അക്ബറുമായി ഏറ്റുമുട്ടിയ മഹാറാണ പ്രതാപിന്റെ കഥ എല്ലാവർക്കും അറിയാം. എന്നാൽ അക്ബറിന്റെ മുഗൾ സൈന്യത്തോട് പൊരുതിയ ഗോണ്ട്വാനയിലെ രാജ്ഞിയായിരുന്ന റാണി ദുർഗാവതിയുടെ കഥ പലർക്കുമറിയാൻ സാധ്യതയില്ല.
ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലെ ചന്ദേല രാജാവായിരുന്ന കീരാത്റായിയുടെ മകളായി 1524 ഒക്ടോബർ 5ന് റാണി ദുർഗാവതി ജനിച്ചു. 1542ൽ, തന്റെ പതിനെട്ടാമത്തെ വയസ്സിൽ ഗോണ്ട്വാനയിലെ രാജാവായിരുന്ന ദൽപത്ത് ഷായെ വിവാഹം ചെയ്തു. ഗർഹ മണ്ഡ്ല ഭരിച്ചിരുന്ന സംഗ്രാം ഷായുടെ മൂത്ത പുത്രനായിരുന്നു ദൽപത്ത് ഷാ. റാണി ദുർഗാവതിയുടെ കല്യാണത്തിന് ശേഷം ഗോണ്ട്വാന കീഴടക്കാൻ വന്നിരുന്ന ഷേർ ഷായെ തോൽപ്പിക്കാൻ ഇരുസൈന്യങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ സാധിച്ചു. മുഗളന്മാരുമായുള്ള അവസാനയുദ്ധമല്ല അതെന്ന് ദുർഗാവതിയ്‌ക്ക് മനസിലായി.
1545ൽ ഇവർക്ക് ഒരു ആൺകുട്ടി ജനിക്കുകയും വീർ നാരായൺ എന്ന പേര് നൽകുകയും ചെയ്തു. മകന്റെ ജനനത്തിന് 5 വർഷത്തിന് ശേഷം ദൽപത്ത് ഷാ മരണത്തിന് കീഴടങ്ങുകയും ദുർഗാവതി ഭരണകാര്യങ്ങൾ നോക്കി നടത്താൻ തുടങ്ങുകയും ചെയ്തു.
ഒരു സ്ത്രീയുടെ കീഴിൽ രാജ്യം വളരുന്നതും ശത്രുരാജ്യങ്ങളോട് പൊരുതുന്നതും എല്ലാവരെയും അതിശയിപ്പിച്ചു. ജബല്പൂറിന് സമീപം റാണിറ്റൽ ജലസംഭരണി നിർമ്മിച്ചതും റാണി ദുർഗാവതി ആണ്.
റാണിയുമായി ബന്ധപ്പെട്ട മറ്റൊരു കഥയും നിലനിൽക്കുന്നുണ്ട്. ഗർഹ മണ്ഡ്ലയിൽ ഒരിക്കൽ ഒരു സിംഹമുണ്ടായിരുന്നു. വളരെ അപകടകാരിയായ സിംഹത്തെ വേട്ടയാടി കൊല്ലുവാൻ സൈന്യത്തിലെ ആർക്കും തന്നെ സാധിച്ചിരുന്നില്ല. എന്നാൽ റാണി ദുർഗാവതി സിംഹത്തെ പിന്തുടരുകയും കൊല്ലുകയുമായിരുന്ന.
ദുർഗാവതിയുടെ ഭരണകാലത്ത് ചൗരഗാർഹിൽ നിന്ന് സിംഗോർഗാർഹിലേക്ക് രാജ്യത്തിന്റെ തലസ്ഥാനം മാറ്റുകയും ചെയ്തു.
1556ൽ മൽവായിലെ സുൽത്താൻ ആയിരുന്ന ബാസ് ബഹദൂർ റാണി ദുർഗാവതിയുടെ രാജ്യം ആക്രമിക്കാൻ ശ്രമിച്ചെങ്കിലും റാണി ദുർഗാവതിയുടെ സൈന്യത്തിന് മുന്നിൽ അവർക്ക് പിടിച്ചുനിൽക്കാൻ സാധിച്ചില്ല.
1562ൽ ബാസ് ബഹദൂറിനെ അക്ബർ പരാജയപ്പെടുത്തുകയും മൽവ പ്രദേശത്തെ മുഗൾ സാമ്രാജ്യത്തിന് കീഴിലാക്കുകയും ചെയ്തു. അതേ സമയം തന്നെ മുഗൾ സാമ്രാജ്യത്തിലെ അസാഫ് ഖാൻ റെവ പ്രദേശത്തെ കീഴടക്കി. മുഗൾ സാമ്രാജ്യത്തിന് കീഴിലുള്ള മൽവ, റെവ എന്നീ പ്രദേശങ്ങൾ ഗർഹ മണ്ഡ്ലയുടെ സമീപ പ്രദേശങ്ങൾ ആയതിനാൽ എപ്പോൾ വേണമെങ്കിലും ഒരു അക്രമം ഗർഹ മണ്ഡ്ല പ്രതീക്ഷിച്ചിരുന്നു.
1564ൽ അസാഫ് ഖാന്റെ നേതൃത്വത്തിലുള്ള സൈന്യം ഗർഹ മണ്ഡ്ലയെ ആക്രമിച്ചു. ഏതുനിമിഷവും അക്രമം പ്രതീക്ഷിച്ചിരുന്നതിനാൽ സൈന്യത്തോട് നർമ്മദ നദിയ്‌ക്ക് സമീപമുള്ള താഴ് വരയിലേക്ക് നീങ്ങുവാൻ റാണി നിർദ്ദേശം നൽകി. ഏറ്റുമുട്ടലിനിടയിൽ ഗർഹ മണ്ഡ്ലയുടെ സൈന്യാധിപൻ മരണപ്പെടുകയും സൈന്യത്തിന്റെ നേതൃത്വം റാണി ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് മുഗൾ സൈന്യത്തെ തന്റെ ഭരണപ്രദേശത്ത് നിന്നും തുരത്തിയോടിക്കാൻ റാണിയുടെ കീഴിലുള്ള സൈന്യത്തിന് സാധിച്ചു. എന്നാൽ ശത്രുസൈന്യം പിറ്റേ ദിവസവും യുദ്ധം തുടർന്നു. റാണിയുടെ മകൻ വീർ നാരായണനും യുദ്ധത്തിൽ പങ്കാളിയായി.
മുഗൾ സൈന്യത്തെ കീഴ്പ്പെടുത്താൻ തങ്ങളാലാവും വിധം ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ യുദ്ധത്തിനിടയിൽ ദുർഗാവതിയുടെ കഴുത്തിലും ചെവിയിലും ഓരോ അമ്പുകൾ പതിച്ചു. റാണി ക്ഷീണിതയായി. മുഗൾ സൈന്യത്തിന് പിടികൊടുക്കാൻ താല്പര്യം ഇല്ലാതിരുന്ന റാണി ദുർഗാവതി തന്റെ മന്ത്രിയായിരുന്ന അധർ സിങിനോട് തന്നെ കൊല്ലണമെന്ന് പറഞ്ഞു. എന്നാൽ റാണിയോടുള്ള ബഹുമാനത്തിനാൽ റാണിയെ കൊല്ലാൻ അദ്ദേഹത്തിന് മനസ് വന്നില്ല. തുടർന്ന് റാണി കയ്യിൽ കിട്ടിയ കത്തി ഉപയോഗിച്ച് വയറിൽ കുത്തിയിറക്കി സ്വയം മരണം വരിച്ചു. 1564 ജൂൺ 24നാണ് ഇത്തരത്തിൽ ഒരു സംഭവം നടക്കുന്നത്. റാണിയുടെ മകനായ വീർ നാരായണനും യുദ്ധത്തിൽ മരണപ്പെട്ടു.
റാണിയുടെ സാമ്രാജ്യം മുഗൾ ഭരണത്തിന് കീഴിൽ ആയെങ്കിലും മുഗൾ സൈന്യത്തോട് പൊരുതിയ റാണിയുടെ ധൈര്യവും നേതൃത്വ മനോഭാവവും എന്നും ഭാരതീയ സ്ത്രീകൾക്ക് പ്രചോദനം തന്നെയായിരിക്കും.
Discussion about this post