്ങളില്‍ പരിശീലനത്തിന് മതിയായ സമയവും കൂട്ടികള്‍ക്ക് ലഭിക്കില്ല. ഈ സംഗതികളൊക്കെ പരിഗണിച്ച് നിലവിലുള്ള മാന്വല്‍ പ്രകാരം ഈ വര്‍ഷത്തെ ശാസ്‌ത്രോത്സവം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തയാറാകണമെന്നും എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ ആവശ്യപ്പെട്ടു.
Discussion about this post