ന്യൂദല്‍ഹി: ദല്‍ഹി സദര്‍ ബസാറിലെ ഷാഹി ഈദ്ഗാഹ് പാര്‍ക്കില്‍ ഝാന്‍സി റാണിയുടെ പ്രതിമ സ്ഥാപിക്കുന്നതിനെതിരായ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. ഈദ്ഗാഹിന്റെ പരിധിയിലുള്ള ഭൂമി പള്ളിയുടേതാണെന്ന് അവകാശപ്പെട്ട് ഷാഹി ഈദ്ഗാഹ് മാനേജിങ് കമ്മിറ്റിയാണ് ഹര്‍ജി നല്കിയത്. ഈദ്ഗാഹിന് ചുറ്റുമുള്ള പാര്‍ക്കും തുറന്ന മൈതാനവും ഉള്‍പ്പെടെ മുഴുവന്‍ വസ്തുവകകളും ഷാഹി ഈദ്ഗാഹ് മസ്ജിദിന്റെ അധികാരപരിധിയില്‍ വരുന്നതാണെന്നും ദല്‍ഹി വഖഫ് ബോര്‍ഡ് (ഡിഡബ്ല്യുബി) ആണ് ഇത് കൈകാര്യം ചെയ്യുന്നതെന്നും വാദിച്ചാണ് പ്രതിമ സ്ഥാപിക്കുന്നതിനെ ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്. എന്നാല്‍ ഈ അവകാശവാദങ്ങള്‍ ജസ്റ്റിസ് ധര്‍മേഷ് ശര്‍മയുടെ സിംഗിള്‍ ബെഞ്ച് തള്ളി.
പാര്‍ക്കുള്‍പ്പെടെ ഷാഹി ഈദ്ഗായുടെ ചുറ്റുമുള്ള മുഴുവന്‍ സ്വത്തും ഡിഡബ്ല്യുബിയുടേതാണെന്ന വാദം തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭൂമി ദല്‍ഹി ഡെവലപ്മെന്റ് അതോറിറ്റിയുടെ (ഡിഡിഎ) അധികാരപരിധിക്ക് കീഴിലാണ്. ഡിഡിഎയുടെ ഹോര്‍ട്ടികള്‍ച്ചറല്‍ ഡിവിഷന്‍ ആണ് പാര്‍ക്ക് പരിപാലിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഈദ്ഗാഹിന്റെ അധികാരപരിധി മുഴുവന്‍ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കം വസ്തുതകള്‍ക്കെതിരാണ്. ആ വാദങ്ങള്‍ നിയമപരമായും നിലനില്‍ക്കുന്നില്ലെന്ന് കോടതി പറഞ്ഞു.
പ്രതിമ സ്ഥാപിക്കുന്നത് ഈദ്ഗാഹിലെ മതപരമായ ആചാരങ്ങളെ തടസപ്പെടുത്തുമെന്ന ഹര്‍ജിക്കാരുടെ ആശങ്കയില്‍ കഴമ്പില്ല. വസ്തുവില്‍ പള്ളിക്ക് ഒരു അവകാശവുമില്ല. ഡിഡിഎയുടെ പാര്‍ക്കുകളുടെ മാനേജ്മെന്റിനെ എതിര്‍ക്കാനോ പ്രതിമ സ്ഥാപിക്കുന്നത് തടയാനോ ഹര്‍ജിക്കാരന് നിയമപരമോ മൗലികമോ ആയ അവകാശമില്ലെന്നും ജസ്റ്റിസ് ധര്‍മേഷ് ശര്‍മ്മ പറഞ്ഞു.
Discussion about this post